പൂനെ: മദ്യലഹരിയില്‍ 17കാരന്റെ വാഹനമിടിച്ച് രണ്ടുപേര്‍ മരിച്ച സംഭവത്തില്‍ പ്രതിയുടെ രക്തത്തിനു പകരം പരിശോധിച്ചത് അമ്മയുടെ രക്തമെന്ന് പോലീസ്. പ്രതിയെ രക്ഷിക്കുന്നതിനായി ഡോക്ടര്‍മാര്‍ ഒത്തുകളിച്ച് രക്തസാമ്പിള്‍ അമ്മ ശിവാനി അഗര്വാളിന്റേതുമായി മാറ്റിവയ്ക്കുകയായിരുന്നു.
ആശുപത്രിയിലെ ഫോറന്‍സിക് ലാബ് മേധാവി ഡോ. അജയ് താവറെ, കാഷ്വാലിറ്റി മെഡിക്കല്‍ ഓഫിസര്‍ ഡോ. ശ്രീഹരി ഹാല്‍നോര്‍ താവറെയുടെ പ്യൂണ്‍ അതുല്‍ എന്നിവരാണ് രക്തസാമ്പിള്‍ മാറ്റിവച്ചത്. മൂന്നുപേരെയും നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.
പ്രതി മദ്യപിച്ചിട്ടില്ലെന്ന് വരുത്തിത്തീര്‍ക്കാനായിരുന്നു ശ്രമം. പരിശോധനാഫലത്തില്‍ സംശയം തോന്നിയ പൂനെ ക്രൈംബ്രാഞ്ച് ഡിഎന്‍എ ടെസ്റ്റ് നടത്തുകയായിരുന്നു. തുടര്‍ന്ന് ആശുപത്രി ജീവനക്കാരെ ചോദ്യം ചെയ്തതോടെയാണ് തട്ടിപ്പ് പുറത്തുവന്നത്. പ്രതിയുടെ അച്ഛന് മൂന്ന് ലക്ഷം രൂപ കൈക്കൂലി നല്‍കിയാണ് രക്തസാമ്പിള്‍ മാറ്റിവച്ചത്. സംഭവത്തിന് പിന്നാലെ മൂവരേയും സര്‍വീസില്‍ നിന്ന് നീക്കി.
അതിനിടെ രക്തസാമ്പിള്‍ മാറ്റിയത് പ്രതിയുടെ പിതാവിന്റെ നിര്‍ദേശ പ്രകാരമാണെതിന്റെ തെളിവുകള്‍ പോലീസിന് ലഭിച്ചു. രക്തം പരിശോധിക്കുന്നതിന് മുമ്പ് ഡോ. അജയ് താവഡെ പ്രതിയുടെ അച്ഛനുമായി ഫോണില്‍ 14 തവണയാണ് സംസാരിച്ചത്. രക്തസാമ്പിള്‍ ഫലത്തില്‍ കൃത്രിമം കാണിക്കാനും തെളിവുകള്‍ നശിപ്പിക്കാനുമുള്ള ഗൂഢാലോചനയാണ് നടന്നതെന്നാണ് പോലീസ് സംശയിക്കുന്നത്.
പ്രതി കൂട്ടുകാര്‍ക്കൊപ്പം പബ്ബുകളില്‍ നിന്ന് മദ്യപിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു. പ്രതി അമിതമായി മദ്യപിച്ചിരുന്നതായി സുഹൃത്തും പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.
മെയ് 19ന് പൂനെ കല്യാണി നഗറിലാണ് മദ്യലഹരിയില്‍ പ്രതി ഓടിച്ച ആഡംബരക്കാറിടിച്ച് രണ്ട് ഐടി ജീവനക്കാര്‍ മരിച്ചത്. സംഭവത്തില്‍ പ്രതി ജുവനൈല്‍ ജയിലിലും പതിനേഴുകാരന്റെ അച്ഛന് വിശാല്‍ അഗര്‍വാളും മുത്തച്ഛന് സുരേന്ദ്ര അഗര്‍വാളും പോലീസ് കസ്റ്റഡിയിലാണ്.
കുടുംബ ഡ്രൈവറെ ഭീഷണിപ്പെത്തി കുറ്റമേല്‍ക്കാന്‍ പ്രേരിപ്പിച്ചതിലും കൃത്രിമം നടത്തിയ കേസിലുമാണ് ഇവരുടെ അറസ്റ്റ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: