കൊൽക്കത്ത: ആസന്നമായ റെമൽ ചുഴലിക്കാറ്റ് ഭീഷണിയെ അതിജീവിക്കാനുള്ള ഏകോപിത ശ്രമങ്ങൾക്ക് ബംഗാൾ രാജ്ഭവൻ സംവിധാനമൊരുക്കിയതായി ഗവർണർ ഡോ സി.വി ആനന്ദബോസ് അറിയിച്ചു.ഇതിനായി ഗവർണറുടെ ചീഫ് ഓഫ് സ്റ്റാഫ് എസ്.കെ പട്‌നായിക്കിന്റെ നേതൃത്വത്തിൽ എഡിസിമാരും സിആർപിഎഫും മറ്റു ജീവനക്കാരുമുൾപ്പെട്ട പ്രത്യേക കർമസേന സജ്ജീകരിച്ചു .
“ഗവർണർ ഡോ സിവി ആനന്ദബോസ് സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണ്, ഏകോപിത ശ്രമത്തിനായി സംസ്ഥാനത്തെയും കേന്ദ്രത്തിലെയും വിദഗ്ധരുമായും അധികാരികളുമായും ബന്ധപ്പെട്ടുവരുന്നു. രാജ്ഭവനിൽ ഇതിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന ടെലിഫോൺ സംവിധാനം – PBX ബോർഡ് നമ്പർ: 033-22001641 – ഏർപ്പെടുത്തിയിട്ടുണ്ട് ” – എക്സ് ഹാന്ഡിലിൽ രാജ്ഭവൻ അറിയിച്ചു.
“എല്ലാ പൗരന്മാരുടെയും, പ്രത്യേകിച്ച് തീരപ്രദേശങ്ങളിൽ താമസിക്കുന്നവരുടെ സുരക്ഷിതത്വവും ക്ഷേമവും ഉറപ്പുവരുത്താൻ വേണ്ട എല്ലാ മുൻകരുതലുകലുകളും എടുക്കണം. ദുരന്തനിവാരണ സമിതിയും ബന്ധപ്പെട്ട മറ്റു അധികാരികളും പുറപ്പെടുവിക്കുന്ന ജാഗ്രതാ നിർദേശങ്ങളും നടപടിക്രമങ്ങളും പൂർണമായും പാലിക്കാൻ എല്ലാവരും തയ്യാറാകണം – ഗവർണർ ആനന്ദബോസ് അഭ്യർത്ഥിച്ചു.
“ഈ അവശ്യസമയത്ത് ജനങ്ങളുടെ ആശങ്കയകറ്റാൻ ആത്മവിശ്വാസത്തോടെയും നിശ്ചയദാർഢ്യത്തോടെയും എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കണം. നാം തീർച്ചയായും കൊടുങ്കാറ്റിനെ അതിജീവിക്കും” – ഗവർണർ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: