നരേന്ദ്ര മോദിയേയും ഹിന്ദുത്വ പ്രസ്ഥാനങ്ങളേയും എങ്ങിനെ അപമാനിക്കണമെന്ന് ഗവേഷണം നടത്തുന്ന കേരളമാധ്യമങ്ങളുടെ ഏറ്റവും പുതിയ വിവാദ വിഷയമാണ് വാക്കിലൊളിപ്പിച്ച ഗാന്ധിനിന്ദ എന്ന ആക്ഷേപം. പ്രധാനമന്ത്രി നരേന്ദ്രമോദി ഗാന്ധിജിയെ ചെറുതാക്കിയെന്നും ഗാന്ധിയെ കുറിച്ച് പ്രധാനമന്തി അജ്ഞനാണെന്നും കോണ്‍ഗ്രസ്സ് പ്രസിഡന്റ് മല്ലികാര്‍ജുന ഖാര്‍ഗെയും കോണ്‍ഗ്രസ് വക്താക്കളും അധിക്ഷേപിക്കുന്നു. ഗാന്ധി നിന്ദ എന്നുപറഞ്ഞ് പെരുമ്പറ മുഴക്കുന്ന ഇക്കൂട്ടര്‍ വാസ്തവത്തില്‍ പ്രധാനമന്ത്രി പറഞ്ഞതിന്റെ കാതല്‍ മനസ്സിലാക്കാതെ യാഥാര്‍ത്ഥ്യത്തെ അവമതിക്കാനാണ് ശ്രമിക്കുന്നത്.
സുഘടിതമായ പ്രത്യയശാസ്ത്ര പദ്ധതിയുടെ ആവിഷ്കാരമായിട്ടാണ് പ്രധാനമന്ത്രിയുടെ ഈ പരാമര്‍ശം എന്നാണ് കേരളത്തിലെ ഒരു മുഖ്യധാര മാധ്യമം എഡിറ്റോറിയില്‍ എഴുതിയിട്ടുള്ളത്. ബ്രിട്ടീഷ് സിനിമ സംവിധായകന് റിച്ചാര്‍ഡ് അറ്റന്ബറൊയുടെ ഗാന്ധി എന്ന ചലചിത്രം 1982ല്‍ പുറത്തിറങ്ങുന്നതുവരെ മഹാത്മാഗാന്ധിയെ ലോകം കാര്യമായി അറിഞ്ഞിരുന്നില്ലന്ന് ഒരു ടെലിവിഷന്‍ അഭിമുഖത്തില്‍ നരേന്ദ്ര മോദി പറഞ്ഞു. അത് ഗാന്ധിജിയെ ചെറുതാക്കി എന്ന മുഖവുരയോടെ തുടങ്ങുന്ന മുഖപ്രസംഗത്തില്‍ ഗാന്ധിയെ ശത്രുപക്ഷത്ത് നിര്‍ത്തുന്ന പ്രത്യയശാസ്ത്രത്തെയാണ് പ്രധാനമന്ത്രി പ്രതിനിധാനം ചെയ്യുന്നതെന്ന പച്ചയായ കളവ് ഒരു ഉളുപ്പും ഇല്ലാതെ ഇതില്‍ പ്രഖ്യാപിക്കുന്നു.
വാസ്തവത്തില്‍ ബ്രിട്ടീഷ് സംവിധായകന് അറ്റന്ബറൊയുടെ പേരുപോലും സംവാദത്തില്‍ പ്രധാനമന്ത്രി സൂചിപ്പിച്ചിട്ടില്ല. അദ്ദേഹം പറയാത്ത കാര്യങ്ങള്‍ പറഞ്ഞും പറഞ്ഞതുവളച്ചൊടിച്ചും പറയേണ്ടത് പറയാതെയുമാണ് പ്രധാനമന്ത്രിക്ക് നേരെ വാക്കുകളില്‍ ഒളിപ്പിച്ച ഗാന്ധിനിന്ദ ആക്ഷേപമായി ഇവര്‍ ഉയര്‍ത്തുന്നത്. നരേന്ദ്ര മോദിക്കും ഹിന്ദുത്വ പ്രത്യയശാസ്ത്രപ്രസ്ഥാനങ്ങള്ക്കും എതിരെ കേരളത്തിലെ ഒരു വിഭാഗം മാധ്യമ ലോബി നടത്തുന്ന ഈ കുപ്രചരണങ്ങള്‍ ജുഗുപ്സാവഹവും അതിരുകടന്ന അധമ പ്രവൃത്തിയുമാണ്.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അധമന്മാരായ ഈ മാധ്യമ ലോബി മോദി വിരുദ്ധതയുടെ നെറികെട്ട ഭാഷയിലാണ് അന്തിചര്‍ച്ചകള്‍ സംഘടിപ്പിക്കുന്നത്. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ വിഷലിപ്തമായ രാഷ്ട്രീയ പ്രചരണകാലമായിരുന്നു ഇത്തവണത്തെ പൊതുതെരഞ്ഞെടുപ്പ് എന്നും മുസ്ലിം നൂനപക്ഷങ്ങള്‍ക്കെതിരെ നിരന്തരമായി നിരുത്തരവാദപരമായ പ്രസ്താവനകള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുകയാണന്നും വിഷലിപ്ത പ്രചരണത്തിന്റെ മുഴുവന്‍ ഉത്തരവാദിയും കാരണക്കാരനും പ്രധാനമന്ത്രി നരേന്ദ്ര മോദി മാത്രമാണന്നുമുള്ള കുറ്റപ്പെടുത്തലുകള്‍ നടത്തുന്ന ഈ മോദി വിരുദ്ധ മാധ്യമലോബി കോണ്‍ഗ്രസ്സും സഖ്യവും ഇന്ത്യയില്‍ ഉയര്‍ത്തുന്ന അപകടകരവും വകതിരിവും ഇല്ലാത്ത ജാതി സംവരണവും മതപ്രീണനവും കണ്ടില്ലന്ന് നടിച്ച് മൗനം പാലിക്കുന്നത്കോണ്ഗ്രസ്സിന്റെ ദിര്‍ഘകാലത്തെ ഭരണത്തില്‍ ലഭിച്ച എല്ലിന് കഷണത്തോടുള്ള പ്രതിപത്തിയാണൊ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. രാജ്യത്തിന്റെ വിഭവങ്ങളില്‍ പ്രഥമ അവകാശ മുസ്ലിം മതത്തിന് അര്‍ഹതപ്പെട്ടതാണെന്ന് മുന്‍ പ്രധാനമന്ത്രി ഡോ. മന്മോഹന് സിങ് കോണ്‍ഗ്രസ് മന്ത്രിസഭയുടെ പ്ലാനിങ്ങ് ബോര്‍ഡ് യോഗത്തില്‍ പറയുകയും അതനുസരിച്ച് പദ്ധതികള്‍ തയ്യാറാക്കുകയും ചെയ്തപ്പോള്‍ ഇത് ചോദ്യം ചെയ്ത മോദിയും ബിജെപിയും വര്‍ഗീയതയുടെ വിഷം തുപ്പുന്നു എന്ന് ആക്രോശിക്കുകയും ജാതി, മത പ്രീണനം നടത്തിയ മന്മോഹന് സിങ്ങിനേയും കോണ്‍ഗ്രസ്സിനേയും വിശുദ്ധ പശുകളാക്കി ചിത്രീകരിക്കുകയും ചെയ്യാനാണ് ഇവര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഈ മോദി വിരുദ്ധ മാധ്യമ ലോബിയുടെ പ്രധാനശത്രു പ്രധാനമന്ത്രി നരേന്ദ്രമോദി മാത്രമല്ല, ഭാരതത്തിന്റെ അഖണ്ഡതക്കുവേണ്ടി യത്നിക്കുന്ന ഹിന്ദുത്വ പ്രസ്ഥാനങ്ങളുമാണെന്നും തിരിച്ചറിയുമ്പോഴാണ് രാജ്യവിരുദ്ധതയാണ് മോദി വിരുദ്ധതയായി ഇവര്‍ ആസൂത്രണം ചെയ്യുന്നതെന്ന് വ്യക്തമാകുന്നത്.
ഗാന്ധിജി മഹാത്മാവായിട്ടും കഴിഞ്ഞ എഴുപത്തിഅഞ്ച് വര്‍ഷം ലോകം മുഴുവന്‍ ഗാന്ധിജിയെ അറിയിക്കേണ്ട ഉത്തരവാദിത്വം രാജ്യം ഭരിച്ചവര്‍ക്ക് ഉണ്ടായിരുന്നില്ലെ എന്ന നരേന്ദ്ര മോദിയുടെ ചോദ്യം കോണ്‍ഗ്രസ്സ് സര്‍ക്കാരുകളുടെ നെഞ്ചകം കിറി തുളയ്ക്കുന്നതിനാലാണ് കോണ്‍ഗ്രസ്സിനെ രക്ഷിക്കാന്‍ വാക്കുകള്‍ അടര്‍ത്തിയെടുത്ത് പരുഷമായ രീതിയില്‍ അവാസ്തവം ഈ അധമന്മാര് പ്രചരിപ്പിക്കുന്നത്. അന്താരാഷ്ട്ര തലത്തില്‍ ഭാരതത്തിന്റെ പൈതൃകവും പാരമ്പര്യവും സംസ്കാരവും പരിചയപ്പെടുത്തുന്നതില്‍ കോണ്‍ഗ്രസ്സിന്റെ ആദ്യ മന്ത്രിസഭമുതല്‍ അറുപതു വര്‍ഷം ഭരിച്ച കോണ്‍ഗ്രസ്സ് സര്‍ക്കാരുകള്‍ പരാജയപ്പെട്ടന്ന് മാത്രമല്ല, ഗാന്ധിജിയെപ്പോലും അന്തര്‍ദേശീയരംഗത്ത് അര്‍ഹിക്കുന്ന അംഗീകാരത്തോടെ ഉയര്‍ത്താന്‍ കഴിഞ്ഞിട്ടില്ലന്ന നരേന്ദ്ര മോദിയുടെ പ്രസ്താവന യാഥാര്‍ത്ഥ ബോധത്തോടെയുള്ള പരമസത്യം മാത്രമാണ്. ഇതേ കാര്യം ഇന്ദിരാഗാന്ധി ഒരു അമേരിക്കന്‍ പത്രപ്രവര്‍ത്തകനോട് പറഞ്ഞിട്ടുള്ളതുമാണ്. വിശ്വപൗരനായി നെഹ്റു സ്വയം അവരോധിക്കപ്പെട്ട കോണ്‍ഗ്രസ്സ് ഭരണത്തില്‍ ഗാന്ധിജിയും പട്ടേലും സുബാഷ് ചന്ദ്രബോസും സവര്‍ക്കറും തഴയപ്പെട്ടു. ലോകം ഗാന്ധിജിയെ അറിഞ്ഞിട്ടുണ്ടാകും, അത് അവരുടെ അന്വേഷണത്തിന്റെ ഭാഗമായിട്ടാണ്. ഭഗവദ്ഗീതയില്‍ അഭിരമിച്ച ആല്‍ബര്‍ട്ട് ഐന്സ്റ്റിന് ഗാന്ധിജിയെ കുറിച്ച് അറിഞ്ഞതും പറഞ്ഞതും സ്വാഭാവികമാണ്. അന്തര്‍ ദേശീയതലത്തില്‍ ഗാന്ധിജിയെ ഉയര്‍ത്താന്‍ രാജ്യം ഇത്രനാള്‍ എന്ത് ചെയ്തു എന്ന ചോദ്യമാണ് മോദിയുടെ ഗാന്ധി പരാമര്‍ശത്തിന്റെ കാതല്‍. മാര്ട്ടിന് ലൂഥര്‍ കിങ്ങിനേയും നെല്‍സണ്‍ മണ്ടേലയേയും ലോകം തിരിച്ചറിഞ്ഞിട്ടുണ്ടെങ്കില്‍ അവരേക്കാള്‍ ഒട്ടും പിന്നിലല്ലാത്ത ഗാന്ധിജിക്ക് എന്തു കൊണ്ട് ആ അംഗീകാരം ലഭിച്ചില്ല എന്ന പ്രധാനമന്ത്രിയുടെ ചോദ്യത്തിന് ഉത്തരം മുട്ടിയപ്പോഴാണ് കോണ്‍ഗ്രസ്സും കേരളത്തിലെ മാധ്യമങ്ങളും വാക്കുകള്‍ വളച്ചൊടിച്ച് വകതിരിവില്ലാത്ത ഭാഷയില്‍ പ്രതികരിക്കുന്നത്.
ഗാന്ധിജിയുടെ പേരും തൊപ്പിയും തട്ടിയെടുത്ത് ഗാന്ധിയന്‍ ആശയങ്ങളും അദ്ദേഹത്തിന്റെ ആഗ്രഹങ്ങളും കാലുകൊണ്ട് ചവുട്ടി കുപ്പയിലേക്ക് എറിഞ്ഞ കോണ്‍ഗ്രസ്സുകാരാണ് ഗാന്ധിനിന്ദ എന്ന പേരില്‍ നരേന്ദ്ര മോദിക്കെതിരെ ആക്ഷേപം ഉയര്‍ത്തുന്നത്. വാസ്തവത്തില്‍ ഗാന്ധി നാമം തട്ടിയെടുത്ത് രാഷ്ട്രീയ നേട്ടം ഉണ്ടാക്കാന്‍ ശ്രമിക്കുന്ന നെഹ്റു കുടുംബമാണ് ഗാന്ധി നിന്ദ നടത്തുന്നത്. സ്വാതന്ത്ര്യാനന്തര കോണ്‍ഗ്രസ് ഭരണകൂടത്തിന്റെ നേതൃത്വം വഹിച്ച നെഹ്റു 1963ല്‍ അദ്ദേഹത്തിന്റെ അവസാന കാലഘട്ടത്തിലെ ദേശീയ സമ്മേളനത്തില്‍ ഗാന്ധിജിയെ വിസ്മരിച്ചതില്‍ മാപ്പു പറഞ്ഞ് പരിതപിക്കുന്നുണ്ട്. ഗാന്ധിജിയുടെ വാക്കുകള്‍ കേട്ടിരുന്നെങ്കില്‍ ഭാരതത്തിന്റെ വിഭജനം തന്നെ ഒഴിവാക്കാമായിരുന്നു. എന്നെ വെട്ടി മുറിച്ചാലും എന്റെ രാജ്യത്തെ വെട്ടിമുറിക്കാന്‍ അനുവദിക്കില്ലന്ന് ബ്രിട്ടിഷ് ഗവര്‍ണ്ണര്‍ ജനറിലിന്റെ മുന്നില്‍, തന്റെ വിശ്വസ്തനായ നെഹ്റു താന്‍ പറഞ്ഞാല്‍ കേള്‍ക്കുമെന്ന് വിശ്വസിച്ചു നടത്തിയ സംഭാഷണത്തിന് ശേഷം പരസ്യമായി പറഞ്ഞത് താന്‍ പരാജയപ്പെട്ടിരിക്കുന്നു എന്നാണ്. എന്റെ വാക്കുകള്‍ക്ക് വില ഇല്ലാതായിരിക്കുന്നു. മഹാത്മാവ് എന്നാണവര്‍ എന്നെ വിളിക്കുന്നത് എന്നാല്‍ ഒരു തൂപ്പുകാരന്റെ വില പോലും അവര്‍ എനിക്ക് നല്‍കുന്നില്ല.
ഗാന്ധിജിയുടെ ഹൃദയ ഭേദകമായ ഈ വരികള്‍ റാം മനോഹര്‍ ലോഹ്യ തന്റെ പുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. 1942ല്‍ തന്നെ ഇന്ത്യയെ വിഭജിക്കുവാന്‍ ലക്ഷ്യമിട്ടെത്തിയ ക്രിപ്സ് മിഷനെതിരെ ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭം ഗാന്ധിജി സംഘടിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ ക്രിപ്സിനെ ചുവന്ന പരവതാനി വിരിച്ച് സ്വീകരിക്കാനാണ് നെഹ്റു ശ്രമിച്ചത്. നെഹ്റുവിന്റെ പാരമ്പര്യം പേറുന്ന ഇന്നത്തെ കോണ്‍ഗ്രസ് നേതൃത്വവും ചെയ്യുന്നത് ഇതില്‍ നിന്ന് വ്യത്യസ്തമല്ല. ഗാന്ധിജിയുടെ ഹൃദയവികാരമായിരുന്ന രാമനെ അധിക്ഷേപിക്കുകയും രാമജന്മഭൂമിയില്‍ ക്ഷേത്രം ഉയര്‍ത്തിയതിനെ എതിര്‍ക്കുകയുമാണ് കോണ്‍ഗ്രസ് ചെയ്തത്. ഗാന്ധിജിയുടെ പേര് തട്ടിയെടുത്ത് രാഷ്ട്രീയ ലാഭത്തിന് സ്വയം ഗാന്ധിയായി ചമഞ്ഞ് നടക്കുന്നവര്‍ക്ക് ഒശാന പാടാനാണ് മോദി വിരുദ്ധ കോണ്‍ഗ്രസ് ശിങ്കിടി മാദ്ധ്യമങ്ങള്‍ ശ്രമിക്കുന്നത്. സ്വാതന്ത്ര്യാനന്തരം ദിര്‍ഘകാലം ഇന്ത്യ ഭരിച്ച കോണ്‍ഗ്രസ് ഗാന്ധിയെ ലോക സമക്ഷം വേണ്ട വിധം അവതരിപ്പിക്കാന്‍ ശ്രമിച്ചില്ലെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓര്‍മ്മപ്പെടുത്തല്‍ ഭാവി ഇന്ത്യ ഏറെ ചര്‍ച്ച ചെയ്യപ്പെടേണ്ടതും വരും കാലത്തെ രാഷ്ട്രീയ നയരൂപീകരണത്തില്‍ കൃത്യമായ ദിശാ സൂചിയുമാണ്. ലോകത്ത് അശാന്തി പടരുന്ന ഇന്നത്തെ കാലഘട്ടത്തില്‍ ലോകത്തിലെ ശാന്തിയുടേയും സഹനത്തിന്റേയും ആധുനിക പ്രതീകമായി ഗാന്ധിജി ഉയര്‍ത്തപ്പെടുമെന്ന ബോധവും ബോധ്യവും പ്രധാനമന്ത്രിയുടെ വാക്കുകളില്‍ പ്രകടമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: