ന്യൂദല്‍ഹി: രാജ്യത്ത് വിവിധ സംസ്ഥാനങ്ങളില്‍ ഉഷ്ണ തരംഗത്തെ തുടര്‍ന്ന് മരിച്ചവരുടെ എണ്ണം ഇരുനൂറ് കടന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 45 പേരാണ് ഒഡീഷയില്‍ മാത്രം മരിച്ചത്. രാജ്യമിപ്പോള്‍ കാലാവസ്ഥാ അടിയന്തരാവസ്ഥയിലൂടെയാണ് കടന്നുപോകുന്നതെന്നും റിപ്പോര്‍ട്ടുണ്ട്.
ഒഡീഷയുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ വരും ദിവസങ്ങളിലും നിലവിലെ സ്ഥിതി തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പുണ്ട്. നിലവിലെ സാഹചര്യത്തില്‍ ദല്‍ഹിയില്‍ അങ്കണവാടികള്‍ മുപ്പത് വരെ അടച്ചിടുമെന്ന് ആപ്പ് സര്‍ക്കാര്‍ അറിയിച്ചു.
ദല്‍ഹിയിലെ അങ്കണവാടി കേന്ദ്രങ്ങളെല്ലാം ജൂണ്‍ 30 വരെ അടച്ചിടും. കുട്ടികള്‍, ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍ എന്നിവര്‍ക്ക് അങ്കണവാടികളില്‍ നിന്ന് ലഭിക്കുന്ന സമീകൃത ആഹാര വസ്തുക്കള്‍ അവരവരുടെ വീടുകളില്‍ എത്തിക്കും. ഇതുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും വനിത-ശിശുക്ഷേമ വകുപ്പ് സെക്രട്ടറിയോട് നിര്‍ദേശിച്ചിട്ടുണ്ട്. എല്ലാ ദിവസവും ഇതില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും നിര്‍ദേശം നല്‍കിയതായി മന്ത്രി കൈലാഷ് ഗെഹ്ലോട്ട് എക്സില്‍ കുറിച്ചു.
കൂടാതെ, ഉച്ചസമയങ്ങളില്‍ കഴിവതും ഭക്ഷണം ഓര്‍ഡര്‍ ചെയ്യുന്നത് ഒഴിവാക്കണമെന്ന് ഫൂഡ് ഡെലിവറി ആപ്പായ സൊമാറ്റോ ഉപഭോക്താക്കളോട് അഭ്യര്‍ത്ഥിച്ചു. ദല്‍ഹിയില്‍ 44 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ താപനില രേഖപ്പെടുത്തിയ സാഹചര്യത്തിലാണ് സൊമാറ്റോ അഭ്യര്‍ത്ഥനയുമായി രംഗത്തെത്തിയത്. അതേസമയം, ഹരിയാനയില്‍ നിന്ന് വെള്ളമെത്തിക്കുന്നത് സംബന്ധിച്ച ഹര്‍ജി സുപ്രീംകോടതി ആറിന് പരിഗണിക്കും.
പഞ്ചാബ്, ഹരിയാന, ദല്‍ഹി, ജമ്മു കശ്മീര്‍, ഹിമാചല്‍ പ്രദേശ്, ഉത്തര്‍പ്രദേശ്, രാജസ്ഥാന്, മധ്യപ്രദേശ്, ഛത്തിസ്ഗഡ്, ഒഡീഷ എന്നിവിടങ്ങളിലെല്ലാം കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഉഷ്ണ തരംഗത്തിന് പിന്നാലെ ദല്‍ഹിയില്‍ രണ്ടു ദിവസത്തിന് ശേഷം കനത്ത മഴയ്ക്കും സാധ്യതയുള്ളതായി അധികൃതര്‍ അറിയിച്ചു.
കനത്ത മഴയ്ക്കും സാധ്യത
തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷത്തിന്റെ ഭാഗമായി തമിഴ്നാട്, ആന്ധ്രാപ്രദേശ്, കര്‍ണാടക തുടങ്ങി വിവിധ സംസ്ഥാനങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.
വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഇന്ന് മുതല്‍ ഇടിമിന്നലോടുകൂടിയ കനത്ത മഴയ്ക്ക് സാധ്യതയെന്നാണ് റിപ്പോര്‍ട്ട്. ഇത് കൂടാതെ ഒഡീഷ, ഛത്തിസ്ഗഡ് എന്നിവിടങ്ങളിലെ വിവിധ പ്രദേശങ്ങളില്‍ മിതമായ മഴയ്ക്ക് സാധ്യതയുണ്ട്.
അതിനിടെ ആസാമില്‍ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് മരിച്ചവരുടെ എണ്ണം 18 ആയി. നദികളെല്ലാം കരകവിഞ്ഞൊഴുകുകയാണ്. അഞ്ച് ലക്ഷത്തിലധികം പേരെ പ്രളയം ബാധിച്ചെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: