ആലപ്പുഴ: യുവാവിനെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തുകയും കാര്‍ തകര്‍ക്കുകയും ചെയ്ത കേസിലെ പ്രതിയെ സിപിഎം നേതാവ് സംരക്ഷിച്ചത് വിവാദമാകുന്നു. കഞ്ഞിക്കുഴി ഏരിയയിലെ പ്രമുഖ നേതാവാണ് അക്രമികളെ സംരക്ഷിച്ചത്.
പാര്‍ട്ടി ജില്ലാ സെക്രട്ടറിയുമായി ഏറെ അടുപ്പമുള്ള ഈ നേതാവാണ് സംഭവം നടന്ന പ്രദേശം ഉള്‍പ്പെടുന്ന മാരാരിക്കുളം പോലീസ് സ്റ്റേഷന് ഭരിക്കുന്നത് എന്ന വിവരം പറത്തുവന്നത് സിപിഎമ്മിലെ വിഭാഗീയത ആളിക്കത്തിച്ചു. ജില്ലാ സെക്രട്ടറിയെ എതിര്‍ക്കുന്ന സംസ്ഥാന സെക്രട്ടേറിയറ്റംഗം നയിക്കുന്ന വിഭാഗം ഈ വിഷയം പാര്‍ട്ടി വേദികളില്‍ ഉന്നയിക്കുമെന്ന് വ്യക്തമാക്കി കഴിഞ്ഞു.
കഞ്ഞിക്കുഴിയിലെ ഈ നേതാവിന് മണല്‍മാഫിയ, ക്വട്ടേഷന്‍ സംഘങ്ങളുമായി അടുത്ത ബന്ധമാണുള്ളതെന്ന് നേരത്തെ തന്നെ പാര്‍ട്ടിയില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. കഴിഞ്ഞ 11നാണ് കണിച്ചുകുളങ്ങരയില്‍ വച്ച് കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശി പി.വി. അഭിഷേകിനെ തടഞ്ഞു നിര്‍ത്തി കാര്‍ തകര്‍ക്കുകയും, തോക്കുചൂണ്ടി ഭീഷണിപ്പെടുത്തുകയും ചെയ്തത്. സംഭവത്തില്‍ ആലപ്പുഴ കഞ്ഞിക്കുഴി ഐടിസി കോളനിയില്‍ പി. ടി. അനൂപിനെ അന്നേദിവസം തന്നെ മാരാരിക്കുളം പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. കൂടെയുണ്ടായിരുന്ന മനോജ് രക്ഷപ്പെട്ടു. അഭിഷേകും, അനൂപിന്റെ ഭാര്യയുമായി മണല്‍ പ്ലാന്റ് നടത്തിയിരുന്നു എന്നും അതിലുണ്ടായ തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചതെന്നുമായിരുന്നു അഭിഷേകിന്റെ മൊഴി.
പ്രതിയുടെ ഫോണ്‍ രേഖകള്‍ പരിശോധിച്ചപ്പോഴാണ് സിപിഎം ഏരിയ നേതാവുമായുള്ള ബന്ധം വ്യക്തമായത്. അക്രമം നടക്കുന്നതിന് തൊട്ടു മുന്‍പ് അക്രമത്തിനിരയായ അഭിഷേകിനെ ഈ നേതാവ് വിളിച്ചിരുന്നതായും വിവരമുണ്ട്. അക്രമം നടത്തിയ അനൂപ്, വിവാദ നായകനായ സിപിഎം നേതാവിന്റെ ബിനാമിയാണെന്നും ഒരു വിഭാഗം പാര്‍ട്ടി പ്രവര്‍ത്തകര്‍ പറയുന്നു. ആയുധം സഹിതം അനൂപിനെ പിടികൂടിയിട്ടും, തുടരന്വേഷണം പോലീസ് അട്ടിമറിച്ചു. വിവാദ സിപിഎം നേതാവിന്റെ ഇടപെടലിനെ തുടര്‍ന്നാണ് അന്വേഷണം വഴിമുട്ടിയത്. ഈ സാഹചര്യത്തില്‍ പരാതിക്കാരനായ അഭിലാഷ് കണ്ണൂരിലെ സിപിഎം നേതാവിനെ ബന്ധപ്പെട്ടു. ഇയാളുടെ നിര്‍ദേശപ്രകാരം മുഖ്യമന്ത്രിക്കും, ജില്ലാ പോലീസ് മേധാവിക്കും പരാതി നല്കി. ഇതിനെത്തുടര്‍ന്ന് മാരാരിക്കുളം പോലീസില്‍ നിന്ന് അന്വേഷണം പട്ടണക്കാട് ഇന്‍സ്പെക്ടറെ ഏല്‍പ്പിച്ചു.
സംഭവം പാര്‍ട്ടിയിലും പുറത്തും വിവാദമായതോടെ സിപിഎം നേതാവിനെ പോലീസ് ഉടന്‍ ചോദ്യം ചെയ്യുമെന്ന് അറിയുന്നു. നേരത്തെ ലഹരി മാഫിയ സംഘങ്ങളുമായി ആലപ്പുഴയിലെ സിപിഎം നേതാക്കള്‍ക്കുള്ള ബന്ധം മറനീക്കിയിരുന്നു. പിന്നാലെയാണ് മണല്‍ മാഫിയകളുമായുള്ള അവിശുദ്ധ ബന്ധങ്ങളുടെ വിവരങ്ങളും പുറത്തുവരുന്നത്. ഭരണത്തണലില്‍ നേതാക്കള്‍ മാഫിയകളുടെ ഭാഗമാകുന്നത് സിപിഎമ്മിനെ വെട്ടിലാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: