പുനെ: മദ്യലഹരിയില്‍ പ്രായപൂര്‍ത്തിയാകാത്ത പയ്യന് ഓടിച്ച പോര്‍ഷെ ആഡംബര കാറിടിച്ച് രണ്ട് പേര് കൊല്ലപ്പെട്ട സംഭവത്തില്‍ വീണ്ടും ട്വിസ്റ്റ്. പൊലീസിന്റെ പിടിയില്‍ നിന്നും മകനെ രക്ഷിക്കാന്‍ പൊലീസിന് സ്വന്തം രക്തസാമ്പിള്‍ നല്കിയ അമ്മയെ പൂനെ പൊലീസ് അറസ്റ്റ് ചെയ്തു. മകന്റെ രക്തത്തില്‍ മദ്യത്തിന്റെ അംശമുള്ളതിനാലാണ് സ്വന്തം രക്തം അമ്മ നല്‍കിയത്.
ഇതോടെ വീട്ടിലെ നാല് പേരും അറസ്റ്റിലായി. കാറോടിച്ച പയ്യന്. അമ്മ, അച്ഛന്, അപ്പൂപ്പന് എന്നിവരാണ് അറസ്റ്റിലായത്. മദ്യലഹരിയിലുള്ള പരുക്കന്‍ ഡ്രൈവിങ്ങില്‍ ആഡംബരക്കാറായ പോര്‍ഷെ തട്ടി യുവ സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍മാരായ അനീഷ് അവാദിയ, അശ്വിനി കോഷ്ട എന്നിവരാണ് കൊല്ലപ്പെട്ടത്.
ഈ വാഹനാപകടത്തില്‍ പരിക്കേറ്റ അഞ്ച് പേരില്‍ രണ്ട് പേര് കൊല്ലപ്പെട്ടിരുന്നു. ഇവരെ പ്രവേശിപ്പിച്ച പൂനെയിലെ സാസ്സൂന്‍ ആശുപത്രിയിലെ രണ്ട് ഡോക്ടര്‍മാര്‍ ഈ രക്തസാമ്പിള്‍ മാറ്റിയതിന് പിന്നില്‍ പ്രവര്‍ത്തിച്ചിരുന്നു. ഇവരെ രണ്ടു പേരെയും അറസ്റ്റ് ചെയ്തു. ഇവരാണ് മകന്റെ രക്തത്തിന് പകരം അമ്മയുടെ രക്തസാമ്പിള്‍ എടുത്ത് പൊലീസിന് നല്‍കിയത്. അതില്‍ മദ്യത്തിന്റെ അംശം ഇല്ലായിരുന്നു.
കാറോടിച്ച പയ്യന്റെ അച്ഛന് റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരനായ വിശാല്‍ അഗര്‍വാള്‍, അപ്പൂപ്പനായ സുരേന്ദ്ര അഗര്‍വാള്‍ എന്നിവരെയും നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പയ്യന് ഇപ്പോള്‍ യെര്‍വാദയിലെ ദുര്‍ഗുണ പരിഹാര ജയിലിലാണ്. നേരത്തെ ഈ പയ്യന് കോടതി ജാമ്യം നല്‍കിയിരുന്നത് വലിയ വിവാദമായിരുന്നു. തെറ്റ് ഏറ്റുപറയിച്ചും 300 വാക്കുകളുള്ള ലേഖനം എഴുതിച്ചും ആണ് കോടതി പയ്യനെ ജാമ്യത്തില്‍ വിട്ടയച്ചത്. ഇതോടെ വലിയ വിമര്ശനങ്ങല് ഉയര്‍ന്നതോടെയാണ് പയ്യനെ ജയിലിലയച്ചത്.
അച്ഛനും അപ്പൂപ്പനും ചേര്‍ന്ന് വീട്ടിലെ ഡ്രൈവറെ തട്ടിക്കൊണ്ട് പോയി ഈ കാറപകടത്തിന്റെ കുറ്റം ഏറ്റെടുക്കാന്‍ ആവശ്യപ്പെട്ടെങ്കിലും ഡ്രൈവര്‍ അതിന് തയ്യാറായില്ല. ഡ്രൈവറെ തട്ടിക്കൊണ്ടുപോയ കുറ്റത്തിന്റെ പേരിലാണ് അച്ഛനെയും അപ്പൂപ്പനേയും അറസ്റ്റ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: