‘പുഷ്പാഞ്ജലി’ എന്ന ശ്രദ്ധേയമായ സംഗീത ആല്‍ബം ഒരുക്കുമ്പോള്‍ ആദ്യ ഗാനം വിഘ്നേശ്വര സ്തുതിയായിരിക്കണം എന്ന് സംഗീതസംവിധായകന് കേശവന് നമ്പൂതിരിയ്ക്ക് നിര്‍ബന്ധം. ആ നിര്‍ബന്ധത്തിന് വഴങ്ങി കവി രമേശന്‍നായര്‍ അരമണിക്കൂറില്‍ ആ ഗാനം എഴുതി…വിഘ്നേശ്വരനെ സ്തുതിക്കുന്ന ഗാനം.
”വിഘ്നേശ്വരാ ജന്മനാളികേരം
നിന്റെ തൃക്കാല്‍ക്കലുടയ്ക്കുവാന്‍ വന്നു.
തുമ്പിയും കൊമ്പും കൊണ്ടടിയന്റെ മാര്‍ഗ്ഗം
തമ്പുരാനേ… തടയല്ലേ… ഏകദന്ത…”
അടിമുടി കവിത തുളുമ്പുന്ന ഭക്തിഗാനം. നാട്ട രാഗത്തിലാണ് അദ്ദേഹം ഈ ഗാനം ചിട്ടപ്പെടുത്തിയത്.
‘ഇരുളിന് മുളംകാടു ചീന്തുമ്പോള്‍
അരിമുത്തു മണി എനിക്കു നീ തരണേ
കൂടില്ലാത്തൊരീ നിസ്വന് നിന് കൃപ
കുടിലായ് തീരണമേ ഗണേശ്വരാ’
ജീവിതത്തിലെ എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച് മുന്നേറാനുള്ള മലയാളികളുടെ പ്രാര്‍ത്ഥനാ ഗീതമായി പിന്നീട് ഈ ഗണപതിസ്തുതി ഗാനം മാറി. അത് ഭാവഗായകനായ ജയചന്ദ്രന്റെ ശബ്ദത്തില്‍ വാര്‍ന്നുവീണപ്പോള്‍ ഗാനത്തിന്റെ ആത്മാവ് ശ്രോതാവിന്റെ ഹൃദയത്തെ തൊട്ടു.
തമിഴിലെ എക്കാലത്തെയും മഹാനടന് ശിവജി ഗണേശനെയും ഈ ഗാനം ആകര്‍ഷിച്ചിരുന്നു. ഈ വിഘ്നേശ്വരസ്തുതി കേട്ടുണരുക ശിവാജി ഗണേശന് പതിവാക്കിയിരുന്നുവത്രെ. ഗായകന് ജയചന്ദ്രനാണ് ഒരിയ്ക്കല്‍ ശിവജി ഗണേശന് ഇക്കാര്യം പറഞ്ഞതായി ഓര്‍മ്മിച്ചത്. മരണം വരെയും ശിവാജി ഗണേശന് അതിരാവിലെ ഈ ഗാനം കേള്‍ക്കുക പതിവായിരുന്നുവത്രെ.
കേശന്നമ്പൂതിരി എന്ന സംഗീതസംവിധായകന്റെ മാന്ത്രികസ്പര്‍ശമാണ് രമേശന്‍നായരുടെ വരികളെ അവിസ്മരണീയമാക്കിയത്. ആകാശവാണിയിലെ സംഗീതസംവിധായകനായിരുന്ന കേശവന് നമ്പൂതിരി എന്ന സംഗീതസംവിധായകനെ ജനം തിരിച്ചറിഞ്ഞത് 1981ല്‍ പുറത്തിറങ്ങിയ ഈ ഗാനം ഉള്‍പ്പെട്ട പുഷ്പാഞ്ജലി എന്ന ഭക്തിഗാന ആല്‍ബത്തിലൂടെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: