Kerala

പ്രാന്തവത്കരിക്കപ്പെട്ടവരുടെ ഉന്നമനമാകട്ടെ ലക്ഷ്യം: ഗവര്‍ണര്‍.

Published by

തിരുവനന്തപുരം: വിവിധ ആവശ്യങ്ങളുമായി സമീപിക്കുന്നവരെ ഒരുപോലെ പരിഗണിക്കാനും അവരോട് നീതിയുക്തമായ സമീപനം പുലര്‍ത്താനും സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ പ്രതിജ്ഞാബദ്ധരായിരിക്കണമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.

സംസ്ഥാനത്തുനിന്ന് 2023 ലെ സിവില്‍ സര്‍വീസ് പരീക്ഷ വിജയിച്ചവരെ അനുമോദിക്കാന്‍ കേരള രാജ് ഭവനില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘അധികാര സ്ഥാനങ്ങള്‍ വഹിക്കുന്നവര്‍ ജനങ്ങളോട് ബഹുമാനത്തോടെയും നീതിപൂര്‍വകമായും പെരുമാറണം എന്നായിരുന്നു സര്‍ദാര്‍ വല്ലഭ് ഭായി പട്ടേലിനെപ്പോലെയുള്ളവരുടെ കാഴ്ചപ്പാട്.

ജനങ്ങളില്‍ നിന്ന് അകലം പാലിച്ചു നിന്ന ബ്രിട്ടീഷ് ശൈലിയില്‍ നിന്ന് വ്യത്യസ്തമായി ജനസേവനത്തിന്റെ മാര്‍ഗത്തിലൂടെ നീങ്ങുന്ന സിവില്‍ സര്‍വീസിനെയാണ് സ്വതന്ത്ര ഭാരതം വിഭാവനം ചെയ്തത്. ആ ശൈലിയെ കൂടുതല്‍ ജനകീയമാക്കി മുന്നോട്ടു കൊണ്ടു പോകാന്‍ പുതിയ തലമുറയ്‌ക്ക് കഴിയണമെന്നും ഗവര്‍ണര്‍ പറഞ്ഞു.

ഭാരതീയ പാരമ്പര്യം ആരെയും അന്യമായി കാണുന്നില്ല. എന്നുമാത്രമല്ല, മനുഷ്യനെ സേവിക്കുന്നതിലൂടെ ദൈവത്തെയാണ് സേവിക്കുന്നതെന്ന് എല്ലാ മതങ്ങളും പറയുന്നുമുണ്ട്. അതിനാല്‍, പ്രാന്തവത്കരിക്കപ്പെട്ടവരുടെ ഉന്നമനമായിരിക്കണം സിവില്‍ സര്‍വീസിന്റെ ലക്ഷ്യം. പട്ടിണിയിലും അജ്ഞതയിലും കഴിയുന്നവരെ അവഗണിക്കുന്ന വിദ്യാസമ്പന്നരെ രാജ്യദ്രോഹികളായാണ് സ്വാമി വിവേകാനന്ദന്‍ കണ്ടതെന്നും ഗവര്‍ണര്‍ ഓര്‍മ്മിപ്പിച്ചു.

കേരളത്തില്‍ നിന്ന് സിവില്‍ സര്‍വീസ് ജയിച്ച 54 പേരില്‍ 45 പേരും കുടുംബാംഗങ്ങളും ചടങ്ങില്‍ പങ്കെടുത്തു. യോഗത്തില്‍ ഗവര്‍ണറുടെ അഡീഷണല്‍ ചീഫ് സെക്രടറി ഡോ ദേവേന്ദ്ര കുമാര്‍ ധോദാവത് സംസാരിച്ചു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by