India

കട്ടിങ്ങ് സൗത്ത് നടക്കില്ല മക്കളേ; മൂന്നിടത്ത് മോദിയുടെ പടയോട്ടം; ഇടത്-ദ്രാവിഡ-മുസ്ലിം കോട്ടകളില്‍ അക്കൗണ്ടും തുറന്നു

'കട്ടിങ്ങ് സൗത്ത്' എന്ന് മേനി നടിച്ചിരുന്നവരോട് എക്സിറ്റ് പോള്‍ ഫലങ്ങളിലൂടെ മോദി പകരംവീട്ടിക്കഴിഞ്ഞു. തെക്കേയിന്ത്യയിലെ എല്ലാം സ്ഥാനങ്ങളിലും മോദിയുടെയും ബിജെപിയുടെയും അടയാളം ഇക്കുറി പതിയും.

Published by

‘കട്ടിങ്ങ് സൗത്ത്’ എന്ന് മേനി നടിച്ചിരുന്നവരോട് എക്സിറ്റ് പോള്‍ ഫലങ്ങളിലൂടെ മോദി പകരംവീട്ടിക്കഴിഞ്ഞു. തെക്കേയിന്ത്യയിലെ എല്ലാം സ്ഥാനങ്ങളിലും മോദിയുടെയും ബിജെപിയുടെയും അടയാളം ഇക്കുറി പതിയും.

തെലുങ്കാനയിലും ആന്ധ്രപ്രദേശിലും കര്‍ണ്ണാടകയിലും ബിജെപി പടയോട്ടമാണെങ്കില്‍ ബിജെപിക്ക് പിടി കൊടുക്കാതെ നിന്ന തമിഴ്നാട്ടിലും കേരളത്തിലും ബിജെപി അക്കൗണ്ട് തുറക്കും. ഇതാണ് ഇന്ത്യാടുഡേ-ആക്സിസ് മൈ ഇന്ത്യ മുതല്‍ എല്ലാ എക്സിറ്റ് പോളുകളിലും കാണുന്ന ഫലം.

കേരളത്തില്‍ അക്കൗണ്ട് തുറക്കും

കേരളത്തില്‍ മൂന്ന് സീറ്റുകള്‍ വരെ നേടുമെന്നും തൃശൂരില്‍ സുരേഷ് ഗോപി വിജയിക്കുമെന്നും ഏതാണ്ട് എക്സിറ്റ് പോള്‍ പ്രവചിച്ച് കഴിഞ്ഞു. രണ്ടാമത്തെ സീറ്റ് തിരുവനന്തപുരമാണ്. അവിടെ രാജീവ് ചന്ദ്രശേഖറിന് നേരിയ മുന്‍തൂക്കം പ്രവചിക്കുന്നു. ആറ്റിങ്ങലില്‍ മറ്റൊരു സാധ്യത കല്‍പിക്കപ്പെടുന്നത്.

തമിഴ്നാട്ടിലും നാല് സീറ്റുകള്‍ വരെ; അണ്ണാമലൈ കോയമ്പത്തൂരില്‍ എളുപ്പം തോല്‍ക്കില്ല

തമിഴ്നാട്ടില്‍ ബിജെപി രണ്ട് മുതല്‍ നാല് സീറ്റുകള്‍ വരെ നേടുമെന്ന് ഇന്ത്യാടുഡേ-ആക്സിസ് മൈ ഇന്ത്യ മുതല്‍ എല്ലാ എക്സിറ്റ് പോള്‍ ഫലം പറയുന്നു. ഡിഎംകെ നേതൃത്വത്തിലുള്ള ഇന്ത്യാ മുന്നണി 37 സീറ്റുകള്‍ വരെ നേടമാമെന്നും പറയുന്നു. അതേ സമയം ഇന്ത്യാ ടിവി-സിഎന്‍എക്സ് സര്‍വ്വേ പറയുന്നത് ബിജെപി ഏഴ് സീറ്റുകള്‍ വരെ നേടാമെന്നാണ്. ഡിഎംകെ നേതൃത്വത്തിലുള്ള ഇന്ത്യാ മുന്നണി 26 സീറ്റുകള്‍ നേടുമെന്നും പറയുന്നു. ഏഴ് സീറ്റുകള്‍ വരെ നേടിയാല്‍ അത് അണ്ണാമലൈയുടെ വിജയമാകും.

എന്തായാലും അണ്ണാമലൈയെ വന്‍ഭൂരിപക്ഷത്തിന് തോല്‍പിക്കാമെന്ന ഡിഎംകെ നേതാവ് സ്റ്റാലിന്റെ സ്വപ്നത്തിന് ജൂണ്‍ നാല് വരെ കാത്തിരിക്കേണ്ടി വരും. കാരണം ഇവിടെ ഇഞ്ചോടിഞ്ച് പോരാട്ടം തന്നെയായിരിക്കും നടക്കുക. ജൂണ്‍ നാലിന് അവസാനനിമിഷം വരെ കാത്തിരിക്കേണ്ടതായി വരുമെന്ന് ഇന്ത്യാ ടുഡേ-ആക്സിസ് മൈ ഇന്ത്യ സര്‍വ്വേ പറയുന്നു.

തെലുങ്കാനയില്‍ ബിജെപി മുന്നേറ്റം

തെലുങ്കാനയിലും ലോക് സഭാ തെരഞ്ഞെടുപ്പില്‍ ആകെയുള്ള 17 സീറ്റുകളില്‍ ബിജെപി 11 മുതല്‍ 12 സീറ്റുകള്‍ വരെ വിജയിച്ചേക്കുമെന്ന് ഇന്ത്യാ ടുഡേ-ആക്സിസ് മൈ ഇന്ത്യ സര്‍വ്വേ. ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ തോറ്റ കെ.സി. ചന്ദ്രശേഖരറാവുവിന്റെ ഭാരത രാഷ്‌ട്രസമിതി (ബിആര്‍എസ്) ഇക്കുറി നിലം തൊടാന്‍ സാധ്യതയില്ലെന്നും സര്‍വ്വേ പറയുന്നു.

2019ല്‍ ബിജെപിയ്‌ക്ക് നാല് ലോക് സഭാ സീറ്റുകള്‍ മാത്രമാണ് വിജയിക്കാന്‍ കഴിഞ്ഞത്. ബിആര്‍എസ് 9 സീറ്റുകള്‍ വരെ നേടിയിരുന്നു. കെസിആറിന്റെ ഈ മേല്‍ക്കൈയാണ് ഇക്കുറി നഷ്ടപ്പെടാന്‍ പോകുന്നത്.

കര്‍ണ്ണാടകയില്‍ ബിജെപി തരംഗം
കര്‍ണ്ണാടകത്തില്‍ ബിജെപി-ജനതാദള്‍ തരംഗം പ്രവചിച്ച് ഇന്ത്യാ ടുഡേ-ആക്സിമൈ ഇന്ത്യ സര്‍വ്വേ. ടൈംസ് നൗ, ടിവി18 സര്‍വ്വേകളും സമാനതരത്തിലുള്ള ഫലങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്.

ആകെയുള്ള 28 സീറ്റുകളില്‍ 23 മുതല്‍ 26 സീറ്റുകള്‍ വരെ ബിജെപി-ജനതാദള്‍ സഖ്യമായ എന്‍ഡിഎ നേടുമെന്ന് ടൈംസ് നൗ-ഇടിജി റിസര്‍ച്ച് പ്രവചിക്കുന്നു. മറ്റ് സര്‍വ്വേകള്‍ ബിജെപി-ജനതാദള്‍ സഖ്യമായ എന്‍ഡിഎയ്‌ക്ക് 20 സീറ്റുകള്‍ വരെ പ്രവചിക്കുന്നു.

ആന്ധ്രയിലും എന്‍ഡിഎ തരംഗം
ആന്ധ്രാപ്രദേശില്‍ ഇക്കുറി ചന്ദ്രബാബു നാഡിയു-പവന്‍ കല്യാണ്‍-ബിജെപി സഖ്യം തൂത്തുവാരുമെന്ന് സര്‍വ്വേ. ആകെയുള്ള 25 ലോക് സഭാ സീറ്റുകളില്‍ 21 മുതല്‍ 25വരെ ചന്ദ്രബാബു നാഡിയു-പവന്‍ കല്യാണ്‍-ബിജെപി ഉള്‍പ്പെടുന്ന എന്‍ഡിഎ സഖ്യം നേടുമെന്ന് എബിപി-സി വോട്ടര്‍ സര്‍വ്വേ പറയുന്നു. റിപ്പബ്ലിക് ടിവി- പി മാര്‍ക് സര്‍വ്വേയും ഇതിന് സമാനമായ ഫലമാണ് പ്രവചിച്ചത്. അതുപോലെ ഇന്ത്യാടിവി-സിഎന്‍എക്സ് പോളും ഇതേ സര്‍വ്വേ ഫലം പ്രവചിക്കുന്നു.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക