മദ്യനയ അഴിമതിക്കേസില്‍ സുപ്രീംകോടതിയുടെ ഇടക്കാല ജാമ്യം ലഭിച്ച് ജയില്‍മോചിതനായ ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള് മാധ്യമങ്ങളോട് പറഞ്ഞത്, ഇനി ജയിലിലാകാന്‍ പോകുന്നത് കേരള മുഖ്യമന്ത്രി പിണറായി വിജയനും പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും ആണെന്നായിരുന്നു. രാജ്യം കണ്ട ഏറ്റവും വലിയ അഴിമതിക്കാരനായ രാഷ്ട്രീയ നേതാക്കളിലൊരാളായ കേജ്രിവാള് ഇങ്ങനെ പറഞ്ഞത് ‘ഇന്‍ഡി’ സഖ്യം തനിക്കു നല്കുന്ന പിന്തുണ വര്‍ധിപ്പിക്കാനാണ്. പിണറായി വിജയനും മമതാ ബാനര്‍ജിയും ആരോപണവിധേയരായ ചില കേസുകള്‍ കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കുന്നതാണ് ‘ഇന്നു ഞാന്‍ നാളെ നീ’ എന്നു പറയാന്‍ കേജ്രിവാളിനെ പ്രേരിപ്പിച്ചത്. എന്നാല്‍ അഴിമതിക്കാര്‍ക്ക് പരസ്പരം മനസ്സറിയാം എന്നു കരുതുന്നതുപോലെയാണ് കേജ്രിവാളിന്റെ പ്രവചനം. മദ്യനയ അഴിമതി ആരോപണം തന്നെ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാര്‍ക്കുമെതിരെ ഉയര്‍ന്നിരിക്കുന്നു. തുകയുടെ കാര്യത്തില്‍ മാത്രമാണ് വ്യത്യാസമുള്ളത്. കേജ്രിവാളും ആം ആദ്മി പാര്‍ട്ടിയും മന്ത്രിമാരും ചേര്‍ന്നു നടത്തിയത് 400 കോടിയിലേറെ രൂപയുടെ മദ്യനയ അഴിമതിയാണെങ്കില്‍ പിണറായിക്കും മന്ത്രിമാര്‍ക്കുമെതിരെ ഉയര്‍ന്നിരിക്കുന്നത് 25 കോടിയുടെ അഴിമതി ആരോപണങ്ങളാണ്. രണ്ട് സംഭവങ്ങളിലും മദ്യനയത്തില്‍ മാറ്റം വരുത്തിയാണ് അഴിമതിക്ക് കളമൊരുക്കിയത്. കേജ്രിവാളിന്റെ പാര്‍ട്ടി അഴമതിപ്പണത്തില്‍ ഒരു പങ്ക് ഉപയോഗിച്ചത് ഗോവയിലെ തെരഞ്ഞെടുപ്പിനാണെങ്കില്‍, തെരഞ്ഞെടുപ്പ് കഴിഞ്ഞാണ് പിണറായി സര്‍ക്കാരിന്റെ മദ്യനയ അഴിമതി പുറത്തുവന്നിരിക്കുന്നത്.
മദ്യമുതലാളിമാരുടെ അസോസിയേഷന് നേതാവിന്റെ ശബ്ദസന്ദേശം പുറത്തുവന്നതോടെയാണ് ബാറുടമകളില്‍ നിന്ന് സര്‍ക്കാര്‍ കോടികള്‍ ശേഖരിക്കുന്ന വിവരം പുറംലോകം അറിഞ്ഞത്. പണംകൊടുക്കാതെ ആരും തങ്ങളെ സഹായിക്കില്ലെന്നും, രണ്ടരലക്ഷം രൂപവച്ച് തരാന്‍ പറ്റുന്നവര്‍ തരണമെന്നും, തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ മദ്യനയത്തില്‍ മാറ്റം വരുമെന്നുമായിരുന്നു ശബ്ദസന്ദേശം. സംഘടനയുടെ യോഗം കൊച്ചിയില്‍ നടന്നതിനു ശേഷമാണ് പണം ആവശ്യപ്പെട്ടുകൊണ്ടുള്ള ശബ്ദസന്ദേശം അയച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പില്‍ ലക്ഷങ്ങള്‍ വാങ്ങിയെന്നും, രണ്ടാമത്തെ പണപ്പിരിവ് തുടങ്ങിയതായുമുള്ള സൂചനകള്‍ ശബ്ദസന്ദേശത്തിലുണ്ട്. മദ്യവില്‍പ്പനയ്ക്ക് വിലക്കുള്ള ഡ്രൈ ഡേ ഒഴിവാക്കിയും, ബാര്‍ സമയം രാത്രി പന്ത്രണ്ട് മണിവരെയാക്കിയും പുതിയ മദ്യനയം പുറത്തിറക്കാനാണ് അണിയറയില്‍ നീക്കം നടത്തിയത്. ടൂറിസം മേഖലയില്‍ മദ്യം വിളമ്പാനുള്ള മറ്റൊരു പദ്ധതിയും വകുപ്പ് മന്ത്രിയായ മുഹമ്മദ് റിയാസിന്റെ നേതൃത്വത്തില്‍ ഒരുങ്ങുന്നതായാണ് വിവരം. ഇതുവഴിയും കോടികള്‍ സമ്പാദിക്കാനാണ് നീക്കം നടത്തിയത്. മദ്യവര്‍ജനം ഘട്ടംഘട്ടമായി നടപ്പാക്കുമെന്ന് തെരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ പ്രഖ്യാപിച്ച് അധികാരത്തില്‍ വന്ന ഒന്നാം പിണറായി സര്‍ക്കാര്‍ ഇതിന് കടകവിരുദ്ധമായി മുന്‍ സര്‍ക്കാര്‍ അടച്ചുപൂട്ടിയ ബാറുകള്‍ക്കും പുതിയ ബാറുകള്‍ക്കും ലൈസന്‍സ് നല്കുകയാണുണ്ടായത്. ഇതിന്റെ തുടര്‍ച്ചയാണ് ഇപ്പോള്‍ ബാറുടമകള്‍ക്ക് അനുകൂലമായി മദ്യനയത്തില്‍ മാറ്റം വരുത്തി കോടികള്‍ ശേഖരിക്കാന്‍ തീരുമാനിച്ചത്.
എക്സൈസ് മന്ത്രി എം.ബി. രാജേഷും ടൂറിസം മന്ത്രി മുഹമ്മദ് റിയാസുമാണ് മദ്യനയത്തില്‍ മാറ്റംകൊണ്ടുരാന്‍ പ്രവര്‍ത്തിച്ചതെന്നാണ് പ്രാഥമിക വിവരങ്ങള്‍. പതിവുശൈലിയില്‍ മന്ത്രി എം.ബി. രാജേഷ് നിഷേധപ്രസ്താവനയുമായി രംഗത്തുവന്നു. മദ്യനയത്തില്‍ മാറ്റം വരുത്തുന്നതിന്റെ ആലോചനകളിലേക്കു പോലും സര്‍ക്കാര്‍ കടന്നിട്ടില്ലെന്ന് ഈ മന്ത്രി പറഞ്ഞത് പച്ചക്കള്ളമാണ്. മദ്യനയത്തില്‍ മാറ്റം വരുത്തേണ്ടതിനെക്കുറിച്ച് ടൂറിസം വകുപ്പ് ചര്‍ച്ച നടത്തുകയും, ഇതില്‍ ബാറുടമകളുടെ സംഘടനാ പ്രതിനിധി പങ്കെടുക്കുകയും ചെയ്തുവെന്ന വിവരം പുറത്തുവന്നു കഴിഞ്ഞു. ടൂറിസം വകുപ്പ് വിളിച്ചുചേര്‍ത്ത യോഗം മന്ത്രിതലത്തില്‍ അല്ലെന്നും, ചീഫ് സെക്രട്ടറിക്ക് റിപ്പോര്‍ട്ട് നല്‍കാനുള്ള യോഗമാണ് നടന്നതെന്നും മന്ത്രി റിയാസ് പറയുന്നത് കാപട്യമാണ്. ടൂറിസം വകുപ്പും ചീഫ് സെക്രട്ടറിയും സര്‍ക്കാരിന്റെ ഭാഗമല്ലെന്ന് വാദിക്കുന്നത് ആരെ പറ്റിക്കാനാണ്? ഈ രണ്ട് മന്ത്രിമാരുടെയും സമ്മതത്തോടെയാണ് മദ്യനയത്തില്‍ മാറ്റം വരുത്താന്‍ തീരുമാനിച്ചതെന്ന് ആര്‍ക്കും ഊഹിക്കാവുന്നതേയുള്ളൂ. കോടികള്‍ കയ്യില്‍ വരുന്ന കാര്യമായതിനാല്‍ മുഖ്യമന്ത്രിയുടെ അറിവും ഇതിനുണ്ടാവും എന്നുറപ്പാണ്. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് ധനമന്ത്രി കെ.എം.മാണിക്കെിരെ ബാര്‍ കോഴ അഴിമതിയാരോപണം ഉന്നയിച്ച് കേരളം സ്തംഭിപ്പിച്ചവരാണ് സിപിഎമ്മും ഇടതുമുന്നണിയും. മാണി നടത്തിയെന്നു പറയപ്പെടുന്ന അഴിമതി ഒന്നാം പിണറായി സര്‍ക്കാരിന്റെയും രണ്ടാം പിണറായി സര്‍ക്കാരിന്റെയും കാലത്ത് നടന്നുവെന്നാണ് ഇപ്പോഴത്തെ സംഭവവികാസങ്ങള്‍ തെളിയിക്കുന്നത്. യുഡിഎഫ് ഭരണകാലത്ത് നോട്ടെണ്ണല്‍ യന്ത്രം മാണിയുടെ വീട്ടിലായിരുന്നെങ്കില്‍ ഇപ്പോഴത് എ.കെ.ജി. സെന്ററിലാണെന്നു മാത്രം. മാണിയുടെ രാജി ആവശ്യപ്പെട്ട് നിയമസഭ തല്ലിപ്പൊളിച്ചവരാണ് സിപിഎം എംഎല്‍എമാര്‍. ആര്‍ജവമുണ്ടെങ്കില്‍ മന്ത്രിമാരായ എം.ബി.രാജേഷും മുഹമ്മദ് റിയാസും രാജിവയ്ക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: