കോഴിക്കോട് : ചലച്ചിത്ര- മാധ്യമ പ്രവര്ത്തകന് ചെലവൂര്‍ വേണു (80) നിര്യാതനായി. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് കഴിഞ്ഞ ഒരാഴ്ചയായി സ്വകാര്യ ആശുപത്രിലായിരുന്നു.
ആറ് പതിറ്റാണ്ടിലധികമായി സിനിമാനിരൂപണ രംഗത്തും സമാന്തര ചലച്ചിത്ര പ്രചാരണത്തിലും സജീവമാണ് വേണു. കേരളത്തിലെ രണ്ടാമത്തെ ഫിലിം സൊസൈറ്റി അശ്വിനിയുടെ ജനറല്‍ സെക്രട്ടറിയാണ്. നിരവധി സമാന്തര പ്രസിദ്ധീകരണങ്ങളുടെ പത്രാധിപരായി. ടെലിവിഷന്‍ സീരിയലുകളും നിര്‍മിച്ചു.
എട്ടാം ക്ലാസില്‍ പഠിക്കവേ ‘ഉമ്മ’ സിനിമയുടെ നിരൂപണമെഴുതി ശ്രദ്ധ നേടി. സാംസ്കാരിക മാസിക യുവഭാവനയാണ് ആദ്യ പ്രസിദ്ധീകരണം.സംവിധായകന് രാമുകാര്യാട്ടിന്റെ സഹായിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
മലയാളത്തിലെ ആദ്യ കായിക മാസികയായ സ്റ്റേഡിയം, ആദ്യ മനശാസ്ത്ര മാസിക സൈക്കോ, വനിതാ പ്രസിദ്ധീകരണം രൂപകല, രാഷ്ട്രീയ വാര്‍ത്തകള്‍ക്കായുള്ള സെര്‍ച്ച് ലൈറ്റ്, നഗര വിശേഷങ്ങള്‍ പരിചയപ്പെടുത്തിയ സിറ്റി മാഗസിന്, സായാഹ്ന പത്ര വര്‍ത്തമാനം എന്നിവയുടെ പത്രാധിപരായിരുന്നു. ഇടത് വിദ്യാര്‍ഥി സംഘടനയായ കെഎസ്എഫിന്റെ ജില്ലാസെക്രട്ടറിയായും പ്രവര്‍ത്തിച്ചു. കെഎസ് വൈ എഫിലും പ്രവര്‍ത്തിച്ചു.
അശ്വനി ഫിലിം സൊസൈറ്റിയുടെ ജനറല്‍ സെക്രട്ടറിയായിരിക്കെയാണ് 1970ല്‍ ക്ലാസിക് സിനിമകളുടെ പ്രചാരണത്തിന് മുന്നിട്ടിറങ്ങിയത്. പൂനെ ഫിലിം ആര്‍ക്കൈവ്സില്‍ നിന്നും വിദേശ രാജ്യങ്ങളുടെ സ്ഥാനപതി കാര്യാലയങ്ങളില്‍ നിന്നും സിനിമകള്‍ എത്തിച്ച് തിയേറ്ററുകള്‍ വാടകയ്ക്കെടുത്ത് പ്രദര്‍ശിപ്പിച്ചു. നിരവധി ചലച്ചിത്ര മേളകളും സംഘടിപ്പിച്ചു.
ജോണ്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. മനസ് ഒരു സമസ്യ, മനസിന്റെ വഴികള്‍ തുടങ്ങിയവയാണ് പുസ്തകങ്ങള്‍. ചലച്ചിത്ര അവാര്‍ഡ് നിര്‍ണയ സമിതി അംഗം, ടെലിവിഷന്‍ അവാര്‍ഡ് ജൂറി അംഗം, ഫെഡറേഷന് ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യ കേരള റീജിണല്‍ വൈസ് പ്രസിഡന്റ് എന്നിങ്ങനെ വിവിധ പദവികള്‍ വഹിച്ചു.
വേണുവിന്റെ ജീവിതം അടിസ്ഥാനമാക്കി ചലച്ചിത്ര അക്കാദമിയും ഫെഡറേഷന് ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യയും ‘ചെലവൂര്‍ വേണു-ജീവിതകാലം’ ഡോക്യുമെന്ററി പുറത്തിറക്കി. സെക്രട്ടറിയറ്റില്‍ നിന്നും വിരമിച്ച സുകന്യ ആണ് ഭാര്യ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: