കോട്ടയം: അപകട ഇന്‍ഷുറന്‍സ് കേസുകളില്‍ വക്കീല്‍ഫീസിനത്തില്‍ ഇരട്ടി തുക വാങ്ങി തട്ടിപ്പ് നടത്തിയ നാഷണല്‍ ഇന്‍ഷുറന്‍സ് കമ്പനി പാലാ ബ്രാഞ്ചിലെ രണ്ട് മുന്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ സി.ബി.ഐ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടു. മുന്‍ ബ്രാഞ്ച്് മാനേജര്‍ ആര്.എസ് വിനോദ് കുമാര്‍, മുന്‍ അസിസ്റ്റന്റ് മാനേജര്‍ നീതു മാത്യു എന്നിവര്‍ക്കെതിരയാണ് അന്വേഷണം. പാലാ മോട്ടോര്‍ ആക്സിഡന്റ് ഇന്‍ഷുറന്‍സ് കമ്പനിയുടെ പാനല്‍ അഭിഭാഷകനായ കോട്ടയം സ്വദേശി ജോയി മാത്യു നല്കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ് . തട്ടിപ്പിന്റെ ഗൗരവം കണക്കിലെടുത്ത് സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ തന്നെ അന്വേഷണം നടത്താമെന്ന് കോടതി നിര്‍ദേശിച്ചു.
2019 ല്‍ തന്റെ അക്കൗണ്ടിലേക്ക് പലതവണ വക്കീല്‍ ഫീസിന്റെ ഇരിട്ടി തുക നീതു നിക്ഷേപിക്കുകയും തുടര്‍ന്ന് ഫീസ് കഴിച്ച് ബാക്കി തുക പണമായി തിരികെ വാങ്ങിയതും ശ്രദ്ധയില്‍ പെട്ടതോടെയാണ് ഇതിനു പിന്നില്‍ തട്ടിപ്പുണ്ടെന്ന് ജോയി മാത്യുവിന് മനസിലായത്. മറ്റ് പാനല്‍ അഭിഭാഷകരോട് ആരാഞ്ഞപ്പോള്‍ അവര്‍ക്കും ത്തരം അനുഭവമുള്ളതായി അറിഞ്ഞു. തുടര്‍ന്ന് ജോയി മാത്യു നാഷണല്‍ ഇന്‍ഷുറന്‍സ് കമ്പനിയുടെ മേലധികാരികള്‍ക്ക് പരാതി നല്കി. ഇതോടെ 2021 ല്‍ നീതുവിനെ സസ്പെന്‍ഡ് ചെയ്തതല്ലാതെ തുടര്‍ നടപടികള്‍ ഉണ്ടായില്ല. വിജിലന്‍സിനെയും സിബിഐയെയും സമീപിച്ചെങ്കിലും നിരാശയായിരുന്നു ഫലം. തുടര്‍ന്നാണ് ജോയി മാത്യു ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.
നിലവില്‍ വിനോദ് കുമാര്‍ കോട്ടയം ഡിവിഷണല്‍ മാനേജരും നീതു മാത്യു മേട്ടുപ്പാളയം ബ്രാഞ്ച് അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: