വളാഞ്ചേരി(മലപ്പുറം): ഗുണ്ടാ നേതാവിന്റെ വിരുന്നില്‍ പോലീസ് പങ്കെടുത്തതിനു പിന്നാലെ മലപ്പുറത്ത് ക്വാറി ഉടമയില്‍ നിന്ന് എസ്ഐയും സിഐയും ചേര്‍ന്ന് ലക്ഷങ്ങള്‍ തട്ടിയെടുത്തത് പുറത്തായി. ഇരുവര്‍ക്കുമെതിരേ കേസെടുത്തു. എസ്ഐ അറസ്റ്റിലായി. സിഐ ഒളിവില്‍. ഇടനിലക്കാരനെയും അറസ്റ്റ് ചെയ്തു.
വളാഞ്ചേരി പാറമടയില്‍ ഉപയോഗിക്കുന്ന സ്ഫോടക വസ്തു പിടിച്ച കേസുമായി ബന്ധപ്പെട്ട് സ്ഥലമുടമകളെ ഭീഷണിപ്പെടുത്തി 22 ലക്ഷം രൂപ തട്ടിയെടുത്തു എന്നാണ് കേസ്. ഭൂവുടമ തിരൂര്‍ മൂത്തൂര്‍ സ്വദേശി തൊട്ടിയില്‍ നിസാറാണ് പരാതിക്കാരന്.
വളാഞ്ചേരി എസ്ഐ ബിന്ദുലാല്‍ (48), ഇടനിലക്കാരന് പാലക്കാട് തിരുവേഗപ്പുറ സ്വദേശി പൊന്നന്‍തൊടി അസൈനാര്‍ (39) എന്നിവരെയാണ് തിരൂര്‍ ഡിവൈഎസ്പി പി.പി. ഷംസ് അറസ്റ്റ് ചെയ്തത്. ഒളിവില്‍പ്പോയ വളാഞ്ചേരി സിഐ സുനില്‍ദാസിനെ (53) തേടിയുളള തിരച്ചില്‍ ശക്തമാക്കി. എസ്ഐ ബിന്ദുലാലിനെ കസ്റ്റഡിയിലെടുത്തപ്പോള്‍ ഇയാളുടെ വീട്ടില്‍ നിന്ന് ഒരു ലക്ഷം രൂപയും പിടിച്ചെടുത്തു. സുനില്‍ദാസിനെതിരേ നേരത്തേയും പരാതികള്‍ ഉയര്‍ന്നിരുന്നെങ്കിലും കൃത്യമായ നടപടികളുണ്ടായില്ല. എന്നാല്‍ ഇപ്പോഴത്തെ പരാതിയില്‍ അതിവേഗം നടപടികളെടുക്കാന്‍ ജില്ലാ പോലീസ് മേധാവി നിര്‍ദേശിക്കുകയായിരുന്നു.
ഇക്കഴിഞ്ഞ മാര്‍ച്ച് 29നാണ് കേസിനാസ്പദമായ സംഭവം. വടക്കുംപുറം, മനയ്ക്കല്‍പ്പടി ഭാഗങ്ങളിലെ ക്വാറികളില്‍ ഉപയോഗിക്കാനെത്തിച്ച സ്ഫോടക വസ്തു ശേഖരം കൊടുമുടിയില്‍ വളാഞ്ചേരി പോലീസ് വാഹന പരിശോധനയില്‍ പിടിച്ചെടുത്തിരുന്നു.
സേഫ്റ്റി ഫ്യൂസ് ജലാറ്റിന്‍, ഇലക്ട്രിക് ഡിറ്റനേറ്ററുകള്‍, ഓര്‍ഡിനറി ഡിറ്റനേറ്റര്‍ തുടങ്ങിയവയാണ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് നാലു തൊഴിലാളികളെ അറസ്റ്റ് ചെയ്തു. എന്നാല്‍ ഇതിനു പിന്നാലെ ക്വാറിയില്‍ നിന്നു പിടിച്ചെടുത്ത സ്ഫോടക വസ്തു, കേസില്‍ ഉള്‍പ്പെടുത്തി ജയിലിലടയ്ക്കുമെന്ന് ഭൂവുടമയെയും പാര്‍ട്ണര്‍മാരെയും ഭീഷണിപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് ഇടനിലക്കാരന് വഴി 22 ലക്ഷം തട്ടിയെടുത്ത കേസിലാണ് വളാഞ്ചേരിയിലെ പോലീസ് ഉദ്യോഗസ്ഥര്‍ പ്രതികളാകുന്നത്. എസ്ഐ ബിന്ദുലാല്‍ 10 ലക്ഷവും സിഐ സുനില്‍ദാസ് എട്ടു ലക്ഷവും മൂന്നാം പ്രതി ഇടനിലക്കാരന് അസൈനാര്‍ നാലു ലക്ഷവും തട്ടിയെടുത്തു.
അസൈനാറാണ് ഉടമയില്‍ നിന്നു തുക വാങ്ങി പോലീസ് ഉദ്യോഗസ്ഥര്‍ക്കു വീതിച്ചു നല്‍കിയത്. പിടിയിലായ എസ്ഐയെയും ഇടനിലക്കാരനെയും ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: