ന്യൂദല്‍ഹി: ആം ആദ്മി നേതാവിനെതിരെ പ്രതികരിച്ചതിന് ശേഷം തനിക്കെതിരെ ബലാത്സംഗ, വധ ഭീഷണികള്‍ തുടര്‍ച്ചയായി ഉയരുന്നുവെന്ന് ആം ആദ്മി എംപി സ്വാതി മാലിവാള്‍. മോദീവിമര്‍ശകനായ യൂട്യൂബര്‍ ധ്രുവ് രാഥി പുറത്തുവിട്ട വീഡിയോയ്ക്ക് ശേഷമാണ് കൂടുതലായി തനിക്കെതിരെ വധ, ബലാത്സംഗ, ആക്രമണഭീഷണികള്‍ ഉയരുന്നതെന്നും സ്വാതി മാലിവാള്‍ ആരോപിച്ചു.
“ധ്രൂവ് രാഥി തനിക്കെതിരെ ഏകപക്ഷീയമായ വീഡിയോകളാണ് നല്‍കുന്നതെന്നും ഇതിന് ശേഷമാണ് വധഭീഷണികള്‍ വര്‍ധിച്ചത്”-സ്വാതി മാലിവാള്‍ വിമര്‍ശിക്കുന്നു. “ആം ആദ്മി പാര്‍ട്ടി എന്നെ സ്വഭാവഹത്യചെയ്യുകയാണ്. എനിക്കെതിരെ ജനവികാരം ഉണര്‍ത്തിവിടുകയാണ്. . യൂട്യൂബര്‍ ധ്രുവ് രാഥി എനിക്കെതിരെ ഏകപക്ഷീയമായ വീഡിയോകള്‍ ചെയ്യാന്‍ തുടങ്ങിയതോടെ എനിക്കെതിരായ ബല്താത്സംഗ ഭീഷണികളും വധ ഭീഷണികളും ആക്രമണഭീഷണികളും വര്‍ധിച്ചു.” – സ്വാതി മാലിവാള്‍ പറയുന്നു.
“സ്വതന്ത്ര മാധ്യമപ്രവര്‍ത്തകനായി കണ്ടിരുന്ന ധ്രുവ് രാഥി ആം ആദ്മിയുടെ വക്താവായാണ് പ്രവര്‍ത്തിക്കുന്നത്. മാത്രമല്ല, ഞാന്‍ ഇരയെന്ന നിലയില്‍ നേട്ടങ്ങളുണ്ടാക്കുകയാണെന്നും മറ്റും എന്നെ അപമാനിക്കുന്നതിലൂടെ എനിക്കെതിരെ കൂടുതല്‍ അസഭ്യവര്‍ഷങ്ങളും ഭീഷണികളും ഉയരുകയാണ്. ആം ആദ്മി പാര്‍ട്ടി എന്നെ ഭീഷണപ്പെടുത്തുകയാണ്. എന്നെക്കൊണ്ട് പൊലീസ് പരാതി പിന്‍വലിപ്പിക്കുകയാണ് അവരുടെ ലക്ഷ്യം. കാര്യങ്ങളുടെ സത്യാവസ്ഥ ബോധ്യപ്പെടുത്താന്‍ ധ്രുവ് രാഥിയുമായി പലകുറി ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടും അയാള്‍ എന്റെ ഫോണും സന്ദേശങ്ങളും അവഗണിക്കുകയാണ്.”- സ്വാതി മാലിവാള്‍ പറയുന്നു.
ധ്രുവ് രാഥിയുടെ വാദം
ബിഭവ് കുമാര്‍ തന്നെ ആക്രമിച്ചു എന്ന് പറയുന്ന സ്വാതി മാലിവാളാണ് യഥാര്‍ത്ഥത്തില്‍ അരവിന്ദ് കെജ്രിവാളിന്റെ ഓഫീസില്‍ ശബ്ദമുയര്‍ത്തി സംസാരിക്കുന്നതെന്നാണ് ഒരു വീഡിയോ ചൂണ്ടിക്കാണിച്ച് ധ്രുവ് രാഥി വാദിക്കുന്നത്. ബിഭവ് കുമാറിന്റെ കയ്യില്‍ നിന്നും തല്ല് കിട്ടിയ ശേഷം മുടന്തി നടക്കുന്ന സ്വാതിമാലിവാള്‍ പിന്നീട് അരവിന്ദ് കെജ്രിവാളിന്റെ വസതിയില്‍ നിന്നും പുറത്തുവന്നശേഷം യാതൊരു പ്രശ്നവുമില്ലാതെ നടക്കുന്നതായി കാണാമെന്നും ധ്രുവ് രാഥി രണ്ട് വീഡിയോകള്‍ ചൂണ്ടിക്കാട്ടി വാദിക്കുന്നു. ബിജെപിയുടെ പിണിയാളായി സ്വാതിമാലിവാള്‍ പ്രവര്‍ത്തിക്കുന്നു എന്നാണ് മോദീ വിമര്‍ശകനായ ധ്രുവ് രാഥി വാദിക്കുന്നത്.
സ്വാതി മാലിവാളിന്റെ മറുപടി
എന്നാല്‍ തനിക്കെതിരായ ധ്രുവ് രാഥിയുടെ വാദങ്ങള്‍ തെറ്റാണെന്ന് സ്വാതി മാലിവാള്‍ പറയുന്നു. സിസിടിവി വീഡിയോയുടെ ചില ഭാഗങ്ങള്‍ മാത്രമാണ് പുറത്തുവിട്ടിരിക്കുന്നതെന്നും ആക്രമണത്തില്‍ തനിക്ക് പരിക്കേറ്റതായി എംഎല്‍സി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നതായും സ്വാതി മാലിവാള്‍ വാദിക്കുന്നു.
അറസ്റ്റ് ചെയ്യപ്പെട്ട ബിഭവ് കുമാറിനെ വീണ്ടും അരവിന്ദ് കെജ്രിവാളിന്റെ വീട്ടില്‍ പ്രവേശിക്കാന്‍ അനുവദിച്ചത് തെളിവുകള്‍ നശിപ്പിക്കാനാണെന്നും മണിപ്പൂരിലേക്ക് ഒരു സുരക്ഷയുമില്ലാതെ പോയ തന്നെ എങ്ങിനെയാണ് ബിജെപിയ്ക്ക് വിലക്ക് വാങ്ങാന്‍ കഴിയുക എന്നും ധ്രുവ് രാഥിയോട് സ്വാതി മാലിവാള്‍ ചോദിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: