തിരുവനന്തപുരം/തൊടുപുഴ: കനത്ത മഴ തിരുവനന്തപുരം, എറണാകുളം, ആലപ്പുഴ ജില്ലകളില്‍ വന്‍നാശം വിതച്ചു. തിരുവനന്തപുരത്തും കൊച്ചിയിലും വന്‍വെള്ളക്കെട്ടാണ്. തമ്പാനൂരില്‍ റോഡുകള്‍ വെള്ളത്തില്‍ മുങ്ങി. ബൈക്ക്, ഓട്ടോയാത്ര അസാധ്യമായി. ആമയിഴഞ്ചാന്‍ തോട് കവിഞ്ഞു. കൊച്ചിയിലും സമാനമാണ് അവസ്ഥ. ആലപ്പുഴ ഹരിപ്പാട്ട് വെള്ളത്തില്‍ വീണ് മുട്ടം സ്വദേശി ദിവാകരന് (68) മരണമടഞ്ഞു. ആലപ്പുഴയില്‍ കഴിഞ്ഞ രാത്രിയിലെ കാറ്റില്‍ വീടിന്റെ മേല്‍ക്കൂര പറന്നുപോയി. കൊച്ചി കാക്കനാട് പടമുഗളില്‍ വീട്ടുമതില്‍ ഇടിഞ്ഞ് മുറ്റത്തു പാര്‍ക്ക് ചെയ്തിരുന്ന കാര്‍ താഴേക്ക് പതിച്ചു.
സംസ്ഥാനത്തെങ്ങുമുള്ള മറ്റൊന്നാണ് പാമ്പുശല്യം. മാളങ്ങളില്‍ വെള്ളം കയറിയതോടെ പാമ്പുകള്‍ വെള്ളത്തിലിഴഞ്ഞ് വീടുകളിലും മുറ്റങ്ങളിലും ചെടിപ്പടര്‍പ്പുകളിലും മറ്റും കയറുകയാണ്. ചത്ത എലികള്‍ അടക്കമുള്ള മാലിന്യങ്ങളാണ് തലസ്ഥാനത്ത് നടുറോഡിലൂടെ ഒഴുകുന്നത്.
മണിക്കൂറുകള്‍ക്കുള്ളില്‍ എറണാകുളം, കോട്ടയം, ആലപ്പുഴ, തൃശ്ശൂര്‍ ജില്ലകളിലെ വിവിധ മേഖലകളില്‍ ലഭിച്ചത് തീവ്രമഴയാണ്. ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് പിറവത്താണ്, 20 സെ.മീ. പൂഞ്ഞാര്‍, കായംകുളം അഗ്രി-15, കായകുളം-14, വൈക്കം-13, നൂറനാട്-12, മാവേലിക്കര, ഏനമാക്കല്‍, വടവാതൂര്‍, വൈക്കം, പള്ളുരുത്തി-11, കോട്ടയം, ഹരിപ്പാട്, തൈക്കാട്ടുശ്ശേരി-10 എന്നിങ്ങനെ മഴ ലഭിച്ചു.
ഇടുക്കിയിലൊഴികെ ബാക്കി എല്ലാ ജില്ലകളിലും മഴവലിയ തോതില്‍ കൂടി. സംസ്ഥാനത്താകെ 33.47 സെ.മീ. മഴ ലഭിക്കേണ്ട സ്ഥാനത്ത് 46.51 സെ.മീ. മഴ ലഭിച്ചു, 39 ശതമാനം മഴ കൂടി. ഒരു ദിവസം കൊണ്ട് അഞ്ച് ശതമാനം മഴയാണ് വര്‍ധിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: