ജൂണ്‍ മാസം കേരളത്തില്‍ സ്‌കൂള്‍ അവധിക്കാലം കഴിഞ്ഞ് പുനപ്രവര്‍ത്തനത്തിലേക്ക് കടക്കുന്ന കാലമാണ്. കാലാവസ്ഥയുടെ ഏറെക്കാലത്തെ ക്രമക്കണക്കില്‍ ‘ആകാശം തുറന്ന്’ മഴ വീഴുന്ന കാലമാണ്. ലോകപരിസ്ഥിതി ദിനവും ജൂണ്‍മാസമാണ്. ഇത്തവണ, 2024ലെ, ജൂണ്‍ മാസം ഭാരതത്തിലെ പൊതു തെരഞ്ഞെടുപ്പിന്റെ ഫലം വരുന്നുവെന്ന പ്രത്യേകതയുമുണ്ട്. ഒപ്പം, പ്രകൃതികാലാവസ്ഥാ പ്രവചനക്കണക്കില്‍ ഒട്ടും സമാധാനം തരാതെ, കാലുഷ്യകാലം വരുന്നുവെന്ന മുന്നറിയിപ്പും ഉണ്ടായിരിക്കുന്നു.
ഇപ്പറഞ്ഞത് ഓരോന്നും പ്രത്യേകം പരിശോധിച്ചാല്‍ വ്യക്തിയുടെ വിഷയമാണ്; സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ സമൂഹത്തിന്റെ വിഷയവുമാണ്. സ്‌കൂളില്‍ പോവുക, പഠിക്കുക എന്നത് വ്യക്തിയുടെ താല്‍പ്പര്യവും ആവശ്യവുമാണെങ്കിലും വിദ്യാസമ്പന്നരായ ജനത ഒരു രാജ്യത്തിന്റെ ആവശ്യമാണ്. സാര്‍വത്രികസൗജന്യ അടിസ്ഥാന വിദ്യാഭ്യാസം അവകാശമായി മാറിയതും മാറ്റിയതും അതുകൊണ്ടാണല്ലോ. എന്നാല്‍ വിദ്യാഭ്യാസം കാലാനുസൃതമായ, ആവശ്യത്തിനുതകുന്ന, ആരോഗ്യകരമായ പഠന സംവിധാനമാകേണ്ടതുണ്ട്. വിദ്യാര്‍ത്ഥിയും അധ്യാപകനും അദ്ധ്യാപന പഠന സംവിധാനവുമൊക്കെ ഏറെ പരിഷ്‌കരിക്കപ്പെടാനുണ്ട്. ന്യൂ എഡ്യൂക്കേഷണല്‍ പോളിസി (എന്‍ഇപി) ഒരു പരിധിവരെ ഈ കാര്യത്തില്‍ പുതിയ, മികച്ച, കുറ്റമറ്റ ചുവടുവയ്‌പ്പാണ്. ഒരു പുതിയ തലമുറ വിദ്യാഭ്യാസം പഴമയുടെ, പാരമ്പര്യത്തിന്റെ, പൈതൃകത്തിന്റെ കരുത്തു ചോരാതെ നടപ്പിലാക്കുകയാണ് ലക്ഷ്യം. ചിലര്‍ ഉയര്‍ത്തുന്ന രാഷ്‌ട്രീയ എതിര്‍പ്പുകള്‍ ഒഴിച്ചാല്‍ വിദഗ്‌ദ്ധന്മാരും ഈ പുതിയ നയ പരിപാടികള്‍ക്കൊപ്പമാണ്. എന്നാല്‍, ഈ ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കുന്നതിന് പകരം, സംസ്ഥാനങ്ങള്‍ അതത് പ്രദേശത്തെ താല്‍പ്പര്യങ്ങള്‍ക്കനുസരിച്ച് വിദ്യാഭ്യാസ സമ്പ്രദായം ചിട്ടപ്പെടുത്തുമെന്നൊക്കെയുള്ള പ്രഖ്യാപനങ്ങളും നടപടികളുമായി കേരളം മുന്നോട്ടുപോകുന്നതിന് ശ്രമിക്കുന്നതായി വാര്‍ത്തകള്‍ വരുന്നു. അതല്ല നിരീക്ഷണ വിഷയം. എങ്കിലും അതേക്കുറിച്ച് പറയാതെയും വയ്യ.
ആരെ എതിര്‍ക്കാനാണ് ഒരു ഭരണകൂടം, അവരുടെ രാഷ്‌ട്രീയ അല്‍പ്പ വീക്ഷണത്തിന്റെ പേരില്‍ ഒരു സംസ്ഥാനത്തെ തോല്‍പ്പിക്കുന്നത് എന്നതാണ് ചോദ്യം. അക്ഷരമാല മുതല്‍ പാഠപുസ്തകത്തിലും ചോദ്യപേപ്പറിലും പരീക്ഷയിലും പരീക്ഷാ ഫലത്തിലും പരീക്ഷണങ്ങള്‍ നടത്തുകയും തുടര്‍ച്ചയായി പരാജയപ്പെടുകയും ചെയ്യുന്ന ഒരു സംസ്ഥാനത്തിന് ആരാണ് മാര്‍ക്കിടേണ്ടത്? ഒരുകാലത്ത് വിദ്യാഭ്യാസആരോഗ്യ മേഖലയില്‍ ഒന്നാമത് നിന്നിരുന്ന കേരളം ഇന്ന് പിന്നാമ്പുറത്താകുകയാണ് പൊതുമത്സരവേദികളില്‍. അവനവന്റെ തട്ടകത്ത് ആശാന്‍ കളിച്ചിട്ടെന്തു കാര്യം, ആരാനോട് ഏല്‍ക്കുമ്പോള്‍ അടവുകള്‍ ഫലിക്കാതെ വരും. അത് മനസ്സിലാക്കാന്‍ വേണ്ടത് ഇത്രമാത്രം: പത്താം ക്ലാസ് പരീക്ഷയില്‍ 99.99 ശതമാനം വിജയം നേടിയതിന് നെഞ്ചുവിരിച്ചു നില്‍ക്കുന്നവര്‍ അങ്ങനെ വന്‍ വിജയം നേടിയ കുട്ടികളുടെ പ്ലസ്‌വണ്‍ പരീക്ഷാഫലം വിലയിരുത്തിയാല്‍ മതി. അത് നില്‍ക്കട്ടെ.
ലോക പരിജ്ഞാനമുള്ള കുട്ടികള്‍ക്ക് നാട്ടറിവും നാടന്‍ സംസ്‌കൃതിയും പാരമ്പര്യവും പൈതൃകവും കൂടി ലഭ്യമാക്കാന്‍ എന്തു ചെയ്യണം എന്നതാണ് ചോദ്യം, അതായിരിക്കണം. പരിസ്ഥിതി ദിവസമാണ്, സംസ്ഥാനത്ത് ഈ വര്‍ഷത്തെ പഠനത്തിന് സ്‌കൂള്‍ തുറക്കാന്‍ നിശ്ചയിച്ചിരിക്കുന്ന ജൂണ്‍ നാലിന്റെ പിറ്റേന്ന്. പരിസ്ഥിതി ദിനവും ഭൗമദിനവും വിദ്യാര്‍ത്ഥികള്‍ ആഘോഷിക്കും. കുറച്ച് ചെടികളും മരത്തൈകളും സ്‌കൂള്‍ അങ്കണത്തില്‍ ഈ വര്‍ഷവും നടും. കുറച്ച് വീടുകളിലേക്ക് കൊടുത്തയയ്‌ക്കും; പ്രതിവര്‍ഷം നടക്കുന്ന പ്രവൃത്തി. പക്ഷേ ആ മരത്തൈകള്‍ വളര്‍ന്നോ മരമായോ എങ്കില്‍ എത്രത്തോളം എന്നെല്ലാമുള്ള കണക്ക് ആരുടെ പക്കലുണ്ട്? വനംവകുപ്പ് പ്രതിവര്‍ഷം ഇതിനായി ചെലവഴിക്കുന്നത് എത്ര കോടി? പരിസ്ഥിതി ദിനമാചരിക്കാന്‍ വരുന്ന ചെലവിനെക്കുറിച്ച്, കുറഞ്ഞത് 20 വര്‍ഷത്തെ ചെലവ്, സോഷ്യല്‍ ഓഡിറ്റിങ്ങിന് വിധേയമാക്കണം. ആ ചെലവുകൊണ്ടുണ്ടായ ലാഭനഷ്ടങ്ങള്‍ വിലയിരുത്തണം. അതുമല്ല ഇവിടെ വിഷയം.
പരിസ്ഥിതി സംരക്ഷണം വനസംരക്ഷണമല്ല. വനസംരക്ഷണം മരം നട്ടുപിടിപ്പിക്കലല്ല. മരം നടല്‍ വര്‍ഷത്തില്‍ ഒരിക്കല്‍ നടത്തേണ്ട പ്രവര്‍ത്തനമല്ല. പരിസ്ഥിതി സംരക്ഷണം പ്രകൃതി സംരക്ഷണമാണെന്ന ബോധം ജനിപ്പിക്കാന്‍ കഴിയണം. സത്യമാണ്, പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനംകൊണ്ട് ഉണ്ടായ ബോധവല്‍ക്കരണം പ്രകൃതിയെ വലിയ തോതില്‍ സംരക്ഷിക്കാന്‍ അവസരമൊരുക്കിയിട്ടുണ്ട്. മരംമുറിക്കല്‍ വലിയൊരു പ്രകൃതി നശീകരണ പ്രവര്‍ത്തനമായപ്പോള്‍ അതിനെതിരെ കവിതയെഴുതിയും, ലേഖനം പ്രസിദ്ധീകരിച്ചും പ്രഭാഷണം നടത്തിയും കരഞ്ഞും ക്ഷോഭിച്ചും നടന്ന, മണ്‍മറഞ്ഞ, സുഗതകുമാരിയുടെ സമര്‍പ്പിത ജീവിതം പോലെ, പ്രൊഫ. ശോഭീന്ദ്രന്റെ പ്രവര്‍ത്തനങ്ങള്‍ പോലെ ഒട്ടേറെപ്പേര്‍ നടത്തിയ അര്‍പ്പണത്തിന് വലിയ സ്വാധീനം സമൂഹത്തില്‍ വരുത്താനായി. പക്ഷേ അത് മരത്തില്‍ ഒതുങ്ങിപ്പോയോ? പോയില്ലേ? അതിനപ്പുറം പ്രകൃതി സംരക്ഷണം ഒരു ജീവിതപദ്ധതിയാണെന്ന് മനസ്സിലാക്കിക്കൊടുക്കാനുള്ള പരിശ്രമങ്ങള്‍ ഇനിയും തുടങ്ങിയിട്ടില്ല എന്നതാണ് അടിസ്ഥാന പ്രശ്‌നം. ഋതുക്കള്‍ മാറിയതല്ല കാലാവസ്ഥയുടെ പ്രശ്‌നമെന്നത് ശാസ്ത്രീയമായി തിരിച്ചറിയപ്പെട്ടിട്ടില്ല, അഥവാ ആ അറിവ് ശാസ്ത്രലോകത്ത് മാത്രമായി ഒതുങ്ങിനില്‍ക്കുന്നു.
ഈ അറിവും അതിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരവും താഴേത്തട്ടിലെത്തിക്കാന്‍ എന്ത് ചെയ്യുന്നുവെന്നതാണ് ചോദ്യം. കൊടും ചൂടില്‍, ദല്‍ഹിയില്‍, 52 ഡിഗ്രി സെല്‍ഷ്യസില്‍ ഒരു മലയാളി പോലീസ് ഉദ്യോഗസ്ഥന്‍ മരണപ്പെട്ടുവെന്ന വാര്‍ത്ത ഞെട്ടിക്കുന്നതാണ്. 25 വര്‍ഷം മുമ്പ് ദല്‍ഹിയില്‍ പരിസ്ഥിതികാലാവസ്ഥാമാറ്റ വിഷയങ്ങളിലെ സെമിനാറുകളിലുയര്‍ന്ന മുന്നറിയിപ്പ് ഇതൊക്കെയായിരുന്നു. മലയാളിക്ക് അത്തരം മരണവിധികള്‍ക്ക് കേരളത്തില്‍നിന്ന് ദല്‍ഹിയില്‍ പോകാതെ ഇവിടെത്തന്നെ അനുഭവിക്കേണ്ടിവരുന്ന ദുരന്തകാലം വിദൂരമായിരിക്കില്ല. അത് ഇവിടെയെന്നല്ല ഒരിടത്തും സംഭവിക്കാതിരിക്കട്ടെ.
പക്ഷേ, ഇപ്പോള്‍ നമ്മള്‍ പിന്നിട്ട വേനല്‍ക്കാലത്ത് കേരളത്തില്‍ വിറ്റഴിക്കപ്പെട്ട എയര്‍കണ്ടീഷണറുകളുടെ കണക്ക് എടുക്കണം, അവയില്‍ എത്ര എണ്ണം, വൈദ്യുതി ഉപയോഗം, കാര്‍ബണ്‍ ഡയോക്‌സൈഡിന്റെ പുറന്തള്ളല്‍, ശീതീകരണം തുടങ്ങിയ വിഷയങ്ങളില്‍ അന്താരാഷ്‌ട്ര അംഗീകൃത മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ട് എന്നു വിലയിരുത്തണം. മാനദണ്ഡങ്ങള്‍ ലംഘിച്ച ബ്രാന്‍ഡുകളുടെ കമ്പനികള്‍ക്കെതിരെ നടപടിയെടുക്കണം. ‘എത്ര സുന്ദരമായ നടക്കാത്ത സ്വപ്‌നങ്ങള്‍’ എന്നേ പറയാനാവൂ. അതായത്, ഒരു മരത്തൈ നടുന്നതല്ല, പ്രകൃതി സംരക്ഷണം, പരിസ്ഥിതി സംരക്ഷണം.
കടുത്ത വേനല്‍ മാറി പെട്ടെന്ന് മഴ പെയ്യുമ്പോള്‍ പ്രളയത്തെ പേടിക്കുന്നതിനു കാരണം മലകള്‍ ഇടിച്ചു നിരത്തിയതിനാലാണ്. ഭൂമിയില്‍ മണ്ണടരുകളുടെ ആണിക്കല്ലുകള്‍പോലെ നിന്നിരുന്ന മലകളേയും കുന്നുകളേയുമാണ് തല്ലിപ്പൊടിച്ച് മറ്റാവശ്യങ്ങള്‍ക്ക് വിനിയോഗിക്കുന്നത്. സമതലങ്ങളും നിമ്‌നോന്നതങ്ങളും കുണ്ടും കുഴിയുമെല്ലാം ആവശ്യമായിരിക്കെ സകലതും ഒരേ തലത്തിലാക്കിയതും അതിന് ചെയ്തു കൂട്ടിയതും പ്രകൃതിക്ക് വിരുദ്ധമായിരുന്നു. മരം വനമല്ല, വനം പ്രകൃതിയെന്ന തിരിച്ചറിവ് എല്ലാത്തലത്തിലും ഇല്ലാതായാണ് പ്രശ്‌നം.
സ്‌കൂള്‍ തലത്തില്‍ പ്രായോഗികമായ വിജ്ഞാനവും പൈതൃകമായ അറിവും വ്യാപിപ്പിക്കുകയാണ് ഇനി ഒരേയൊരു വഴി. മലയും കാടും താഴ്‌വാരവും ഒക്കെക്കണ്ടുനടന്നുനീങ്ങുന്ന സംഘത്തിലെ യുവതലമുറ, അല്ല കൗമാരക്കാര്‍ തമ്മില്‍ പറയുന്നു: ‘തേനീച്ചയാണ് നമ്മുടെ ഒരു പ്രധാന സമ്പത്ത്. കാടിന്റെ ഈണം നിയന്ത്രിക്കുന്നത് തേനീച്ചയും താളം നിശ്ചയിക്കുന്നത് കാറ്റുമാണ്. തേനീച്ചയില്ലെങ്കില്‍ തേന്‍ മാത്രമല്ല നമുക്ക് കിട്ടാതാകുന്നത്…’ പിന്നെ അതേക്കുറിച്ചുള്ള വിശദീകരണങ്ങള്‍ നീണ്ടു. അത്ഭുതവും ആനന്ദവും തോന്നി, യുവതലമുറയില്‍ വിശ്വാസം പൂര്‍ണമായി നഷ്ടപ്പെടാറായിട്ടില്ല എന്ന ആശ്വാസവും.
ഒരു ട്രെയിന്‍ യാത്രയില്‍ അഞ്ചു കുട്ടികള്‍ സഹയാത്രികരായുണ്ട്. അവര്‍ ഒരു മെട്രോ നഗരത്തില്‍നിന്ന് വന്നു മടങ്ങുന്ന ബന്ധുവിനോടൊപ്പം കേരളത്തിലെ ഗ്രാമത്തില്‍നിന്നു പോവുകയാണ്. അവര്‍ പുസ്തകങ്ങള്‍ വായിക്കുന്നു. പുസ്തകങ്ങളിലെ കഥകളെയും ഉള്ളടക്കത്തെയുംക്കുറിച്ച് ചര്‍ച്ച ചെയ്യുന്നു. തര്‍ക്കങ്ങള്‍ തീര്‍ക്കാന്‍ വിവര പരിശോധനയ്‌ക്ക് മാത്രം മൊബീല്‍ ഫോണില്‍ ഇന്റര്‍നെറ്റിനെ ആശ്രയിക്കുന്നു. കവിത പാടുന്നു. ഇംഗ്ലീഷ് വാക്കുകളുടെ ഉച്ചാരണ വൈവിധ്യം ചര്‍ച്ച ചെയ്യുന്നു. മഴയെക്കുറിച്ച്, ചൂടിനെക്കുറിച്ച് കാലാവസ്ഥയെക്കുറിച്ച് പറയുന്നു. നഗരം നാട്ടിന്‍പുറത്തുനിന്ന് കേള്‍ക്കുന്നു. നാട്ടിന്‍പുറത്തിന് നഗരം ഏറ്റവും പുതിയ വിവരങ്ങള്‍ കൈമാറുന്നു. അഞ്ചുപേരും ഹൈസ്‌കൂളിലേക്ക് കടക്കുന്നതേയുള്ളൂ. ഇടയ്‌ക്ക് സഹയാത്രികര്‍ക്ക് ശല്യമാകരുതെന്ന് തമ്മില്‍ത്തമ്മില്‍ ഓര്‍മിപ്പിക്കുന്നു. മുതിര്‍ന്നവരെ പരിചയപ്പെട്ട് കുശലം ചോദിക്കുന്നു, അവരുടെ വാദങ്ങളില്‍ മധ്യസ്ഥരാക്കുന്നു. പ്രതീക്ഷ വാസ്തവത്തില്‍ ഉയരുകയാണ്. പക്ഷേ, അവരെ നയിക്കേണ്ടവരും അതിന് നയം ഉണ്ടാക്കുന്നവരുമാണ് പ്രതീക്ഷ തകര്‍ക്കുന്നത്; ആശങ്കയുണ്ടാക്കുന്നത്. ശരി അറിയാമായിട്ടും തെറ്റിന്റെ വഴിയില്‍ ഒരു തലമുറയെ നടത്തുന്നത്. അവര്‍ക്ക് നല്ലത് തോന്നിക്കാന്‍ പ്രാര്‍ത്ഥന പോരല്ലോ!
പിന്‍കുറിപ്പ്:
പ്രധാനമന്ത്രിക്ക് ധ്യാനിക്കാനുള്ള അവകാശം തടഞ്ഞ് കന്യാകുമാരിയില്‍ നരേന്ദ്ര മോദിയെ വിലക്കണമെന്ന് കോണ്‍ഗ്രസ് പാര്‍ട്ടി കോടതിയോട്. ഭരണഘടന നല്‍കിയിട്ടുള്ള അവകാശങ്ങള്‍ എന്തൊക്കെയാണെന്നറിയണമെങ്കില്‍ അത് വായിക്കണമല്ലോ!!
പ്രതികരിക്കാൻ ഇവിടെ എഴുതുക: