ഡാലസ് : ടി20 ലോകകപ്പിലെ ഉദ്ഘാടന മത്സരത്തില്‍ കാനഡയ്ക്കെതിരെ യു എസിന്റെ വിജയശില്പി ആരോണ്‍ ജോണ്‍സണാണ്. 40 പന്തുകളില്‍ നിന്ന് താരം പുറത്താകാതെ 94 റണ്‍സാണ് നേടിയത്. 10 സിക്സും നാല് ഫോറും ആരോണ്‍ ജോണ്‍സിന്റെ ഇന്നിംഗ്സില്‍ പെടുന്നു.
ഏഴു വിക്കറ്റ് വിജയമാണ് മത്സരത്തില്‍ യുഎസ് നേടിയത്. ആദ്യം ബാറ്റു ചെയ്ത കാനഡ ഉയര്‍ത്തിയ 195 റണ്‍സ് വിജയലക്ഷ്യം മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 14 പന്തുകള്‍ ശേഷിക്കെയാണ് യുഎസ്എ മറികടന്നത്.
ആന്‍ഡ്രിസ് ഗോസ് അര്‍ധ സെഞ്ചുറിയുമായി ജോണ്‍സിന് ഉറച്ച പിന്തുണ നല്കി. ആന്‍ഡ്രിസ് ഗോസ് 46 പന്തില്‍ നിന്ന് മൂന്ന് സിക്സും ഏഴ് ഫോറുമടക്കം 65 റണ്‍സെടുത്തു. അലി ഖാന്, ഹര്‍മീത് സിങ്, കോറി ആന്ഡേഴ്സന് എന്നിവര്‍ ഓരോ വിക്കറ്റു വീതമെടുത്തു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ കാനഡ ഇന്ത്യന്‍ വംശജനായ നവ്നീത് ധാലിവാളിന്റെയും നിക്കോളാസ് കിര്‍ട്ടന്റെയും അര്‍ധ സെഞ്ച്വറി കരുത്തില്‍ നിശ്ചിത ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 194 റണ്‍സെടുത്തു.നവ്നീത് ധലിവാള്‍ (61 ), നിക്കോളാസ് കീര്‍ട്ടണ്‍ (51) എന്നിങ്ങനെയാണ് റണ്‍സ് നേടിയത്.
അവസാന ഓവറുകളില്‍ ശ്രേയസ് മൊവ്വയുടെ മികച്ച പ്രകടനമാണ് കാനഡ സ്കോര്‍ 194-ല്‍ എത്താന്‍ കാരണം. 16 പന്തില്‍ നിന്ന് രണ്ട് വീതം സിക്സും ഫോറുമടക്കം മൊവ്വ 32 റണ്‍സുമായി പുറത്താകാതെ നിന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: