ചരിത്രം തിരുത്തിക്കുറിച്ചുകൊണ്ട് സമാനതകളില്ലാത്ത വിജയം നേടിയാണ് നരേന്ദ്രമോദി മൂന്നാമത്തെ തവണ അധികാരത്തിൽ എത്തുന്നത്. ഇത്തവണ അധികാരത്തിൽ മോദിയെത്തുമ്പോൾ നമ്മുടെ രാഷ്‌ട്രം പുതിയ ദിശയിലേക്ക് തിരിയുമെന്ന് പ്രതീക്ഷിക്കാം. അതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് ഹിന്ദു രാഷ്‌ട്രത്തിലേക്കുള്ള ചുവടുവെപ്പ്. ഹിന്ദു രാഷ്‌ട്രം എന്താണെന്ന് മനസ്സിലാക്കണമെങ്കിൽ ആദ്യം ഹിന്ദുത്വം എന്താണെന്ന് മനസ്സിലാക്കണം. ഇവിടെയുള്ള ഇടതു-ഇസ്ലാമിക മാധ്യമപ്രവർത്തകർ പറയുന്നതുപോലെ ഹിന്ദുത്വം ഒരു ഉന്മൂലന ശക്തിയല്ല. പകരം ഈ ഭാരത ദേശത്ത് വസിക്കുന്ന ഏതൊരു പൗരന്റെയും മൗലികമായ അവകാശങ്ങൾ നിലനിർത്തുന്നതിന് വേണ്ടിയും, അതിനോടൊപ്പം തന്നെ ഹിന്ദുക്കൾക്ക് ഇന്ത്യയല്ലാതെ മറ്റൊരു രാജ്യം ഇല്ല എന്ന് തത്വത്തിൽ അധിഷ്ഠിതമായിട്ടുള്ള രാഷ്‌ട്രീയ സംഹിതയാണ് ഹിന്ദുത്വ. ഇതിൻറെ അടിസ്ഥാനതത്വമായിട്ട് എല്ലാവരും കണക്കാക്കുന്നത് സവർക്കർ എഴുതിയ “ഹിന്ദുത്വ: ആരാണ് ഹിന്ദു” എന്ന പുസ്തകമാണ്. ആ പുസ്തകത്തിൽ സവർക്കർ പറഞ്ഞ ഹിന്ദുത്വം എന്താണെന്ന് നമുക്കൊന്ന് പരിശോധിക്കാം. സവർക്കർ പറഞ്ഞതിനേക്കാൾ ഉപരി അതിനെപ്പറ്റി അംബേദ്കർ പാക്കിസ്ഥാൻ അഥവാ ഭാരതത്തിന്റെ വിഭജനം എന്ന പുസ്തകത്തിൽ പറഞ്ഞിട്ടുണ്ട്. ആ പറഞ്ഞ വസ്തുത എന്താണെന്ന് നമുക്കൊന്ന് പരിശോധിച്ച് ശേഷം ഹിന്ദുത്വം എന്താണെന്നുള്ളത് നമുക്ക് മനസ്സിലാക്കാം.
ഹിന്ദു മഹാസഭയുടെ പ്രസിഡന്‍റ് ആയിരുന്ന വി.ഡി.സവര്‍ക്കര്‍ പാക്കിസ്ഥാൻ രൂപീകരണത്തെ അതിശക്തമായി എതിര്‍ക്കുകയുണ്ടായി. ഏത് വിധേനയും ഇന്ത്യയുടെ വിഭജനത്തെ ചെറുക്കുമെന്ന് സവര്‍ക്കര്‍ പ്രഖ്യാപിച്ചു. സവര്‍ക്കറുടെ ഇന്ത്യ വിഭജനത്തോടുള്ള എതിര്‍പ്പ് എല്ലാ വിധത്തിലും മുസ്ലിങ്ങളോടുള്ള എതിര്‍പ്പാണെന്ന് പറയാന്‍ കഴിയില്ല. പാക്കിസ്ഥാൻ രൂപീകരണത്തിനെതിരെ അദ്ദേഹം മുന്നോട്ടുവെച്ച പദ്ധതിയില്‍ ചില വസ്തുതകള്‍ ഉണ്ടായിരുന്നു. ആ വസ്തുതകള്‍ എന്താണെന്ന് മനസിലാക്കാന്‍ നമ്മള്‍ ആദ്യം ചില കാര്യങ്ങള്‍ പരിശോധിക്കാം.
1. ഹിന്ദുയിസം
2. ഹിന്ദുത്വം
3. ഹിന്ദുക്കള്‍ (ഹിന്ദുഡം)
‘ഹിന്ദു’ എന്ന വാക്കില്‍ നിന്നാണ് ‘ഹിന്ദുയിസം’ എന്ന ഇംഗ്ലിഷ് വാക്ക് ഉരുത്തിരിഞ്ഞുവന്നത്. ഹിന്ദുക്കള്‍ പിന്തുടര്‍ന്നു വരുന്ന മത ആചാര സമ്പ്രദായമാണ് ഹിന്ദുയിസം. രണ്ടാമത്തെ വാക്കായ ഹിന്ദുത്വം എന്നുള്ളത് കൂടുതല്‍ സമഗ്രമായ ഒരു വാക്കാണ്, മതപരമായ ഒരു വാക്കു മാത്രമല്ല. അവരുടെ സാംസ്കാരികപരമായ, ഭാഷാപരമായ, സാമൂഹികപരമായ, രാഷ്‌ട്രീയപരമായ എല്ലാ വശങ്ങളും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. ഹിന്ദുഡം എന്ന ഇംഗ്ലിഷ് വാക്ക് എല്ലാ ഹിന്ദുക്കളെയും പൊതുവായ ഒരു സമൂഹമായി കണക്കാക്കി വിളിക്കുന്ന പേരാണ്. ഇസ്ലാമിക ലോകം എന്നു മുസ്ലിങ്ങളെ കൂട്ടായി അതിസംബോധന ചെയ്യുന്ന പോലെയാണ് ഹിന്ദുഡം എന്ന വാക്ക് ഉപയോഗിക്കുന്നത്. ഹിന്ദു മഹാസഭ എന്നത് ഒരു മതപ്രസ്ഥാനമാണെന്ന് തികച്ചും തെറ്റായി ചിത്രീകരിച്ചിരിക്കുകയാണെന്ന് സവര്‍ക്കര്‍ വാദിച്ചു. അദ്ദേഹം ആ വാദത്തെ നിരാകരിച്ചു. തുടര്‍ന്ന് അദ്ദേഹം പറയുകയുണ്ടായി
“ക്രിസ്ത്യന്‍മിഷന്‍ പോലെ ഒരു മത സംഘനയാണെന്ന് ഹിന്ദുമഹാസഭയെന്ന് കരുതി ധാരാളം വിദ്യാസമ്പന്നര്‍ ഇതില്‍നിന്നും പിന്‍മാറുന്നതായി എന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഹിന്ദു മതവും, ഹിന്ദു മഹാസഭയുമായി ഒരു ബന്ധവും പറയതക്കതായി ഇല്ല. ഹിന്ദു മഹാസഭ ഒരു മത സഭ അല്ല. ഹിന്ദു മഹാസഭ ഒരു വിധത്തിലുള്ള മതപരമായ കാര്യങ്ങളിലും ഇടപെടുന്നില്ല. ഇത് ഒരു ദേശീയ പ്രസ്ഥാനമാണ്. ഹിന്ദു സമൂഹത്തിന്റെ സാമൂഹികവും, സാമ്പത്തികവും, സാംസ്കാരികവും, രാഷ്‌ട്രീയവുമായ ഉന്നമനത്തിനുവേണ്ടി പ്രവര്‍ത്തിക്കാന്‍ പ്രതിഞ്ജാബദ്ധമാണ് ഹിന്ദുമഹാസഭ. അതിലൂടെ ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനും, ശക്തിക്കും, പെരുമക്കും വേണ്ടി പ്രവര്‍ത്തിച്ച് പൂര്‍ണ്ണ സ്വാതന്ത്ര്യം കൈവരിച്ച് മുന്നോട്ട് നയിക്കുക എന്നതാണു ഹിന്ദുമഹാസഭയുടെ ലക്ഷ്യം. മുസ്ലിങ്ങളെ പ്രതിരോധിക്കലല്ല ഹിന്ദുമഹാസഭയുടെ ലക്ഷ്യം.”
സാമുദായികപ്രശ്നങ്ങളെ നേരിട്ടു പരിഹരിച്ചശേഷം പിരിച്ചുവിടാന്‍ വേണ്ടി തുടങ്ങിയ ഒരു സംഘടയുമല്ല, ഹിന്ദു മഹാസഭ എന്നു സവര്‍ക്കര്‍ പറഞ്ഞിട്ടുണ്ട്. ഇന്ത്യ സ്വാതന്ത്ര്യം നേടിയാലും ഹിന്ദു സമൂഹത്തിനു വേണ്ടി നിലകൊള്ളാനാണ് ഹിന്ദു മഹാസഭയുടെ ലക്ഷ്യം. കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ ഉരുത്തിരിഞ്ഞുവന്ന കപട-ദേശീയ പ്രസ്ഥാനത്തിന്റെ കൈകളില്‍നിന്നും ഇന്ത്യന്‍ ദേശീയതയെ രക്ഷപ്പെടുത്തുക. ഒരു പുതിയ അസ്തിത്വം നേടാനായുള്ള പോരാട്ടത്തിന്റെ മുന്നണിയില്‍ നിന്നു പ്രവര്‍ത്തിക്കുക, എന്നതാണു ഹിന്ദുമഹാസഭയുടെ ലക്ഷ്യം. ഇത് സാര്‍വത്രിക ജീവിതത്തിന്റെ ഭാഗമായ ദേശീതയുടെ ആവശ്യത്തില്‍ നിന്നും ഉരുത്തിയേണ്ടതാണ്. അല്ലാതെ വെറുമൊരു കാലികമായ സംഭവമല്ല. ദേശീയത എന്നുള്ളത് ദേശം പോലെ തന്നെ പരമപ്രധാനമായ ഒരു വസ്തുതയാണ്. ഹിന്ദു സമൂഹത്തിന്റെ നിലനില്‍പ്പാണ് ദേശീതയുടെ മൂലക്കല്ല്. ഹിന്ദു സമൂഹത്തിനെ ഉന്നമനത്തിലൂടെ ദേശീയതയുടെ വളര്‍ച്ച, അതിലൂടെ ദേശത്തിന്റെ ഉന്നമനം, എന്ന മഹത്തായ ലക്ഷ്യം മുന്നില്‍ കണ്ടാണ് ഹിന്ദുമഹാസഭ പ്രവര്‍ത്തിക്കുന്നത്.
ഇനി സവർക്കറുടെ വീക്ഷണത്തില്‍ പൂർണസ്വരാജ് എന്താണെന്നു പരിശോധിക്കാം. ഹിന്ദുക്കളുടെ സ്വരാജ് എന്തെന്നാൽ ബാഹ്യമായ ഒരു ഇടപെടലും ഇല്ലാതെ ഹിന്ദുക്കള്‍ക്ക് ഹിന്ദുക്കളുടേതു മാത്രമായ ഒരു സ്വയംഭരണ സംവിധാനം, ഹിന്ദു ഇതര ജനതയുടെ ബാഹ്യമായതോ, ആന്തരികമായതോ ആയ ഇടപെടൽ അതിൽ ഒരു തരത്തിലും പാടില്ല. ബ്രിട്ടീഷ് ഭരണത്തിനു കീഴിൽ അങ്ങനെ നോക്കിയാൽ ഒരിക്കലും നമുക്ക് സ്വരാജ് ഇല്ല. ടിപ്പുവിന്റെയോ, ഔറംഗസേബിന്റെയോ ഭരണത്തിലും ഇത് നടന്നില്ല. പകരം ഹിന്ദു ജനതയെ അടിച്ചമര്‍ത്താനാണ് അവര്‍ ശ്രമിച്ചത്. ജന്മം കൊണ്ട് മാത്രം ഇന്ത്യക്കാരായ ഹിന്ദുക്കളല്ലാത്തവര്‍ ഹിന്ദു ജനതയുടെ എക്കാലത്തെയും ശത്രുവായിരുന്നുവെന്ന് ചരിത്രം നമുക്ക് കാണിച്ചുതരുന്നുണ്ട്. എന്നാല്‍ ജന്മം കൊണ്ട് ഹിന്ദുവും ഈ നാട്ടുകാരനുമായ ശിവാജി, ഗോവിന്ദ് സിംഗ്, മഹാറാണ പ്രതാപ് എന്നിവര്‍ മുസ്ലിം അധിനിവേശ ശക്തികള്‍ക്കെതിരെ പോരാടി, ഹിന്ദു സ്വരാജ്യത്തിന് വേണ്ടി നിലനിന്നിരുന്നതായി കാണാന്‍ കഴിയും. സ്വരാജിന്റെ ഭാഗമായി രണ്ടു കാര്യങ്ങളാണ് സവര്‍ക്കര്‍ മുന്നോട്ടുവയ്‌ക്കുന്നത്. ഒന്ന് , ഇന്ത്യയുടെ പേര് ഹിന്ദുസ്ഥാന്‍ എന്നു തന്നെ നിലനിര്‍ത്തണം. കാരണം ഇത് ഹിന്ദുക്കളുടെ നാടാണ്. ഹിന്ദുക്കളുടെ മാതൃ രാഷ്‌ട്രത്തിന് ഹിന്ദുസ്ഥാൻ എന്നു തന്നെയാണ് വിളിക്കേണ്ടത്. മത ന്യൂനപക്ഷമായ മുസ്ലിങ്ങള്‍ ഇതില്‍ ഉള്‍പ്പെടും. ചെറിയ ഒരു സമൂഹമായ അവര്‍ക്ക് നമ്മുടെ നാടിന്റെ ഭാഗമായിത്തന്നെ ജീവിക്കാന്‍ കഴിയും. ചൈനയിലും, ഗ്രീസിലും, പാലസ്തീനിലും മറ്റും ലക്ഷക്കണക്കിന് മുസ്ലിങ്ങള്‍ ജീവിക്കുന്നുണ്ട്. മുസ്ലിങ്ങള്‍ ഉണ്ടെന്ന് കരുതി ഒരു രാജ്യവും തങ്ങളുടെ ചരിത്രപരമായ പാരമ്പര്യമോ, പിന്തുടര്‍ച്ച രീതികളോ മാറ്റിയിട്ടില്ല. മുസ്ലിങ്ങള്‍ ആ രാജ്യത്തിന്റെ ഭാഗമായിതന്നെ ജീവിച്ചുപോരുകയാണ്. അവര്‍ ഹിന്ദുസ്ഥാനിലെ മുസ്ലിങ്ങൾ എന്നുതന്നെ അറിയപ്പെടും. അതിനു അവര്‍ക്ക് യാതൊരുവിധത്തിലും മത, വിശ്വാസ, സാംസ്കാരിക കീഴ്വഴക്കങ്ങൾ ബാധ്യതയാവേണ്ട കാര്യമില്ല. ഋഗ്വേദ കാലം മുതൽ ഈ നാട് അറിയപ്പെട്ടുവന്നിരുന്നത്, ഹിന്ദുക്കളുടെ ദേശം എന്നാണ്. ജര്‍മന്‍കാരുടെ നാട് ജര്‍മനി ആയതുപോലെ, ഇംഗ്ലീഷുകാരുടെ നാട് ഇംഗ്ലണ്ട് ആയതുപോലെ, തുര്‍ക്കുകളുടെ നാട് തുര്‍ക്കി ആയതുപോലെ, അഫ്ഗാനുകളുടെ നാട് അഫ്ഗാനിസ്ഥാന്‍ ആയതുപോലെ ഹിന്ദുക്കളുടെ നാട് ഹിന്ദുസ്ഥാന്‍ ആകണം.
ഇനി രണ്ടാമത്തെ കാര്യം പരിശോധിക്കാം. സംസ്കൃതം വിശുദ്ധ ഭാഷയായും ദേവനാഗരി ലിപി ദേശീയ ഭാഷയായും വേണം. ഹിന്ദുക്കളെ സംബന്ധിച്ചിടത്തോളം സംസ്കൃതം വിശുദ്ധ ഭാഷയാണ്. എല്ലാ വേദ, പുരാണ, ഉപനിഷത്തുകളും സംസ്കൃതത്തിലാണ് എഴുതിയിട്ടുള്ളത്. നമ്മുടെ ചരിത്രവും സംസ്കാരവുമായി ബന്ധപ്പെട്ടുകിടക്കുന്ന എല്ലാ കൃതികളും സംസ്കൃതത്തിലാണ് ഉള്ളത്. ആയതിനാല്‍ സംസ്കൃതം ഹിന്ദുക്കളുടെ പരിപാവനമായ ഭാഷയാണ്. അതിനെ ആ രീതിയിൽ തന്നെ വിശുദ്ധ ഭാഷയായി നിലനിര്‍ത്തണം. ഹിന്ദി ഹിന്ദുക്കളുടെ ദേശീയഭാഷയായി വരണം. എല്ലാ ഹിന്ദുക്കളും ഒരേ ഭാഷയിലേക്ക് മാറണം എന്നല്ല അതിന്റെ വിഭാവനം. അവര്‍ അവരുടെ മാതൃഭാഷ തന്നെ പ്രാദേശികമായി ഉപയോഗിക്കട്ടെ. എന്നാല്‍ ദേശീയമായ ഒരുമയ്‌ക്കും, ഐക്യത്തിനും ഹിന്ദുക്കളുടെ ദേശീയ ഭാഷ വേണം. അതിനു ഏറ്റവും യോജിച്ചത് ഹിന്ദി തന്നെയാണ്. കാരണം കാലാകാലങ്ങളായി ഭൂരിപക്ഷം ഹിന്ദുക്കള്‍ ഉപയോഗിച്ച് വരുന്ന ഭാഷയാണ് ഹിന്ദി. ചില പ്രദേശികമായ ഭാഷകള്‍ക്ക് ഹിന്ദിയേക്കാൾ ചരിത്രപരവും, സാംസ്കാരികപരവുമായ പഴക്കവും, പാരമ്പര്യവും ഉണ്ടെങ്കില്‍പോലും സാർവത്രികമായി ഹിന്ദിയെ ദേശീയ ഭാഷയായി പരിഗണിക്കണം. ഹിന്ദി എന്നാൽ ശുദ്ധമായ സംസ്കൃത നിഷ്ടയിലുള്ള ഹിന്ദിയാകണം. ഉദാഹരണം പറയുകയാണെങ്കില്‍ മഹര്‍ഷി ദയാനന്ദ സരസ്വതി എഴുതിയ വിഖ്യാത ഗ്രന്ഥം ‘സത്യാർത്ഥ് പ്രകാശി’ നോടു സമാനമായ ഹിന്ദി. അറബി, പോർച്ചുഗീസ് , പേർഷ്യൻ സ്വാധീനമല്ലാത്ത ശുദ്ധമായ സംസ്കൃതത്തിലൂന്നിയ ഹിന്ദിയാകണം ഹിന്ദുസ്ഥാനിലെ രാഷ്‌ട്രഭാഷ. അതുപോലെതന്നെ സംസ്കൃതത്തിന്റെ ലിപിയായ ദേവനാഗരി ലിപി തന്നെയാവണം ഹിന്ദുസ്ഥാനിലെ ദേശീയ ലിപി. നൂറ്റാണ്ടുകളായി എല്ലാവരും പിന്തുടര്‍ന്നുപോരുന്ന ലിപിയായതിനാൽ അത് നടപ്പിലാക്കാൻ വളരെയധികം എളുപ്പമാണ്. ദേവനാഗരി ലിപി എല്ലാ സ്കൂളുകളിലും ഹിന്ദിപോലെ തന്നെ നിര്‍ബന്ധമായും പഠിപ്പിക്കേണ്ടതാണ്. ഇത് ഹിന്ദുസ്ഥാനിലെ എല്ലാ കുട്ടികളും പഠിച്ചിരിക്കണം.
ഇനി മറ്റൊരു പ്രശ്നത്തിലേക്ക് പോകാം. ഹിന്ദുസ്ഥാനില്‍ ഹിന്ദു ഇതര ന്യൂനപക്ഷങ്ങളുടെ സ്ഥിതി എന്തായിരിക്കും? അതിനു സവര്‍ക്കറുടെ കാഴ്ചപ്പാട് നോക്കാം.
ഹിന്ദുമഹാസഭയുടെ തത്ത്വമായ “ഒരു മനുഷ്യൻ ഒരു വോട്ട്” തത്വത്തെ അംഗീകരിച്ചു എല്ലാ ഹിന്ദുസ്ഥാൻ പൗരന്‍മാര്‍ക്കും അവരുടെ ജാതി, മത, വര്‍ഗ ഭേദമെന്യേ എല്ലാ അവകാശവും, അധികാരവും ഉണ്ടായിരിക്കും. ന്യൂനപക്ഷങ്ങള്‍ക്കും, ഭൂരിപക്ഷങ്ങള്‍ക്കും ഒരേ തരത്തിലുള്ള സമീപനമായിരിക്കും. സര്‍ക്കാരിന്റെ ഭാഗത്തുനിന്നും എന്തെങ്കിലും തരത്തിലുള്ള ന്യൂനപക്ഷ പ്രീണനം വീണ്ടും വര്‍ഗീയപരമായ ചേരിതിരിവിന് കാരണമായിത്തീരും. ന്യൂനപക്ഷങ്ങളില്‍പ്പെട്ടവരുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടാൻ പ്രതിഞ്ജാബന്ധമായിരിക്കും ഹിന്ദുസ്ഥാനിലെ ഭരണകൂടം. ന്യൂനപക്ഷം എത്രത്തോളം സംഭാവന ദേശീയ ഖജനാവിലേക്ക് നല്‍കുന്നുവോ, അതിനു ആനുപാതികമായ അവകാശങ്ങളും, സൗകര്യങ്ങളും ഭരണകൂടം അവര്‍ക്ക് നല്കും. ഇതുപോലെ തന്നെയായിരിക്കും ഭൂരിപക്ഷത്തിന്റെയും അവസ്ഥ. ഇതില്‍നിന്നും സവർക്കറുടെ അഭിപ്രായത്തിൽ ന്യൂനപക്ഷമായ മുസ്ലിങ്ങള്‍ക്ക്, ഒരു ശരാശരി ഹിന്ദുവിന് ലഭിക്കുന്ന എല്ലാ അവകാശങ്ങളും ലഭിക്കും. അവരുടെ അവകാശങ്ങളിലേക്ക് കടന്നുകയറാൻ ഹിന്ദുക്കളെ ഒരു തരത്തിലും അനുവദിക്കില്ല. ജനസംഖ്യ അനുപാതത്തിലും ദേശീയ ഖജനാവിലേക്കുള്ള സംഭാവന അടിസ്ഥാനപ്പെടുത്തിയും ന്യൂനപക്ഷങ്ങള്‍ക്ക് നല്‍കിപ്പോരുന്ന പരിഗണനയിൽ അവര്‍ സംപൂര്‍ണ തൃപ്തരാവേണ്ടിയിരിക്കുന്നു. അങ്ങനെയുള്ള അവസ്ഥയിൽ അവര്‍ക്ക് ആനുപാതികമായി രാഷ്‌ട്രീയ മൗലിക അവകാശങ്ങൾ ലഭിക്കുന്നതായിരിക്കും. ന്യൂനപക്ഷങ്ങള്‍ക്ക് ഭൂരിപക്ഷങ്ങളുടെ അവകാശത്തെ ഹനിക്കുന്നതിന് യാതൊരു വിധത്തിലുള്ള അവസരവും ഉണ്ടായിരിക്കുന്നതല്ല.
ഭൂരിപക്ഷത്തിന്റെ ഭരണത്തില്‍ ഭൂരിപക്ഷവും, ന്യൂനപക്ഷവും ഒരുപോലെ സുരക്ഷിതരായിരിക്കും. അതാണ് സ്വരാജ്. ഭരണ വര്‍ഗത്തിന്റെ മാറ്റമല്ല സ്വാതന്ത്ര്യം. എഡ്വര്‍ഡിന് പകരം ഔറംഗസേബിന് വരുന്നതല്ല സ്വാതന്ത്ര്യം. അതിനു വേണ്ടി പോരാടിയല്ല ഇവിടെ ഹിന്ദുക്കള്‍ മരിച്ചു വീണത്. സ്വന്തം രാജ്യം സ്വയം ഭരിക്കാനാണ് അവര്‍ സ്വാതന്ത്ര്യം നേടിയത്. തന്റെ വിഭാവനയിലുള്ള സ്വരാജിന് ഹിന്ദുരാജ് എന്ന മുദ്ര അദ്ദേഹം ചാര്‍ത്തിക്കൊടുത്തു. അതിന് അടിസ്ഥാനപരമായി രണ്ടു കാരണങ്ങൾ ഉണ്ടായിരുന്നു. ഒന്നാമത് ഹിന്ദു സ്വയം ഒരു രാഷ്‌ട്രമാണ്. ഇതിന് അദ്ദേഹം വിശദമായ ഒരു വാദം മുന്നോട്ടുവെച്ചു. ജനതയുടെ മനസ്സുകൾ തമ്മില്‍ അന്തര്‍ലീനമായ ഒരു ഐക്യം ഇല്ലാതെ ഒരു സമൂഹത്തിനും ഒരു രാഷ്‌ട്രമായി മാറാൻ കഴിയില്ല. ഭൂമിശാസ്ത്രപരമായി അതിർത്തികൾ നിര്‍മ്മിച്ച് സൃഷ്ടിച്ച എല്ലാ യൂറോപ്യൻ രാഷ്‌ട്രങ്ങളും പില്‍ക്കാലത്ത് തകരുന്നത് നമുക്ക് കാണാന്‍ കഴിഞ്ഞു. ബാഹ്യ സമ്മര്‍ദം മൂലം ഒരു രാഷ്‌ട്രം എന്ന ഭൂമിശാസ്ത്രപരമായ അവസ്ഥയിലേക്ക് പോയ പല രാഷ്‌ട്രങ്ങളും പില്‍ക്കാലത്ത് ചിന്നിചിതറിയിട്ടുണ്ട്. പോളണ്ട്, ചെക്കോസ്ലോവാക്യ എന്നിവയുടെ ചരിത്രത്തിൽ നിന്നും നമുക്ക് പാഠം പഠിക്കാനുണ്ട്. ഭൂമിശാസ്ത്രപരമായി ഒരു രാഷ്‌ട്രം ഒരിയ്‌ക്കലും നിലനില്‍ക്കില്ല. മറിച്ചു, ഭാഷാപരവും, സാംസ്കാരികവും, ചരിത്രപരവുമായ ഒരു ഐക്യം വേണം.
ചരിത്രാതീത കാലം മുതൽ ഹിന്ദുക്കൾ അധിവസിക്കുന്ന ഈ ഭാരത ഭൂമി ഹിന്ദുക്കളുടെ രാഷ്‌ട്രം തന്നെയാണ്. അത് വെറുമൊരു ഭൂപ്രദേശമല്ല. ഇതുപോലെയൊരു രാഷ്‌ട്രം ലോകത്ത് വേറെ എവിടേയും കാണാൻ കഴിയില്ല. ഹിന്ദുക്കളുടെ ജന്‍മരാഷ്‌ട്രവും മാതൃരാഷ്‌ട്രവുമാണ് ഹിന്ദുസ്ഥാന്‍. ഹിന്ദുക്കള്‍ക്ക് പൊതുവായ സാംസ്കാരിക, മത, ചരിത്ര, ഭാഷ വംശ ബന്ധമുണ്ട്. ഇത് നൂറ്റാണ്ടുകളായുള്ള സഹവര്‍ത്തിതിത്തലൂടെ ഉരുത്തിരിഞ്ഞുവന്നതാണ്. അതുമാത്രമല്ല ഇതിനെല്ലാം പുറമേ ഒന്നിച്ചു മുന്നോട്ട് പോകാനുള്ള ഇച്ഛാശക്തി വളരെയധികം ഉണ്ട്. വെറുമൊരു ഉടമ്പടി പ്രകാരം ഒന്നായവരല്ല ഹിന്ദുക്കൾ, അഥവാ ഹിന്ദുസ്ഥാൻ. അത് ഒരു ചരിത്രാതീത ജീവ സംസ്കാരമാണ്.
കോണ്‍ഗ്രസ്സിലെ ഹിന്ദുക്കള്‍ പലപ്പോഴും ഹിന്ദുസ്ഥാന്റെ അടിസ്ഥാനത്തിന്റെ കാര്യത്തിൽ തെറ്റിദ്ധരിപ്പിക്കപ്പെട്ടതിനാൽ പ്രസക്തമായ ഒരു കാര്യം കൂടി ചർച്ച ചെയ്യേണ്ടതുണ്ട്. ഒരു ജനതയുടെ ഏകതയിലേക്ക് കൊണ്ടുവരുന്നതിന് മതപരവും, വംശീയവും, ഭാഷാപരവുമായ ആന്തരിക വ്യത്യാസങ്ങൾ തടസ്സമാകില്ല എന്നതുതന്നെയാണ് വസ്തുത. അവര്‍ തമ്മിലുള്ള അന്തരത്തേക്കാൾ അന്തരം അവര്‍ മറ്റൊരു രാഷ്‌ട്രമായി മാറുമ്പോള്‍ ആ രാഷ്‌ട്രത്തിന് മറ്റൊരു രാഷ്‌ട്രത്തോട് കാണും. ഇന്നത്തെ ഏറ്റവും ഏകീകൃത രാജ്യങ്ങൾ എടുത്തുനോക്കിയാല്‍ നമുക്ക് ഈ സ്ഥിതിവിശേഷം കാണാൻ കഴിയൂ. ബ്രിട്ടനോ, ഫ്രാൻസൊ ഏത് രാഷ്‌ട്രമാണെങ്കിലും, ജനങ്ങളുടെ ഇടയിൽ മതപരമായതും, വംശീയപരമായതും, ഭാഷാപരമായതുമായ വൈവിധ്യങ്ങള്‍ ഉണ്ട്. പക്ഷേ ഇതൊന്നും അവരുടെ ഏകതയെ ബാധിക്കുന്ന ഘടകമല്ല.
ആയിരത്തിലധികം വ്യത്യാസങ്ങൾ ഉണ്ടായിട്ടും ഹിന്ദുക്കൾ ഒറ്റക്കെട്ടായി സഹവര്‍ത്തിക്കുകയായിരുന്നു ഈ നാട്ടിൽ. ഇതിനൊക്കെ കാരണമായത് നമ്മുടെ സാംസ്കാരിക പാരമ്പര്യമാണ്. അതാണ് നമ്മളെ മുന്നോട്ട് നയിക്കുന്ന ഘടകം. അതിനാൽ കശ്മീര്‍ മുതല്‍ മദ്രാസ് വരെയും സിന്ധ് മുതൽ ആസ്സാം വരെയുമുള്ള ഹിന്ദു സമൂഹം ഒരു രാഷ്‌ട്രമായി തുടരണം.
മറ്റൊരു കാരണം സവര്‍ക്കര്‍ പറഞ്ഞത് ഹിന്ദുവിന്റെ അടിസ്ഥാന തത്വത്തെക്കുറിച്ചാണ്. ഹിന്ദു എന്ന വാക്കിന്റെ വ്യാഖാനം എന്താണെന്ന് അദ്ദേഹം പറഞ്ഞു തന്നു. സവര്‍ക്കറിന്റെ കാഴ്ചപ്പാടിൽ ഹിന്ദു എന്നാൽ ഭാരത ഭൂമിയെ സ്വന്തം മാതൃരാഷ്‌ട്രവും പുണ്യഭൂമിയുമായി ആര് കണക്കാക്കുന്നുവോ അവനാണ് ഹിന്ദു. സിന്ധു നദി മുതല്‍ ഇന്ത്യൻ സമുദ്രം വരെ പരന്നു കിടക്കുന്ന വിശാലമായ ഭൂപ്രദേശത്തെ പുണ്യഭൂമിയായി കണക്കാക്കുന്ന ബുധനും, ജൈനനും, ആര്യ സാമാജികരും, ബ്രഃഹ്മ സമാജിയും, സിഖുകാരും എല്ലാവരും ഹിന്ദു തന്നെയാണ്. ഭാരത ഭൂമിയിലെ ഗോത്ര വർഗക്കാരൻ പോലും ഹിന്ദുവാണ്. കാരണം അവനും ഈ ഭൂമിയെ മാതൃരാഷ്‌ട്രമായി കാണുന്നു. ഇതിന് അടിസ്ഥാനമായ ഒരു സംസ്കൃത ശ്ലോകവുമുണ്ട്.
‘അസിന്ധു സിന്ധ് പന്യത യസ്മ ഭാരത് ഭൂമിക
പിതൃഭൂ പുണ്യ ഭൂക്ഷേവ സവേ ഹിന്ദുരിതിസ്മൃത:’
ഹിന്ദു എന്ന പദത്തിന്റെ നിര്‍വചനം വളരെയേറെ ജാഗ്രതയോടെയാണ് നല്കിയിരിക്കുന്നത്. ഇതിന് രണ്ടു കാഴ്ചപ്പാടുകള്‍ ഉണ്ട്. ഒന്നു, ഭാരതത്തിൽ അധിവസിക്കുന്ന ക്രിസ്ത്യൻ, മുസ്ലിം, ജൂത, പാഴ്സി സമൂഹം ഭാരതത്തെ മാതൃരാഷ്‌ട്രവും വിശുദ്ധഭൂമിയുമായി കണക്കാക്കുക. അത് അംഗീകരിക്കുക, മറ്റുള്ള മത വിശ്വാസ സമൂഹമായ ബുദ്ധന്മാരെയും, ജൈനന്മാരെയും, സിഖ് വംശജരെയും ഹിന്ദു പാരമ്പര്യ വേദ സംഹിതകളുടെ പവിത്രതയിൽ വിശ്വസിക്കാൻ നിര്‍ബന്ധിക്കാതെ അവരെ ഹിന്ദുവായിത്തന്നെ അംഗീകരിക്കുക.
സവർക്കർ വിഭാവനം ചെയ്ത ഹിന്ദുത്വ എന്താണെന്ന് അംബേദ്കറുടെ കാഴ്ചപ്പാടിൽ നിന്നും നമുക്ക് മനസ്സിലായിക്കഴിഞ്ഞു. ഇതിൽ കൂടുതൽ വിശദീകരിക്കേണ്ട ആവശ്യമുണ്ടെന്ന് ഇവിടെ തോന്നുന്നില്ല. നരേന്ദ്രമോദിയുടെ മൂന്നാമത്തെ ഭരണം ഇന്ത്യയിൽ മൗലികമായുള്ള പല മാറ്റങ്ങൾക്കും വഴിവയ്‌ക്കും. ഈ ദേശത്തിൻറെ സുരക്ഷയും ഇവിടെ വസിക്കുന്ന നാനാമതസ്ഥരായിട്ടുള്ള ജനങ്ങളുടെയും ഉന്നമനത്തിനും ക്ഷേമത്തിനും ആവശ്യത്തിനും വേണ്ടി നിലകൊള്ളാൻ നരേന്ദ്രമോദി സർക്കാരിന് എന്നും പ്രതിജ്ഞാബദ്ധരായിരിക്കും.
ജഗത് ജയപ്രകാശ്
jagathjayaprakash@icloud.com
പ്രതികരിക്കാൻ ഇവിടെ എഴുതുക: