തിരുവനന്തപുരം: ഗുണ്ടകളെ അമര്‍ത്താന്‍ കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ സംസ്ഥാന പോലീസ് മേധാവി പ്രഖ്യാപിച്ച സ്പെഷല്‍ ഡ്രൈവായിരുന്നു ഓപ്പറേഷന് കാവല്‍. ഇന്നത് ഓപ്പറേഷന് ആഗ് ആയി. പക്ഷേ ഗുണ്ടകള്‍ മാത്രം പിടിയിലായില്ല. പകരം പുറത്തുവന്നത് പോലീസ്-ഗുണ്ട കൂട്ടുകെട്ടിന്റെ കഥകള്‍.
ഗുണ്ടാ മാഫിയയുമായി ബന്ധം സ്ഥാപിച്ച 21 പോലീസ് ഉദ്യോഗസ്ഥരെ ജോലിയില്‍ നിന്നു പിരിച്ചുവിട്ടെന്നാണ് 2023 ഫെബ്രുവരിയില്‍ നിയമസഭയെ അറിയിച്ചത്. അന്ന് 14 ഉദ്യോഗസ്ഥര്‍ സസ്പെന്‍ഷനിലായി. രണ്ടു ഡിവൈഎസ്പിമാര്‍, മൂന്ന് എസ്ഐമാര്‍ എന്നിവരടക്കമാണ് സസ്പെന്‍ഷനിലായത്. ഗുണ്ട-മാഫിയ ബന്ധത്തിന്റെയും അനധികൃത സ്വത്തു സമ്പാദനത്തിന്റെയും പേരില്‍ 23 പോലീസ് ഉദ്യോഗസ്ഥര്ക്കെതിരേ വിജിലന്‍സ് അന്വേഷണം നടത്തുന്നുണ്ടെന്നാണ് അന്നു മുഖ്യമന്ത്രി പറഞ്ഞത്. പക്ഷേ പിന്നീടങ്ങോട്ട് അന്വേഷണവും നടപടിയുമെല്ലാം കടലാസിലൊതുങ്ങി.
അന്ന് ഗുണ്ട-മാഫിയ ബന്ധത്തെ തുടര്‍ന്ന് മംഗലപുരം സ്റ്റേഷനിലെ മുഴുവന്‍ പോലീസുകാരും നടപടി നേരിട്ടത് ഞെട്ടലോടെയാണ് കേരളം കേട്ടത്. സംസ്ഥാന ചരിത്രത്തില്‍ത്തന്നെ ഒരു സ്റ്റേഷന് മുഴുവന്‍ ഗുണ്ടാ ബന്ധത്തിന്റെ പേരില്‍ നടപടി നേരിടുന്നത് ആദ്യമാണ്. അന്ന് തലസ്ഥാനം കണ്ടത് ഗുണ്ടാ ആക്രമണങ്ങളുടെ നീണ്ട നിരയാണ്. ലഹരി സംഘങ്ങളുടെ കുടിപ്പകയിലുണ്ടായ ആക്രമണവും തട്ടിക്കൊണ്ടുപോകലും അന്വേഷിക്കാന്‍ ചെന്ന പോലീസിനു നേരേ ബോംബേര് വരെയുണ്ടായി. പട്ടാപ്പകല്‍ യുവാവിന്റെ കാലുവെട്ടിയെടുത്ത ഗുണ്ടകള്‍ നഗരം ചുറ്റി. അന്നു പ്രഖ്യാപിച്ചതാണ് ഓപ്പറേഷന് കാവല്‍. മൂവായിരത്തോളം ഗുണ്ടകളുടെ വിവരങ്ങള്‍ ശേഖരിച്ചു പിടികൂടാനായിരുന്നു കാവല്‍ പദ്ധതി. പക്ഷേ കാവല്‍ കാക്കിതന്നെ പൊളിച്ചു. ഗുണ്ടകള്‍ക്കു പോലീസുതന്നെ റെയ്ഡ് വിവരം ചോര്‍ത്തിക്കൊടുത്തു. ഒളിവില്‍ക്കഴിയാന്‍ സൗകര്യവുമൊരുക്കി.
സ്പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ ഗുണ്ടാസംഘങ്ങളുടെ കൂട്ടുകരായി. 557 പേരെ കൂടി ഉള്‍പ്പെടുത്തി ഗുണ്ടാപ്പട്ടിക വിപുലീകരണമേ നടന്നുള്ളൂ. വര്‍ഷം ഒന്നുകഴിഞ്ഞ് പിന്നെയും സംസ്ഥാനത്ത് ഗുണ്ടകള്‍ യുവാവിനെ തല്ലിക്കൊന്നപ്പോഴാണ് പോലീസ് വീണ്ടും സടകുടഞ്ഞെഴുന്നേറ്റത്. അപ്പോള്‍ പ്രഖ്യാപിച്ച സ്പെഷല്‍ ഡ്രൈവാണ് ഓപ്പറേഷന് ആഗ്. ഈ 16ന് സംസ്ഥാന പോലീസ് മേധാവിയുടെ അധ്യക്ഷതയില്‍ തിരുവനന്തപുരത്ത് മുതിര്‍ന്ന പോലീസ് ഉദേ്യാഗസ്ഥര്‍ അവലോകനയോഗം ചേര്‍ന്നത് ഗുണ്ടകളെ അമര്‍ച്ച ചെയ്യാനായിരുന്നു. സമാധാനാന്തരീക്ഷം തകര്‍ക്കുന്നവര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കാന്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ച സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബ് സോണല്‍ ഐജിമാര്‍ക്കും റേഞ്ച് ഡിഐജിമാര്‍ക്കും ജില്ലാ പോലീസ് മേധാവിമാര്‍ക്കും നിര്‍ദേശവും നല്കി.
പക്ഷേ ഓപ്പറേഷന് ആഗും പോലീസ് ഉദ്യോഗസ്ഥര്‍ത്തന്നെ പൊളിച്ചു. പരിശോധനയ്ക്കെത്തും മുന്നേ പോലീസുകാര്‍ തന്നെ വിവരങ്ങള്‍ ചോര്‍ത്തിക്കൊടുത്തു. ഗുണ്ടകളൊക്കെ സുരക്ഷിതരുമായി. അതിന്റെ അവസാനത്തെ ഉദാഹരണമാണ് അങ്കമാലിയിലെ ഗുണ്ടാ വിരുന്നും ഡിവൈഎസ്പിയുടെ സാന്നിധ്യവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: