ടെല്‍ അവീവ്: ഗാസ-ഈജിപ്ത് അതിര്‍ത്തിയിലെ ഒരു ബഫര്‍ സോണ്‍ പിടിച്ചെടുത്തതായി ഇസ്രായേല്‍ സൈന്യം. അതിര്‍ത്തിയിലെ 14 കിലോമീറ്റര്‍ ദൂരമുള്ള ഇടനാഴിയില്‍ ഇസ്രായേല്‍ സൈന്യം നിയന്ത്രണം നേടിയതായി പ്രതിരോധ സേനാ വക്താവ് ഡാനിയല്‍ ഹഗാരി പറഞ്ഞു. ഗാസ- ഈജിപ്ത് അതിര്‍ത്തി പിടിച്ചെടുക്കുന്നതിന് മുമ്പ്, ഇസ്രായേല്‍ മുനമ്പിന്റെ ഏക കര അതിര്‍ത്തി നേരിട്ട് നിയന്ത്രിച്ചിരുന്നിരുന്നില്ല. ഫിലാഡല്‍ഫി കോറിഡോര്‍ വഴിയാണ് ഹമാസ് ഗാസയിലേക്ക് ആയുധങ്ങള്‍ കടത്താറുണ്ടായിരുന്നതെന്ന് ഹഗാരി പറഞ്ഞു.
ചൊവ്വാഴ്ച റഫയുടെ മധ്യഭാഗത്തേക്ക് ഇസ്രായേല്‍ യുദ്ധടാങ്കുകള്‍ പ്രവേശിച്ചിരുന്നു. ഒരുമാസമായി റഫയില്‍ കരയുദ്ധം നടക്കുന്നുണ്ടെങ്കിലും ആദ്യമായാണ് ഇത്ര ഉള്ളിലേക്ക് സൈന്യം പ്രവേശിച്ചത്. മധ്യ റഫയിലെ അല്‍ അവ്ദ പള്ളിക്കുസമീപത്തും പടിഞ്ഞാറന്‍ റഫയിലെ സുറുബ് കുന്നിലും ഇസ്രായേല്‍ ടാങ്കുകള്‍ വിന്യസിച്ചു.
അതിനിടെ, പാലസ്തീന് പിന്തുണ നല്‍കിക്കൊണ്ടുള്ള ഓള് ഐസ് ഓണ്‍ റഫ എന്ന പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതിന് പിന്നാലെ പ്രതിരോധവുമായി ഇസ്രായേല്‍ രംഗത്തെത്തി. ഒക്ടോബര്‍ 7ന് നിങ്ങളുടെ കണ്ണുകള്‍ എവിടെയായിരുന്നു എന്ന വാചകത്തിനൊപ്പം ഒരു കുഞ്ഞിന് മുന്നില്‍ റൈഫിളുമായി ഭീകരന് നില്ക്കുന്ന പോസ്റ്ററാണ് ഇസ്രായേല്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. റഫയില്‍ ഇസ്രായേല്‍ നടത്തുന്ന വ്യോമാക്രമണത്തിലേക്ക് എല്ലാവരുടെയും ശ്രദ്ധ ആകര്‍ഷിക്കുന്നതിനായി നിരവധി സെലിബ്രിറ്റികളും സോഷ്യല്‍ മീഡിയ ഉപയോക്താക്കളും പാലസ്തീന് പിന്തുണയേകി പ്രചരിപ്പിച്ച പോസ്റ്ററും ഇതിനൊപ്പം ചേര്‍ത്തിട്ടുണ്ട്.
ഇസ്രായേലിനെതിരായ ഹമാസിന്റെ ആക്രമണത്തെക്കുറിച്ച് വിമര്‍ശകര്‍ ആശങ്ക ഉന്നയിക്കാത്തത് എന്തുകൊണ്ടെന്ന് പോസ്റ്റര്‍ പങ്കുവച്ചുകൊണ്ട് ഇസ്രായേല്‍ ചോദിച്ചു. വ്യാപകമായ വിമര്‍ശനങ്ങള്‍ക്കിടയിലും, റഫ ക്യാമ്പിനെ ലക്ഷ്യം വച്ചുള്ള ആരോപണങ്ങള്‍ ഇസ്രായേല്‍ നിഷേധിച്ചു. ഹമാസിന്റെ ആയുധ കേന്ദ്രത്തില്‍ റോക്കറ്റ് പതിച്ചതിനെ തുടര്‍ന്നുണ്ടായ തീപ്പിടിത്തമാണ് കേടുപാടുകള്‍ക്ക് കാരണമെന്ന് ഇസ്രായേല്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: