ന്യൂദല്‍ഹി: മദ്യനയ അഴിമതിക്കേസില്‍ സുപ്രീം കോടതി അനുവദിച്ച ഇടക്കാലജാമ്യം അവസാനിച്ച് ജയിലിലേക്ക് മടങ്ങിയെങ്കിലും മുഖ്യമന്ത്രി സ്ഥാനം രാജിവെക്കാന്‍ തയാറാകാതെ അരവിന്ദ് കേജ്രിവാള്. അഴിമതിയുടെ സൂത്രധാരന്‍ കേജ്രിവാളാണെന്ന് ആരോപണം ഉയര്‍ന്നപ്പോള്‍ തന്നെ രാജി ആവശ്യവുമായി ബിജെപി രംഗത്തു വന്നിരുന്നു.
എന്നാല്‍ ഇ ഡി അറസ്റ്റുചെയ്തിട്ടും പാര്‍ട്ടിയിലെ പരമോന്നത പദവിയും മുഖ്യമന്ത്രി സ്ഥാനവും ഒന്നിച്ച് കൊണ്ടുപോകുകയായിരുന്നു കേജ്രിവാള്. ദല്‍ഹി ഹൈക്കോടതിയില്‍ നിന്നുവരെ വിമര്‍ശനം ഉയരുകയും പ്രതിഷേധം ശക്തമാകുകയും ചെയ്തിട്ടും മുഖ്യമന്ത്രി സ്ഥാനം രാജിവെക്കാന്‍ തയാറായില്ല.
മുഖ്യമന്ത്രി സ്ഥാനം രാജിവെക്കാതെ കേജ്രിവാള് സര്‍ക്കാരിന്റെ ഏകോപന ചുമതല മന്ത്രി അതിഷിക്ക് കൈമാറി. പാര്‍ട്ടിയുടെ ഏകോപന ചുമതല നിലവിലെ സംഘടനാ ജനറല്‍ സെക്രട്ടറി സന്ദീപ് പഥക്കിനെയാണ് ഏല്‍പ്പിച്ചിരിക്കുന്നത്.
സര്‍ക്കാരിന്റെയും പാര്‍ട്ടിയുടെയും പ്രവര്‍ത്തനങ്ങള്‍ നിയന്തിക്കാന്‍ രണ്ടാംനിര നേതാക്കളെ ചുമതലപ്പെടുത്തിയതോടെ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കില്ലെന്ന സൂചനയാണ് കേജ്രിവാള് നല്‍കുന്നത്. കേജ്രിവാള് ജയിലിലായിരിക്കെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമായിരുന്ന ഭാര്യ സുനിതയോട് തല്ക്കാലം രാഷ്ട്രീയത്തില്‍ നിന്ന് വിട്ടുനില്‍ക്കാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവ് സഞ്ജയ് സിങിനും ചുമതലകളൊന്നും നല്‍കിയിട്ടില്ല.
കോടികളുടെ അഴിമതിക്കേസില്‍ അറസ്റ്റിലായിട്ടും കേജ്രിവാള് മുഖ്യമന്ത്രി സ്ഥാനത്ത് തുടരുന്നത് രാഷ്ട്രീയമാന്യതയല്ലെന്നും രാജിവെക്കണമെന്നുമാണ് ബിജെപി നിലപാട്. സുപ്രീം കോടതി അനുവദിച്ച ഇടക്കാല ജാമ്യ കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് ഞായറാഴ്ചയാണ് കേജ്രിവാള് ജയിലില്‍ തിരിച്ചെത്തിയത്. ഈ മാസം അഞ്ചു വരെ കോടതി അദ്ദേഹത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: