ന്യൂദല്‍ഹി: ആര്‍ട്ടിക്കിള്‍ 370 നാലഞ്ച് കുടുംബങ്ങളുടെ മാത്രം അജണ്ടയായിരുന്നുവെന്നും അത് രാജ്യത്തെയോ കശ്മീരിലെയോ ജനങ്ങളുടെ അജണ്ട ആയിരുന്നില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. അവരുടെ നേട്ടത്തിനായി 370 എന്ന മതില് നിര്‍മ്മിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ കശ്മീരിലെ സഹോദരീസഹോദരന്മാര് ആവേശത്തോടെ വോട്ട് ചെയ്യാന്‍ മുന്നിട്ടിറങ്ങി. വോട്ടര്‍മാരുടെ ആവേശകരമായ പങ്കാളിത്തം ലോകത്തിനും സംശയമുള്ളവര്‍ക്കുമുള്ള സന്ദേശമാണെന്ന് എഎന്‍ഐയ്ക്ക് നല്കിയ പ്രത്യേക അഭിമുഖത്തില്‍ പ്രധാനമന്ത്രി പറഞ്ഞു.
370 നീക്കം ചെയ്തതിന് ശേഷം കശ്മീരിലെ ജനങ്ങള്‍ക്കിടയില്‍ കൂടുതല്‍ ഐക്യമുണ്ടായി എന്നത് ഇന്ന് സത്യമായി മാറിയിരിക്കുന്നു. ഇതിന്റെ നേരിട്ടുള്ള ഫലം തെരഞ്ഞെടുപ്പ്, ടൂറിസം എന്നിവയിലും കാണാനാവും. ജി 20 ഉച്ചകോടിയുമായി ബന്ധപ്പെട്ട പരിപാടികളില്‍ പ്രതിനിധികളെ കശ്മീരിലെ ജനങ്ങള്‍ ഊഷ്മളമായി സ്വീകരിച്ചു.
സര്‍ക്കാരിന്റെ തീരുമാനങ്ങള്‍ എല്ലായ്പ്പോഴും നല്ല ലക്ഷ്യത്തിന് വേണ്ടിയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. സര്‍ക്കാര്‍ ചെയ്യേണ്ട കാര്യങ്ങള്‍ നടപ്പാക്കുന്നതിന് ഒരു രീതിയും നയവുമുണ്ടെന്ന് രാജ്യത്തെ നീതിന്യായ വ്യവസ്ഥയോട് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു, ആ ജോലി ചെയ്യാനുള്ള പൂര്‍ണ അധികാരം സര്‍ക്കാരിനുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന്, അതിനനുസരിച്ച് പ്രവര്‍ത്തിക്കേണ്ടതുണ്ട്. എന്നാല്‍ ചില എന്‍ജിഒകള്‍ കോടതിയില്‍ പോയി അത് വലിയ പ്രശ്നമായി മാറ്റുന്നു. എന്നാല്‍ കഴിഞ്ഞ അഞ്ചു വര്‍ഷമായി ഇന്റര്‍നെറ്റ് തടഞ്ഞിട്ടില്ലെന്ന് കശ്മീരിലെ കുട്ടികള്‍ അഭിമാനത്തോടെ പറയുന്നു. അവര്‍ക്ക് എല്ലാ സൗകര്യങ്ങളും ലഭിക്കുന്നു, പക്ഷേ ഇത് ഒരു നല്ല കാര്യത്തിനായിരുന്നു. അത്തരം എന്‍ജിഒകളില്‍ നിന്ന് രാജ്യത്തെ രക്ഷിക്കേണ്ടത് വളരെ പ്രധാനമാണെന്നും മോദി പറഞ്ഞു.
സാധാരണക്കാരന് അവിടെ വോട്ടുചെയ്യുമ്പോള്‍, അത് ആരെയെങ്കിലും വിജയിപ്പിക്കാന്‍ മാത്രമല്ല, ഭാരത ഭരണഘടനയെ അംഗീകരിക്കുന്നതിനും ഭാരതത്തിന്റെ മുഴുവന്‍ ആത്മാവിനോടുള്ള തന്റെ അര്‍പ്പണബോധം പ്രകടിപ്പിക്കുന്നതിനും വേണ്ടിയാണ്. അതിന്റെ ഫലമായി 40 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ പോളിങ് കശ്മീരില്‍ ഉണ്ടായി. അത് ലോകത്തിനും സംശയമുള്ളവര്‍ക്കുമുള്ള സന്ദേശമാണ്. കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ പ്രവര്‍ത്തനത്തില്‍ ഇടപെട്ടെന്ന ആരോപണത്തിന് പ്രതിപക്ഷത്തിന്റെ പക്കല്‍ തെളിവുണ്ടോ എന്ന് പ്രധാനമന്ത്രി ചോദിച്ചു. അന്വേഷണ ഏജന്‍സികളുടെ പ്രവര്‍ത്തനത്തില്‍ സര്‍ക്കാര്‍ ഇടപെടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ആരാണ് ജയിലില്‍ പോകേണ്ടതെന്ന് തീരുമാനിക്കുന്നത് പ്രധാനമന്ത്രി മോദിയാണെന്ന ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ ആരോപണത്തെക്കുറിച്ചുള്ള ചോദ്യത്തിന്, ഈ ആളുകള്‍ ഭരണഘടന വായിക്കുകയും രാജ്യത്തെ നിയമം വായിക്കുകയും ചെയ്യുന്നതാണ് നല്ലത്, ഞാന്‍ ഒന്നും പറയേണ്ടതില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. സര്‍ക്കാരിന് അഴിമതിയോട് ഒട്ടും സഹിഷ്ണുതയില്ലെന്നും ഈ ആളുകള്‍ മനസിലാക്കുന്നത് നല്ലതാണെന്നും പറഞ്ഞു.
കഴിഞ്ഞ 24 വര്‍ഷമായി തുടര്‍ച്ചയായി നേരിട്ട ആക്ഷേപങ്ങള്‍ എനിക്ക് ‘ബുള്ളറ്റ് പ്രൂഫ്’ ആയി മാറി. മന്മോഹന് സിങ്ങിന്റെ പത്ത് വര്‍ഷത്തില്‍ വെറും 34 ലക്ഷം രൂപമാത്രമാണ് ഇ ഡി പിടിച്ചെടുത്തത്. എന്നാല്‍ കഴിഞ്ഞ പത്തുവര്‍ഷം ഇ ഡി 2200 കോടി രൂപയാണ് പിടിച്ചെടുത്തതെന്നും മോദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: