ഐസ്വാള്‍: റിമാല്‍ ചുഴലിക്കാറ്റില്‍ മിസോറാമിലെങ്ങും കനത്ത നാശനഷ്ടം. ഇന്നലെ ഐസ്വാളിലുണ്ടായ മണ്ണിടിച്ചിലില്‍ പതിനഞ്ചോളം പേര് കൊല്ലപ്പെട്ടു. 11 പേര് ക്വാറി തകര്‍ന്നുണ്ടായ അപകടത്തിലാണ് മരിച്ചത്. നിരവധി പേര് മണ്ണിനിടയില്‍ കുടുങ്ങി കിടക്കുന്നുണ്ട്. ഇവര്‍ക്കായി തെരച്ചില്‍ നടത്തി വരുകയാണെന്ന് മിസോറാം മുഖ്യമന്ത്രി ലാല്‍ദുഹോമ അറിയിച്ചു.
നാല് പേര് മറ്റ് രണ്ട് സ്ഥലങ്ങളിലുണ്ടായ മണ്ണിടിച്ചിലിലാണ് കൊല്ലപ്പെട്ടത്. ഹന്തറില് ദേശീയപാതയില്‍ മണ്ണിടിച്ചിലുണ്ടായതിനെ തുടര്‍ന്ന് ഗതാഗതം തടസപ്പെട്ടു. കനത്തനാശനഷ്ടം സംഭവിച്ച സാഹചര്യത്തില്‍ ഐസ്വാളിലെ എല്ലാ സ്കൂളുകളും താത്കാലികമായി അടച്ചു. അവശ്യസേവനങ്ങള്‍ ഒഴികെയുള്ളവയോട് വര്‍ക് ഫ്രം ഹോമെടുക്കാനും സര്‍ക്കാര്‍ നിര്‍ദേശം നല്കി.
ബംഗാളില്‍ റിമാല്‍ ചുഴലിക്കാറ്റിനെ തുടര്‍ന്ന് ആറ് പേരാണ് മരിച്ചത്. ഇതില്‍ രണ്ട് പേര് വൈദ്യുതാഘാതമേറ്റാണ് മരിച്ചത്. നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. സാഗര്‍ ഐലന്‍ഡിന് സമീപത്തെ മോങ്ക്ലയിലാണ് റിമാല്‍ ചുഴലിക്കാറ്റ് ഏറ്റവും കൂടുതല്‍ നാശനഷ്ടം വിതച്ചത്. പ്രദേശത്തെ വൈദ്യുതി വിതരണവും തടസപ്പെട്ടു. മണിക്കൂറില്‍ 135 കിലോമീറ്റര്‍ വേഗതയിലാണ് ചുഴലിക്കാറ്റ് വീശിയത്. 300 ഓളം കുടിലുകള്‍ തകര്‍ന്നു. പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് കൊല്‍ക്കത്തയില്‍ നിന്നുള്ള 50 വിമാനങ്ങള്‍ റദ്ദാക്കി.
ആസം, മേഘാലയ എന്നിവിടങ്ങളിലും റിമാല്‍ കൊടുങ്കാറ്റ് നാശനഷ്ടമുണ്ടാക്കി. റോഡ് ഇടിഞ്ഞതിനെ തുടര്‍ന്ന് ആസം ഹഫ്ളോങ്ങിനും സില്ച്ചറിനും ഇടയിലുള്ള ഗതാഗതം പൂര്‍ണ്ണമായി തടസപ്പെട്ടു.
ംഗ്ലാദേശില് റിമാല്‍ ചുഴലിക്കാറ്റില്‍പ്പെട്ട് 10 പേര് മരിച്ചു. ബരിഷാല്‍, സത്ഖിര, പാട്ടുഖാലി, ഭോല, ചാട്ടോഗ്രാം എന്നിവിടങ്ങളിലാണ് ചുഴലിക്കാറ്റ് കൂടുതല്‍ നാശനശഷ്ടങ്ങളുണ്ടാക്കിയത്. 35,483 വീടുകള്‍ ചുഴലിക്കാറ്റില്‍ തകര്‍ന്നു. 115,992 വീടുകള്‍ക്ക് നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. 8,00,000 പേരെ മാറ്റിപ്പാര്‍പ്പിച്ചു. ബംഗ്ലാദേശിലെ ഖെപുപാര മേഖലയിലാണ് റിമാല്‍ ചുഴലിക്കാറ്റ് തീരം തൊട്ടത്. ചുഴലിക്കാറ്റിനെ തുടര്‍ന്ന് ബംഗ്ലാദേശിലെ 10 അന്താരാഷ്ട്ര വിമാനത്താവളങ്ങളിലെ വിമാന സര്‍വീസ് നിര്‍ത്തിവെച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: