ഓസ്ലോ: മാഗ്നസ് കാള്‍സനെ നോര്‍വ്വെ ചെസ്സില്‍ തോല്പിച്ച് വലിയ തരംഗമുണ്ടാക്കിയ 18 കാരന് പ്രജ്ഞാനന്ദ പക്ഷെ തൊട്ടടുത്ത കളിയില്‍ തോറ്റു. യുഎസിന്റെ ഹികാരു നകാമുറയാണ് ക്ലാസിക് ചെസില്‍ പ്രജ്ഞാനന്ദയെ തോല്പിച്ചത്. ഈ തോല്‍വിയോടെ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന പ്രജ്ഞാനന്ദ 5.5 പോയിന്റോടെ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
ഈ ടൂര്‍ണ്ണമെന്റിലെ പ്രജ്ഞാനന്ദയുടെ അസ്ഥിര പ്രകടനവും ചര്‍ച്ചാവിഷയമാകുന്നു. മാഗ്നസ് കാള്‍സനെപ്പോലെ ലോകത്തിലെ അജയ്യനായ ചെസ് താരത്തെ പൂട്ടുവാനുള്ള വിജയമന്ത്രം പ്രജ്ഞാനന്ദയുടെ കയ്യിലുണ്ട്. പക്ഷെ അതേ പ്രജ്ഞാനന്ദ മറ്റ് ഗ്രാന്റ് മാസ്റ്റര്‍മാര്‍ക്ക് മുന്പില് അനായാസം അടിയറവ് പറയുന്നു. ഇത് ചെസ് രംഗത്തെ വിദഗ്ധര്‍ക്ക് അത്ഭുതമാവുകയാണ്. ഈ ടൂര്‍ണ്ണമെന്റില്‍ പ്രജ്ഞാനന്ദ ചൈനയുടെ തീരെ ഫോമിലല്ലാത്ത ഡിങ് ലിറനോട് തോറ്റത് ചെറിയ പിഴവുകള്‍ വരുത്തിയത് മൂലമാണ്. വിജയിക്കാനുള്ള അദമ്യമായ ആഗ്രഹമാണ് പ്രജ്ഞാനന്ദയെ പലപ്പോഴും പിഴവുകളിലേക്ക് നയിക്കുന്നത്. തോല്‍ക്കാതിരിക്കാന്‍ കഴിക്കുക എന്ന ക്ലാസിക് ചെസ് വിദഗ്ധരുടെ ശാന്തമായ കളിരീതി പ്രജ്ഞാനന്ദയ്ക്ക് ഇനിയും അന്യമാണ്. പ്രജ്ഞാനന്ദയെ ലോകപ്രശസ്തനാക്കുന്നത് മാഗ്നസ് കാള്‍സന്റെ കരുനീക്കങ്ങളും കരുനീക്കങ്ങള്‍ക്ക് പിന്നിലെ ലക്ഷ്യവും മനസ്സിലാക്കാനുള്ള കഴിവാണ്. അതേ സമയം ആദ്യ റൗണ്ടില്‍ അപകടകാരിയായ ഫ്രാന്‍സിന്റെ അലിറെസ ഫിറൂഷയെ പ്രജ്ഞാനന്ദ തോല്പിച്ചിരുന്നു. ഇനി പ്രജ്ഞാനന്ദയുടെ അടുത്ത കളി ഫാബിയാനോ കരുവാനയുമായിട്ടാണ്. അപകടകാരിയായ യുഎസ് താരമാണ് ഫാബിയാനോ കരുവാന. മാഗ്നസ് കാള്സന് ഇദ്ദേഹത്തെ തോല്പിച്ചെങ്കിലും പ്രജ്ഞാനന്ദയ്ക്ക് ഫാബിയാനോ കരുവാനയുമായുള്ള മത്സരം കഠിനമാകും.
കഴിഞ്ഞ കളിയില്‍ മാഗ്നസ് കാള്‍സനോട് തോറ്റ ഹികാരു നകാമുറ, പ്രജ്ഞാനന്ദയ്ക്കെതിരെ വിജയം നേടിയതോടെ ഏഴ് പോയിന്റോടെ ഒന്നാം സ്ഥാനത്തെത്തി. അതേ സമയം, പ്രജ്ഞാനന്ദയോട് തോറ്റ മാഗ്നസ് കാള്സന് അടുത്ത കളിയില്‍ ശക്തമായ തിരിച്ചുവരവ് നടത്തി. അമേരിക്കയുടെ ഫാബിയാനോ കരുവാനയെ ക്ലാസിക് ഗെയിമില്‍ തന്നെ തോല്പിച്ച് മൂന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നു. ഇപ്പോള്‍ മാഗ്നസ് കാള്സന് ആറ് പോയിന്റുണ്ട്.
ഡിങ് ലിറന് എന്ന ചൈനയുടെ താരം ഇപ്പോഴത്തെ ലോകചാമ്പ്യനാണെങ്കിലും തുടര്‍ച്ചയായ തോല്‍വികള്‍ ഏറ്റുവാങ്ങി ആറാം സ്ഥാനത്തേക്ക് വീണു. നാലാം റൗണ്ടില്‍ ഡിങ് ലിറനെ തോല്പിച്ചത് ഫ്രാന്‍സിന്റെ അലിറെസ ഫിറൂഷയാണ്. ഇതോടെ ആറര പോയിന്റോടെ അലിറെസ ഫിറൂഷ രണ്ടാം സ്ഥാനത്തേക്കുയര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: