ആലക്കോട്: ആലക്കോട് സബ് രജിസ്റ്റര്‍ ഓഫീസില്‍ വനിതാ എന്‍ജിനീയറുടെ പേരില്‍ നിര്‍മ്മിച്ച വ്യാജ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് 64 ആധാരങ്ങള്‍ രജിസ്റ്റര്‍ ചെയ്ത സംഭവത്തില്‍ സമഗ്രഅന്വേഷണം വേണമെന്ന് ലൈസന്‍സ് എഞ്ചിനീയേഴ്സ് ആന്‍ഡ് സൂപ്പര്‍വൈസേഴ്സ് ഫെഡറേഷന് ആവശ്യപ്പെട്ടു. ലെന്‍സ്ഫെഡ് അംഗം ജമുന ജോസഫിന്റെ പേരിലാണ് കെട്ടിടങ്ങളുടെ 64 വ്യാജവാലുവേഷന് സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ച് ആധാരം രജിസ്റ്റര്‍ ചെയ്തത്.
സംഭവത്തില്‍ ജമുനയുടെ പരാതിയില്‍ ആലക്കോട് സിയാദ് ബില്‍ഡേഴ്സ് ഉടമ രാഹുല്‍ എന്നയാളുടെ പേരില്‍ കേസെടുത്തിരുന്നു. എന്നാല്‍ തളിപ്പറമ്പിലും ഇത്തരത്തില്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് വഴി ആധാരം രജിസ്റ്റര്‍ ചെയ്തതായുള്ള വിവരം ലഭിച്ചതായി ഭാരവാഹികള്‍ അറിയിച്ചു. ശ്രീകണ്ഠപുരം മേഖലയിലും തട്ടിപ്പ് നടന്നതായി സംശയം ഉണ്ട് .2014 ജനുവരി മുതലാണ് ജമുനയുടെ വ്യാജ സീലും ഒപ്പം ഉപയോഗിച്ച് കെട്ടിടങ്ങളുടെ വ്യാജവാലുവേഷന് സര്‍ട്ടിഫിക്കറ്റുകള്‍ തയ്യാറാക്കിയത്.
ബന്ധപ്പെട്ട രജിസ്റ്റര്‍ ഓഫീസില്‍ നിന്ന് എന്‍ജിനീയറെ വിളിച്ച് അന്വേഷണം നടത്തിയിട്ടില്ലെന്ന് ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി. ഇതിനെക്കുറിച്ച് വിവരാവകാശ നിയമം പ്രകാരം ആവശ്യപ്പെട്ടപ്പോഴാണ് മൂന്നുമാസം മുന്‍പ് 64 സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍മ്മിച്ച വിവരം ലഭിച്ചത് .അന്വേഷണം വന്നാല്‍ സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കിയ എന്‍ജിനിയറുടെ പേരിലും നടപടി വന്നേക്കാം. 9 ആധാരം എഴുത്തുകാര്‍ മുഖേനയാണ് 64 ആധാരങ്ങളും തയ്യാറാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: