തൊടുപുഴ: ആലപ്പുഴ ജില്ലയിലെ മങ്കൊമ്പിലാണ് ബുധനാഴ്ച ഏറ്റവും കൂടുതല്‍ മഴ കിട്ടിയത്. ഇവിടെ 19 സെ.മീ. മഴ കിട്ടിയപ്പോള്‍ കളമശ്ശേരിയില്‍ 15 സെ.മീ. മഴയും ലഭിച്ചു. രണ്ട് ദിവസത്തിനിടെ കളമശ്ശേരിയില്‍ മാത്രം ലഭിച്ചത് ഏതാണ്ട് 35 സെ.മീ. മഴയാണ്.
അതിനിടെ കാലവര്‍ഷം വടക്ക് കിഴക്കേ ഭാരതത്തിലും എത്തി. റിമാല്‍ ചുഴലിക്കാറ്റിന്റെ ഭാഗമായുള്ള ശക്തി കുറഞ്ഞ ന്യൂനമര്‍ദമാണ് ഇതിന് കാരണം. നാഗാലാന്റ്, മണിപ്പൂര്‍, മിസോറാം, അരുണാചല്‍പ്രദേശ്, ത്രിപുര, മേഘാലയ എന്നിവിടങ്ങളിലാണ് മഴ എത്തിയത്. 3 ദിവസത്തിനകം തെക്കന്‍ അറബിക്കടല്‍, ലക്ഷദ്വീപ്, കാസര്‍കോട്, കര്‍ണാടക, തമിഴ്നാട്, ബംഗാള്‍ ഉള്‍ക്കടലിന്റെ അവശേഷിക്കുന്ന ഭാഗങ്ങളിലും മഴ എത്തും.
അറബിക്കടലില്‍ കേരളത്തിനോട് ചേര്‍ന്ന് വലിയ മേഘക്കൂട്ടം കരകയറാന്‍ തയാറെടുത്ത് ദിവസങ്ങളായി തുടരുകയാണ്. കേരളത്തിന്റെ പത്തിരട്ടി വരെ ഇവയ്ക്ക് വലിപ്പമുണ്ട്. കാറ്റ് അനുകൂലമായി ഇവ കരയിലേക്ക് എത്തുന്നതാണ് പലപ്പോഴും വലിയ മഴ പെയ്ത്തിന് കാരണമാകുന്നത്. ഇത്തരത്തിലെത്തുന്ന മേഘങ്ങളില്‍ വലിയ ഭാഗവും പലപ്പോഴും കടലില്‍ തന്നെ പെയ്ത് പോകുന്നുമുണ്ട്.
എന്നാല്‍ തീരദേശത്തേക്ക് അടക്കം ഇവ കടന്നെത്തുന്നതാണ് കളമശ്ശേരിയിലടക്കം കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ വലിയ മഴയ്ക്ക് കാരണമായത്. ഈ സാഹചര്യം ആവര്‍ത്തിച്ചേക്കാം. കൂമ്പാര മേഘങ്ങള്‍ക്ക് കൂടി സാധ്യതയുള്ളതിനാല്‍ കാറ്റ് കൂടി അനുകൂലമായാല്‍ അത് വലിയ തോതില്‍ നീരാവിയെ കരയിലേക്ക് എത്തിച്ച് മഴയായി പെയ്യിച്ചേക്കാം. തെക്ക് പടിഞ്ഞാറന്‍ കാറ്റ് സജീവമായി വരുന്നത് ഇതിന് അനുകൂലമാകും.
അഞ്ചു കിലോമീറ്റര്‍ വരെ ഉയരത്തിലുള്ള താഴ്ന്ന നിലയിലുള്ള കാറ്റാണ് ഇവ. ഇന്നലെ ഒറ്റപ്പെട്ടയിടങ്ങളിലാണ് മഴ എത്തിയത്. അതേസമയം മഴ കൂടുതല്‍ സമയം നീണ്ട് നിന്നില്ല. ഇടവേളകളില്‍ വീണ്ടും വീണ്ടും പെയ്തൊഴിയുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: