തിരുവല്ല: ആഭ്യന്തര വകുപ്പ് ഉദ്യോഗസ്ഥരുടെയും പോലീസുകാരുടെയും ഗുണ്ടാ ബന്ധങ്ങള്‍ തുറന്നുകാട്ടി മുഖ്യമന്ത്രിക്ക് കത്തയച്ച സിവില്‍ പോലീസ് ഉദ്യോഗസ്ഥനെ പുറത്താക്കാന്‍ ഉന്നത തലത്തില്‍ നീക്കം.
ഇദ്ദേഹത്തെ പുറത്താക്കണമെന്ന് കാട്ടി എസ്പി നല്കിയ റിപ്പോര്‍ട്ട് ആഭ്യന്തര വകുപ്പിന്റെ പരിഗണനയിലാണ്. കോഴിക്കോട് സ്വദേശിയും പത്തനംതിട്ട ആറന്മുള പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഉദ്യോഗസ്ഥനുമായ ടി. ഉമേഷിന് എതിരേയാണ് നടപടി. അങ്കമാലി ഗുണ്ടാ സത്കാരത്തില്‍ ഡിവൈഎസ്പി അടക്കമുള്ള പോലീസുകാര്‍ പങ്കെടുത്തത് സംബന്ധിച്ച തുറന്ന കത്താണ് കടുത്ത അച്ചടക്ക നടപടിയില്‍ കലാശിച്ചിരിക്കുന്നത്.
അങ്കമാലിയിലെ ഡിവൈഎസ്പിക്കു സമാനരായ ഒട്ടേറെ ‘പോലീസ് ക്രിമിനലുകള്‍’ വകുപ്പിലുണ്ടെന്നും ഇത്തരക്കാര്‍ക്കിടയില്‍ ജോലി ചെയ്യേണ്ടിവരുന്നതിലെ ദുരവസ്ഥയുമായിരുന്നു കത്തിന്റെ ഉള്ളടക്കം.
കെ.ആര്. നാരായണന് ഇന്‍സ്റ്റിറ്റിയൂട്ടില്‍ നടന്ന ജാതി വിവേചനം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ പരസ്യ പ്രതികരണം നടത്തിയതിലൂടെ നേരത്തേ തന്നെ നോട്ടപ്പുള്ളിയാണ് ടി. ഉമേഷ്.
ഫറോഖ് സ്റ്റേഷനില്‍ നിന്നാണ് ആറന്മുളയിലേക്ക് സ്ഥലം മാറ്റിയത്. ട്രൈബ്യൂണല്‍ ഉത്തരവുണ്ടായിട്ടും അടിസ്ഥാനരഹിതമായ ന്യായങ്ങള്‍ പറഞ്ഞാണ് ആഭ്യന്തര വകുപ്പ് ഈ പോലീസുകാരന് എതിരേ നടപടി തുടരുന്നത്. അകാരണമായി സ്ഥലംമാറ്റിയതിലുള്ള അതൃപ്തിയും ട്രൈബ്യൂണല്‍ രേഖപ്പെടുത്തിയിരുന്നു.
ആഭ്യന്തര വകുപ്പിന്റെ പ്രതികാര നടപടികളില്‍ ഏറെ ദുരിതം അനുഭവിച്ച സിവില്‍ പോലീസ് ഉദ്യോഗസ്ഥനാണ് ടി. ഉമേഷ്. ഏഴു മാസം ആരോഗ്യ പ്രശ്നങ്ങളാല്‍ മെഡിക്കല്‍ ലീവിലായിരുന്നു. ഒക്ടോബറില്‍ തുടങ്ങിയ അവധി ഏപ്രിലില്‍ അവസാനിപ്പിച്ചിട്ടും ഇദ്ദേഹത്തിന്റെ ശമ്പളം തടഞ്ഞ് വച്ചിരിക്കുകയാണ്. എസ്പി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരെ നേരിട്ട് കണ്ട് പരാതി അറിയിച്ചിട്ടും പരിഹാരമുണ്ടായില്ല.
ഗുരുതര ഗുണ്ടാ ബന്ധമുള്ള 21 പോലീസ് ഉദ്യോഗസ്ഥര്ക്കെതിരേ സര്‍ക്കാര്‍ തുടങ്ങിയ നടപടികള്‍ പാതിവഴിക്കാണ്. 2023 ഫെബ്രുവരിയില്‍ നിയമസഭയെ മുഖ്യമന്ത്രിതന്നെ ബോധ്യപ്പെടുത്തിയ കൊടുംകുറ്റവാളികളാണ് ഈ ഉദ്യോഗസ്ഥര്‍.
ഗുരുതര ക്രിമിനല്‍ കേസുകളിലെ പ്രതികളായ 12 പേര്‍ക്ക് എതിരായ നടപടിയും എങ്ങും എത്തിയിട്ടില്ല. ഇത്തരം ഇടപാടുകളില്‍ പ്രഥമദൃഷ്ട്യാ കുറ്റക്കാരെന്ന് തെളിഞ്ഞ 23 പോലീസ് ഉദ്യോഗസ്ഥര്‍ക്ക് എതിരേയുള്ള വിജിലന്‍സ് അന്വേഷണവും അട്ടിമറിക്കപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: