തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ ശക്തമായി. തിരുവനന്തപുരം മുതല്‍ എറണാകുളം വരെ വരും മണിക്കൂറുകളിലും കനത്ത മഴക്ക് സാധ്യതയുണ്ട്. മഴക്കെടുതികളില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപടിയുണ്ടാകുമെന്ന് റവന്യു മന്ത്രി കെ രാജന് പറഞ്ഞു. കോട്ടയം, എറണാകുളം ജില്ലകളിൽ തീവ്രമഴയ്ക്ക് സാധ്യതയുണ്ട്. ഇവിടെ റെഡ് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തെക്ക് പടിഞ്ഞാറൻ കാറ്റിന്റെ സ്വാധീനമാണ് കേരളത്തിൽ മഴ കനക്കാൻ കാരണം.
ആലപ്പുഴ കായംകുളത്ത് ശക്തമായ കാറ്റിലും മഴയിലും തെങ്ങ് കടപുഴകി വീണ് യുവാവ് മരിച്ചു. കൊയ്പള്ളി കാരാഴ്മയില്‍ ധര്‍മപാലന്റെ മകന് അരവിന്ദ് (32) ആണ് മരിച്ചത്. വീട്ടുമുറ്റത്ത് നില്ക്കുമ്പോള് തെങ്ങ് കടപുഴകി വീഴുകയായിരുന്നു.പുല്ലന്‍പാറയില്‍ വീട്ടില്‍ കുടുങ്ങിയവരെ ഫയര്‍ഫോഴ്സ് രക്ഷപെടുത്തി. തിരുവനന്തപുരം മുതലപ്പൊഴിയില്‍ ശക്തമായ തിരിയില്‍പ്പെട്ടു വള്ളം മറിഞ്ഞു മത്സ്യതൊഴിലാളി മരിച്ചു. അഞ്ചു തെങ്ങു സ്വദേശി എബ്രഹാം ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന മൂന്നു പേരെ രക്ഷപ്പെടുത്തി. മറ്റൊരു വള്ളം മറിഞ്ഞു അപകടമുണ്ടായെങ്കിലും മത്സ്യതൊഴിലാളി നീന്തി രക്ഷപെട്ടു.
എറണാകുളം വേങ്ങൂരിൽ കുളിക്കാൻ ഇറങ്ങിയ പത്താം ക്ലാസ് വിദ്യാർത്ഥി തോട്ടിൽ മുങ്ങി മരിച്ചു. ഐക്കരക്കുടി ഷൈബിന്റെ മകൻ എൽദോസ് ആണ് മരിച്ചത്. അരുവിക്കര സര്‍ക്കാര്‍ ആശുപത്രിയുടെയും നെയ്യാറ്റിന്‍കര ശ്രീകൃഷ്ണ ക്ഷേത്രത്തിന്റെയും മതില് തകര്‍ന്നു. പൊന്മുടിയില് യാത്ര നിരോധനം ഏർപ്പെടുത്തി. ചേര്‍ത്തലയില്‍ ദേശിയ പാതയില്‍ മരം വീണു.
കനത്ത മഴയില്‍ എറണാകുളം ജില്ല മഴയില്‍ മുങ്ങി. കളമശ്ശേരി, കാക്കനാട് മേഖലകളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. ഇടപ്പള്ളി അരൂർ ദേശീയ പാതയിൽ വൻ ഗതാഗതകുരുക്കാണ് അനുഭവപ്പെടുന്നത്. ഇടറോഡുകളിലുൾപ്പെടെ വെള്ളം കയറിയിട്ടുണ്ട്. ഫോർട്ട് കൊച്ചിയിൽ കെഎസ്ആർടിസി ബസിന് മുകളിൽ മരം വീണ് ഒരാൾക്ക് പരിക്കേറ്റു. കണ്ണമാലി സൗദി പള്ളിക്ക് സമീപം വള്ളം മുങ്ങി ഒരാളെ കാണതായി. തിരച്ചിൽ തുടരുകയാണ്. മൂന്ന് പേരെ അപകടത്തിൽ നിന്ന് രക്ഷപ്പെടുത്തി. പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾ ഒഴുകി പോകുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: