1977 മുതല്‍ 2016 വരെ മാറി മാറി ഭരണത്തില്‍ വന്ന യുഡിഎഫും എല്‍ഡിഎഫും കടം വാങ്ങി ഭരണചെലവുകള്‍ നിര്‍വഹിക്കുക എന്ന തെറ്റായ സാമ്പത്തിക നയം സ്വീകരിച്ചു. 2016ല്‍ അധികാരത്തില്‍ വന്ന ഇടതു മുന്നണി സര്‍ക്കാര്‍ കൂടുതല്‍ കടം വാങ്ങി ഭക്ഷ്യ കിറ്റുകള്‍ നല്‍കുകയും ഭരണചെലവുകള്‍ നിര്‍വഹിക്കുകയും ചെയ്തു. 2021ല്‍ കൊറോണ മൂലം പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് പ്രവര്‍ത്തിക്കാന്‍ കഴിയാതിരുന്നതിനാല്‍ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ തുടര്‍ച്ചയായി അധികാരത്തില്‍ വന്നു. ഇപ്പോഴത്തെ ഇടതു സര്‍ക്കാരിന്റെ 8 വര്‍ഷത്തെ ദുര്‍ഭരണം മൂലം ശമ്പളവും പെന്‍ഷനും വരെ മുടങ്ങി. കേരളാ സര്‍ക്കാരിന്റെ കടം 2024 മാര്‍ച്ച് 31ന് നാലരലക്ഷം കോടിയായി ഉയര്‍ന്നു. കിഫ്ബിയുടെയും പെന്ഷന് കമ്പനിയുടെയും മറ്റ് പൊതുമേഖലാ സ്ഥാപനങ്ങളുടെയും കടം കൂടി കൂട്ടിയാല്‍ കേരളാ സര്‍ക്കാരിന്റെ പൊതുകടം അഞ്ചര ലക്ഷം കോടിയാണ്.
2023-24 ല്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ബജറ്റില്‍ മാറ്റി വച്ച പദ്ധതി ചെലവ് പത്തൊന്‍പതിനായിരം കോടി ആയിരുന്നെങ്കിലും വര്‍ഷാവസാനം ചെലവഴിച്ച തുക ഒമ്പതിനായിരം കോടിയായി കുറഞ്ഞു. എന്നാല്‍ നിയമസഭഅംഗീകരിച്ച ബജറ്റ് അടങ്കല്‍ ഒരു ലക്ഷത്തിഎഴുപത്താറായിരം കോടിയായിരുന്നു. ഇപ്പോള്‍ ധനമന്ത്രി പറയുന്നത് എഴുപത്തി ഏഴായിരം കോടി സംസ്ഥാനത്ത് തനതു വരുമാനമായി ലഭിച്ചു എന്നാണ്. കേന്ദ്ര സഹായം മുപ്പത്തി അയ്യായിരം കോടിയും കടമെടുത്തത് മുപ്പത്തൊന്നായിരം കോടിയുമായതിനാല്‍ നിയമസഭാ പാസാക്കിയ ബജറ്റ് പ്രകാരം ലഭിക്കേണ്ട തനതു വരുമാനം ഒരുലക്ഷത്തിപതിനായിരം കോടിയാണ്. അതിനാല്‍ ചെലവിനത്തില്‍ മുപ്പത്തിമൂവായിരം കോടിയുടെ കുറവ് വന്നു. അപ്പോള്‍ ശമ്പളവും പെന്‍ഷനും മുടങ്ങും. ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ശമ്പള വര്‍ധനവും വര്‍ധിച്ച ക്ഷാമബത്തയും നല്കാന് കഴിയില്ല. പദ്ധതി ചിലവുകള്‍ അടക്കമുള്ള വികസന പ്രവര്‍ത്തനങ്ങള്‍ നാമമാത്രമായി ചുരുങ്ങും. പൊതുമരാമത്ത് കരാറുകാരുടെ കുടിശ്ശിക നാല്‍പ്പതിനായിരം കോടിയായി വര്‍ധിച്ചു. ഉല്‍പ്പാദന മേഖലയെ വികസിപ്പിച്ചാലല്ലാതെ സംസ്ഥാനത്തിന്റെ വരുമാനം വര്‍ധിപ്പിക്കാന്‍ കഴിയില്ല. സിപിഎമ്മിന്റെ തെറ്റായ നയങ്ങള്‍ മൂലമാണ് സംസ്ഥാനം ഈ ദുരവസ്ഥയിലായത്.
1996 വരെ സിപിഎം അക്രമവും അക്രമസമരങ്ങളും നടത്തിയിരുന്നെങ്കിലും അഴിമതിക്കാരെ സംരക്ഷിക്കുകയോ അഴിമതി കാണിക്കുകയോ ചെയ്തിട്ടില്ല. എന്നാല്‍ 1996-2001 കാലത്താണ് ഇപ്പോള്‍ സുപ്രീം കോടതിയില്‍ നിലനില്‍ക്കുന്ന 400 കോടിയുടെ അഴിമതി ആരോപിക്കപ്പെടുന്ന ലാവലിന്‍ കേസിനാധാരമായ കരാറുകള്‍ ഉണ്ടായത്. 1996-98 ല്‍ ഇപ്പോഴത്തെ മുഖ്യമന്ത്രി വൈദ്യുതമന്ത്രിയായിരുന്ന കാലത്താണ് കാനഡയിലെ വിവാദമായ ലാവലിന്‍ കമ്പനിയുമായി കേരള സംസ്ഥാന വൈദ്യുതി ബോര്‍ഡ് സംസ്ഥാനത്തെ മൂന്ന് ജലവൈദ്യുത പദ്ധതികളുടെ അറ്റകുറ്റ പണികള്‍ക്കായി കരാറുണ്ടാക്കിയത്. 1998 ല്‍ അദ്ദേഹം വൈദ്യുതമന്ത്രി സ്ഥാനം രാജി വച്ച് സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറിയായി.
1998 മുതലാണ് സിപിഎമ്മിന് ഇന്ന് കാണുന്ന നയ വ്യതിയാനങ്ങളും വൈകല്യങ്ങളുമുണ്ടായത്. ബാറുടമസ്ഥരെ എംഎല്‍എ ആക്കുന്ന സ്ഥിതിയിലേക്ക് ആ പാര്‍ട്ടി അധപതിച്ചു. മിച്ച ഭൂമിക്കെതിരെ സമരം ചെയ്ത പാര്‍ട്ടി മിച്ച ഭൂമി കേസില്‍ പ്രതിസ്ഥാനത്തുള്ളവരെ എംഎല്‍എ ആക്കി. വിമര്‍ശിക്കുന്ന പാര്‍ട്ടി അംഗങ്ങളെ പുറത്താക്കി വെട്ടിക്കൊല്ലുന്ന അവസ്ഥയുണ്ടാക്കി. അങ്ങനെയാണ് 2012 ല്‍ ഒഞ്ചിയത്തെ പാര്‍ട്ടി നേതാവായിരുന്ന ടി.പി. ചന്ദ്രശേഖരനെ വെട്ടി കൊലപ്പെടുത്തിയത്. ഭാരതത്തിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രവര്‍ത്തിക്കുന്നത് 1951 ലെ ജനപ്രാതിനിധ്യ നിയമപ്രകാരം ഇലക്ഷന് കമ്മീഷന് മുമ്പാകെ രജിസ്റ്റര്‍ ചെയ്ത് അംഗീകാരം നേടിയിട്ടാണ്. അങ്ങനെയുള്ള പാര്‍ട്ടികള്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളും രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളും നടത്താന്‍ പാടില്ല. ജനാധിപത്യ വ്യവസ്ഥയില്‍ എതിരെ മത്സരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ ശത്രുക്കള്‍ അല്ലെന്ന സുപ്രീം കോടതിയുടെ അടുത്തിടെയുണ്ടായ നിരീക്ഷണം സുപ്രധാനമാണ്. 1969 ല്‍ തലശ്ശേരിയില്‍ നടന്ന വാടിക്കല്‍ രാമകൃഷ്ണന് വധക്കേസ് മുതല്‍ കാസര്‍കോട്ടെ ശരത് ലാല്‍, കൃപേഷ് വധക്കേസുകള്‍ വരെ സിപിഎം നടത്തിയ തെറ്റായ രാഷ്ട്രീയ കൊലപാതകങ്ങളുടെ ശ്രേണിയില്‍ പെടുന്നവയാണ്. ജയകൃഷ്ണന് മാസ്റ്റര്‍, കതിരൂര്‍ മനോജ്, അരീല് ഷുക്കൂര്‍ എന്നിവരുടെ കൊലപാതകങ്ങള്‍ സിപിഎമ്മിന് എതിരായി ജനരോഷം ഉയര്‍ത്തിയവയാണ്. വാടിക്കല്‍ രാമകൃഷ്ണന് വധക്കേസിന്റെ എഫ്ഐആര്‍ പുറത്തുവന്നിട്ടുണ്ട്. ഇപ്പോഴത്തെ മുഖ്യമന്ത്രി ആ കേസില്‍ ഒന്നാം പ്രതിയാണ്.
ഭാരതത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ തകര്‍ച്ച ആഗോളതലത്തിലുള്ള തകര്‍ച്ചയുടെ ഭാഗം തന്നെയാണ്. 1991ല്‍ ഗോബര്‍ച്ചേവ് സോവിയറ്റ് യൂണിയന് പിരിച്ചുവിട്ടതിനു ശേഷം യൂറോപ്പിലെ ഹംഗറി, പോളണ്ട്, ചെക്കോസ്ലോവാക്യ, യൂഗോസ്ലാവ്യ തുടങ്ങിയ രാജ്യങ്ങളില്‍ കമ്മ്യൂണിസ്റ്റ് ഭരണം അവസാനിക്കുകയും ജനാധിപത്യ ഭരണസംവിധാനങ്ങള്‍ നിലവില്‍ വരികയും ചെയ്തു. 1949 മുതല്‍ ചൈനയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഭരണത്തിലുണ്ടെങ്കിലും അമേരിക്ക കഴിഞ്ഞാല്‍ ലോകത്തിലെ ഏറ്റവും വലിയ കമ്പോള വ്യവസ്ഥ നിലനില്‍ക്കുന്ന രാജ്യമാണ് ചൈന. ലോകത്തിലെ വന്‍കിട കോര്‍പ്പറേറ്റ് കമ്പനികള്‍ അവിടെ നടത്തിയിട്ടുള്ള മൂലധന നിക്ഷേപം 15 ലക്ഷം കോടി ഡോളറിന്റേതാണ്. എന്നാല്‍ കൊറോണയ്ക്ക് ശേഷം ചൈനയുടെ വളര്‍ച്ചാ നിരക്ക് 4.2% ആയി താഴ്ന്നു. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഭാരതത്തില്‍ നിന്നുള്ള സ്വാതന്ത്ര്യത്തിന്റെ സുഖശീതളമായ കാറ്റ് ലോകമെമ്പാടും വീശുന്നത് മൂലം ചൈനയിലും 10 വര്‍ഷത്തിനുള്ളില്‍ ഭാരതത്തിലെ പോലെ ജനങ്ങള്‍ ആകെ പങ്കെടുക്കുന്ന തെരഞ്ഞെടുപ്പ് ഉത്സവത്തോടെയുള്ള ജനാധിപത്യ ഭരണക്രമം നിലവില്‍ വരുമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നു. ഇപ്പോള്‍ ലോകത്ത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഭരിക്കുന്ന രാജ്യങ്ങളുടെ എണ്ണം അെഞ്ചായി കുറഞ്ഞു. ചൈനയെ കൂടാതെ ക്യൂബ, ലാവോസ്, വിയറ്റ്നാം, നോര്‍ത്ത് കൊറിയ എന്നിവിടങ്ങളിലാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഭരിക്കുന്നത്. ജനാധിപത്യ ഭരണക്രമം ഇല്ലാത്തതു മൂലം ഈ രാജ്യങ്ങളില്‍ വികസന മുരടിപ്പും തൊഴിലില്ലായ്മയും പട്ടിണിയും വര്‍ധിക്കുന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കളുടെ അഴിമതിയും കുടുംബാധിപത്യവും മൂലം ജനങ്ങള്‍ അസംതൃപ്തരാണ്.
2014 മുതല്‍ കഴിഞ്ഞ 10 വര്‍ഷമായി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ മൂലം ഭാരതത്തില്‍ അതിദാരിദ്ര്യം 3% ആയി കുറഞ്ഞു. 2023-24 വര്‍ഷം റിസര്‍വ് ബാങ്ക് കേന്ദ്രസര്‍ക്കാരിന് നല്കുന്ന ലാഭവിഹിതം 2.11 ലക്ഷം കോടിയാണ്. പൊതുമേഖലാ ബാങ്കുകള്‍ 4 ലക്ഷം കോടി ലാഭമുണ്ടാക്കി. നവരത്ന സ്ഥാപനങ്ങളും മിനി നവരത്ന സ്ഥാപനങ്ങളും അടക്കമുള്ള മറ്റ് പൊതുമേഖലാ സ്ഥാപനങ്ങള്‍ 6 ലക്ഷം കോടി ലാഭമുണ്ടാക്കി. 2024 -25 സാമ്പത്തിക വര്‍ഷം ജിഎസ്ടി വരുമാനം 24 ലക്ഷം കോടിയായി ഉയരും. ഭാരതത്തെ വികസിത രാജ്യമാക്കി മാറ്റാനുള്ള മോദി സര്‍ക്കാരിന്റെ ശ്രമങ്ങള്‍ അതിവേഗം വിജയിക്കുന്നതായി കാണാം.
ഈ സാഹചര്യത്തില്‍ തെറ്റായ നയ സമീപനങ്ങള്‍ സ്വീകരിക്കുന്ന സിപിഎമ്മിന്റെ തകര്‍ച്ച സുനിശ്ചിതമാണ്. 2004-2009 കാലത്ത് കോണ്‍ഗ്രസ്സിനെ പിന്തുണച്ചതാണ് സി.പി.എമ്മിന്റെ തകര്‍ച്ചയ്ക്ക് ആക്കം കൂട്ടിയത്. പാര്‍ട്ടി നേതാക്കള്‍ ഉള്‍പ്പെട്ട അഴിമതികള്‍ നല്ലവരായ ആളുകളെ സിപിഎമ്മില്‍ നിന്നും അകറ്റുന്നു. ലാവലിന്‍, കരിമണല്‍ കമ്പനിയില്‍ നിന്ന് മാസപ്പടി പറ്റിയ കേസ്, ബാര്‍ കോഴ, മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിയായ എക്സലോജിക് സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവ ഉള്‍പ്പെട്ട അഴിമതിക്കേസ് തുടങ്ങിയവ സി.പി.എമ്മിന്റെ അതിവേഗത്തിലുള്ള തകര്‍ച്ചയ്ക്ക് കാരണമായി. സിഎംആര്‍എല്‍., എക്സലോജിക് അഴിമതിയിലെ കള്ളപ്പണം പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്സ് (പി.ഡബ്ല്യു.
.സി), എസ്.എന്‍.സി. ലാവലിന്‍ എന്നീ വിദേശ കമ്പനികള്‍ വഴി അബുദാബിയിലെ ബാങ്കില്‍ രണ്ട് മലയാളികള്‍ നടത്തുന്ന ദുബായ് സ്ഥാപനത്തിന്റെ പേരില്‍ 2016-19 കാലഘട്ടത്തില്‍ വന്‍തോതില്‍ നിക്ഷേപിച്ചതായി എസ്എഫ്ഐഒ, ഇ ഡി. എന്നിവരുടെ അന്വേഷണത്തില്‍ കണ്ടെത്തിയതായി വാര്‍ത്തകള്‍ വന്നു. സ്വന്തമായി ബോംബുണ്ടാക്കുന്നത് രാജ്യ വിരുദ്ധ പ്രവര്‍ത്തനം തന്നെയാണ്. സ്വന്തമായി ബോംബുണ്ടാക്കിയപ്പോള്‍ അവ പൊട്ടി അപകടമുണ്ടായി മരിച്ചവരെ രക്തസാക്ഷികളായി കരുതുന്നത് ആധുനിക തലമുറയ്ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയാത്ത വൈരുധ്യമാണ്. വൈരുദ്ധ്യാത്മികവും ചരിത്രപരവുമായ ഭൗതികവാദം എന്ന അടിസ്ഥാന കമ്മ്യൂണിസ്റ്റ് സിദ്ധാന്തം കാലഹരണപ്പെട്ടതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: