തിരുവനന്തപുരം: സംസ്ഥാന ശിശുക്ഷേമ സമിതി ആസ്ഥാനത്തിന് മുന്നില്‍ സ്ഥാപിച്ചിട്ടുള്ള അമ്മത്തൊട്ടിലില്‍ പുതിയ അതിഥിയെത്തി. ശനിയാഴ്ച പകല്‍ 11.40ന് നേരിയ ചാറ്റല്‍ മഴയ്‌ക്കിടയില്‍ 7 ദിവസം പ്രായം തോന്നിക്കുന്ന 3.4 കിലോഗ്രാം ഭാരവുമുള്ള പെണ്‍കുട്ടിയാണ് അതിഥിയായി എത്തിയത്. തിരുവനന്തപുരം അമ്മത്തൊട്ടിലില്‍ ലഭിക്കുന്ന 600-ാമത് കുഞ്ഞാണ്.
വെള്ളിയാഴ്ച സമിതി സംഘടിപ്പിച്ചു വരുന്ന കിളിക്കൂട്ടം അവധിക്കാല ക്യാമ്പിലെത്തിയ മന്ത്രി വീണാ ജോര്‍ജ്, ജന്മം കൊടുത്ത കുരുന്നുകളെ സ്വയം നശിപ്പിക്കാതെ സര്‍ക്കാരിനു കൈമാറണം എന്ന് അഭ്യര്‍ത്ഥിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ശനിയാഴ്ച പുതിയ അതിഥി എത്തിയത്. സര്‍ക്കാരിന്റെ സംരക്ഷണയിലേക്ക് കുട്ടി എത്തിയ വിവരം ജനറല്‍ സെക്രട്ടറി ജി.എല്‍. അരുണ്‍ഗോപി മന്ത്രിയെ അറിയിക്കുകയും കുരുന്നു ജീവനെ നശിപ്പിക്കാതെ അമ്മത്തൊട്ടിലില്‍ എത്തിച്ച അജഞാത വ്യക്തിയെ അഭിനന്ദിക്കുകയും കുട്ടിക്ക് ‘ഋതു’ എന്ന് പേരിടുകയും ചെയ്തു.
അതിഥിയുടെ വരവ് അറിയിച്ചുകൊണ്ട് ദത്തെടുക്കല്‍ കേന്ദ്രത്തില്‍ ബീപ് സന്ദേശം എത്തിയ ഉടന്‍തന്നെ ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്‌സും ആയമാരും സുരക്ഷാ ജീവനക്കാരും ചേര്‍ന്ന് ദത്തെടുക്കല്‍ കേന്ദ്രത്തില്‍ കുഞ്ഞിനെ എത്തിക്കുകയും ആരോഗ്യ പരിശോധനകള്‍ക്കായി തൈക്കാട് കുട്ടികളുടേയും സ്ത്രീകളുടേയും ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു. കുഞ്ഞ് പൂര്‍ണ ആരോഗ്യവതിയാണ്.
തിരുവനന്തപുരം അമ്മത്തൊട്ടിലില്‍ മെയ് മാസം ലഭിക്കുന്ന മൂന്നാമത്തെ കുട്ടിയും ഈ ആഴ്ചയില്‍ ലഭിക്കുന്ന രണ്ടാമത്തെ കുഞ്ഞും ഈ വര്‍ഷം ലഭിക്കുന്ന 14-ാമത്തെ കുഞ്ഞും അഞ്ചാമത്തെ പെണ്‍കുഞ്ഞുമാണ് ഋതു. 2024ല്‍ ഇതുവരെയായി 25 കുഞ്ഞുങ്ങളാണ് അനാഥത്വത്തില്‍ നിന്ന് സനാഥത്വത്തിലേക്ക് പുതിയ മാതാപിതാക്കളുടെ കൈയ്യും പിടിച്ച് സമിതിയില്‍ നിന്നും യാത്രയായത്. കുഞ്ഞിന്റെ ദത്തെടുക്കല്‍ നടപടിക്രമങ്ങള്‍ ആരംഭിക്കേണ്ടതിനാല്‍ അവകാശികള്‍ ആരെങ്കിലും ഉണ്ടെങ്കില്‍ സമിതി അധികൃതരുമായി അടിയന്തരമായി ബന്ധപ്പെടണമെന്ന് ജനറല്‍ സെക്രട്ടറി ജി.എല്‍. അരുണ്‍ഗോപി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: