കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തന്റെ അധികാരം ഉപയോഗിച്ച് തെരഞ്ഞെടുപ്പ് പ്രക്രിയയെ സ്വാധീനിക്കാന്‍ ശ്രമിച്ചു എന്ന അത്യന്തം ഗുരുതരവും ദുരുപദിഷ്ടവുമായ ആരോപണം ഉന്നയിച്ച കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് ഇരുപത്തിനാല് മണിക്കൂറിനകം ആരോപണം വിഴുങ്ങിയിരിക്കുകയാണ്. വോട്ടെടുപ്പ് കഴിഞ്ഞതോടെ അമിത് ഷാ ജില്ലാ മജിസ്ട്രേറ്റു കൂടിയായ കളക്ടര്‍മാരെ വിളിച്ചുകൊണ്ടിരിക്കുകയാണെന്നും, ഇതുവരെ 150 പേരെ വിളിച്ചു കഴിഞ്ഞുവെന്നുമാണ് ജയറാം രമേശ് പറഞ്ഞത്. നിശ്ചിത സമയത്തിനകം തെളിവു ഹാജരാക്കണമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് ജയറാം രമേശിനോട് ആവശ്യപ്പെട്ടിരുന്നു. അല്ലാത്തപക്ഷം ആരോപണം കളവാണെന്നു കണ്ട് തള്ളിക്കളയുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന് പറഞ്ഞിരുന്നു. എന്നാല്‍ വിശദീകരണം നല്കാന് ഒരാഴ്ച സമയം വേണമെന്ന് ജയറാം രമേശ് ആവശ്യപ്പെട്ടത് കമ്മീഷന് നിരസിച്ചു. ഇതോടെ വസ്തുതാവിരുദ്ധമായ ആരോപണമുന്നയിച്ച കോണ്‍ഗ്രസ് നേതാവിനെതിരെ നടപടിക്കുള്ള സാധ്യതയേറിയിരിക്കുകയാണ്. ഒരാഴ്ചത്തെ സമയം ചോദിച്ചതിന്റെ പിന്നിലെ ഉദ്ദേശ്യം വ്യക്തമാണല്ലോ. ഇന്ന് തെരഞ്ഞെടുപ്പ് ഫലം പുറത്തുവരും. ഫലം ‘ഇന്‍ഡി’ മുന്നണിക്ക് അനുകൂലമാണെങ്കില്‍ പിന്നെ പ്രശ്നമില്ലല്ലോ. അധികാരത്തിന്റെ സംരക്ഷണം ലഭിക്കും. മോദി സര്‍ക്കാര്‍ തന്നെയാണ് വരുന്നതെങ്കില്‍ നിരുപാധികം മാപ്പു പറഞ്ഞ് രക്ഷപ്പെടാം. ജയറാം രമേശിന്റെ നേതാവ് രാഹുല്‍ പല കേസുകളിലും ചെയ്യുന്ന രീതിയും ഇതാണല്ലോ. റഫാല്‍ വിമാന കരാറില്‍ അഴിമതിയാരോപണമുന്നയിച്ച രാഹുലിന് സുപ്രീംകോടതിയില്‍ മാപ്പുപറയേണ്ടി വന്നത് ആരും മറന്നിട്ടുണ്ടാവില്ല.
തെരഞ്ഞെടുപ്പു ഫലം അട്ടിമറിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ് എന്നാണല്ലോ ജയറാം രമേശ് പറഞ്ഞതിന്റെ അര്‍ത്ഥം. അമിത് ഷാ ഇതിനായി കളക്ടര്‍മാരെ വിളിച്ചുകൊണ്ടിരിക്കുകയാണന്നു പറയുമ്പോള്‍ അതിന്റെ തെളിവ് ലഭിച്ചിട്ടുണ്ടാവുമല്ലോ. പിന്നെ എന്തിനാണ് അത് തെരഞ്ഞെടുപ്പ് കമ്മീഷനു മുന്പില് ഹാജരാക്കാന്‍ ഒരാഴ്ചത്തെ സമയം ചോദിക്കുന്നത്? അപ്പോള്‍ ജയറാം രമേശ് പറയുന്നതുപോലെ ഒന്നും നടന്നിട്ടില്ലെന്നര്‍ത്ഥം. തെരഞ്ഞെടുപ്പ് സംവിധാനത്തിന്റെ വിശ്വാസ്യത നശിപ്പിക്കാനും, നരേന്ദ്ര മോദി സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താനും, കോണ്‍ഗ്രസിന്റെ ദയനീയമായ പരാജയത്തില്‍ മുഖം രക്ഷിക്കാനുമാണ് പാര്‍ട്ടിയുടെ മുഖ്യവക്താവു കൂടിയായ നേതാവ് ഇങ്ങനെ പറഞ്ഞതെന്ന് കരുതേണ്ടിയിരിക്കുന്നു. കോണ്‍ഗ്രസ്സിന്റെ ഏതെങ്കിലുമൊരു നേതാവു മാത്രമല്ല ഇത്തരം ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുള്ളത്. രണ്ട് മാസക്കാലത്തോളം നീണ്ട തെരഞ്ഞെടുപ്പ് പ്രചാരണകാലത്ത് രാഹുലും പ്രിയങ്കയും അടക്കമുള്ള കോണ്‍ഗ്രസ്സിന്റെ പല നേതാക്കളും, ഇന്‍ഡി മുന്നണിയില്പ്പെടുന്നതും പുറത്തുള്ളതുമായ പ്രതിപക്ഷ നേതാക്കളും ഇതുപോലുള്ള ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ടിരുന്നു. ഇലക്ട്രോണിക് വോട്ടിങ് മെഷീന് ഉപയോഗിച്ചുള്ള വോട്ടെടുപ്പിന് വിശ്വാസ്യതയില്ലെന്നും, ഇവിഎമ്മില്‍ കൃത്രിമം കാണിച്ച് തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കാനാവുമെന്നും, 2014 ലും 2019 ലും ബിജെപിക്ക് അധികാരം ലഭിച്ചത് ഇങ്ങനെയാണെന്നുമൊക്കെയുള്ള അപവാദ പ്രചാരണമാണ് കോണ്‍ഗ്രസും മറ്റു നേതാക്കളും നടത്തിക്കൊണ്ടിരിക്കുന്നത്. സൂപ്രീംകോടതി പോലും തള്ളിക്കളഞ്ഞ ഈ ആരോപണം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ഈ പാര്‍ട്ടികള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുകയായിരുന്നു.
രാജ്യത്ത് ഇവിഎം ഉപയോഗിച്ച വോട്ടെടുപ്പ് നടത്താന്‍ തുടങ്ങിയിട്ട് പതിറ്റാണ്ടുകളായി. 2004 ലും 2019 ലും കോണ്‍ഗ്രസിന് കേന്ദ്രത്തില്‍ അധികാരം ലഭിച്ചത് ഇങ്ങനെയാണ്. കോണ്‍ഗ്രസിന് അധികാരം ലഭിച്ച നിരവധി നിയമസഭാ തെരഞ്ഞെടുപ്പുകളിലും ഉപയോഗിച്ചത് ഇവിഎമ്മുകളാണ്. അന്നൊന്നുമില്ലാതിരുന്ന പരാതികളാണ് തങ്ങള്‍ക്ക് അധികാരം ലഭിക്കാതായപ്പോള്‍ കോണ്‍ഗ്രസ്സും പ്രതിപക്ഷ പാര്‍ട്ടികളും ഉന്നയിക്കുന്നത്. കോണ്‍ഗ്രസ് ജയിച്ചാല്‍ ഇവിഎം സ്വീകാര്യം, ബിജെപി ജയിച്ചാല്‍ അസ്വീകാര്യം എന്നത് സമാന്യബോധമുള്ള ആര്‍ക്കെങ്കിലും അംഗീകരിക്കാനാവുമോ? മോദി സര്‍ക്കാരിന് അധികാരത്തില്‍ മൂന്നാമൂഴം ലഭിക്കുമെന്നും, അത് ജനങ്ങളുടെ അംഗീകാരം കൊണ്ടല്ലെന്നും വരുത്തിത്തീര്‍ക്കാനുള്ള കുതന്ത്രമാണ് കോണ്‍ഗ്രസ്സും കൂട്ടാളികളും പയറ്റുന്നത്. ഇവിഎമ്മില്‍ കൃത്രിമം കാണിച്ചില്ലെങ്കില്‍ ബിജെപിക്ക് 150 സീറ്റില്‍ കൂടുതല്‍ ലഭിക്കില്ലെന്നാണ് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഒരു യോഗത്തില്‍ പറഞ്ഞത്. ഇതിന്റെ ഭാഗമാണ് എക്സിറ്റ് പോള്‍ ഫലങ്ങളെ തള്ളിപ്പറയുന്ന രീതിയും. എക്സിറ്റ് പോള്‍ ചര്‍ച്ചയില്‍ പങ്കെടുക്കില്ലെന്നു പറഞ്ഞ കോണ്‍ഗ്രസിന് അത് പരാജയം സമ്മതിക്കലാണെന്ന് പിന്നീട് തിരിച്ചറിവുണ്ടായപ്പോള്‍ മാറ്റിപ്പറയേണ്ടി വന്നു. എക്സിറ്റ് പോള്‍ മോദിയുടെ ഗൂഢാലോചനയാണെന്നു പറയുന്നത് എത്രമാത്രം യുക്തിഹീനമാണെന്ന് ആര്‍ക്കും ഊഹിക്കാവുന്നതേയുള്ളൂ. എക്സിറ്റ് പോളുകളില്‍ കൃത്രിമം കാണിച്ച് ആരെ സ്വാധീനിക്കാനാണ്? തെരഞ്ഞെടുപ്പുകളില്‍ പരാജയപ്പെടുന്നതിന്റെ പ്രതികാരം തീര്‍ക്കാന്‍ ഭാരതത്തിന്റെ ജനാധിപത്യ സംവിധാനത്തെ ലോകത്തിനു മുന്നില്‍ ഇകഴ്ത്തിക്കാണിക്കുന്നത് ഒരുവിധത്തിലും അംഗീകരിക്കാനാവില്ല. ഇക്കൂട്ടരെ ജനങ്ങള്‍ ഇനിയും ശിക്ഷിച്ചുകൊണ്ടിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: