ജെറുസലേം: ഗാസായിലെ റഫയില്‍ നടത്തുന്ന ആക്രമണം അടിയന്തരമായി നിറുത്തിവയ്ക്കാന്‍ ഐക്യരാഷ്ട്രസഭയുടെ കീഴിലുള്ള രാജ്യാന്തര നീതിന്യായ കോടതിയുടെ ഉത്തരവ് അംഗീകരിക്കില്ലെന്ന് ഇസ്രയേല്‍. ഹമാസ് നിലപാടിനെ അംഗീകരിക്കലാവും അതെന്ന് ധനമന്ത്രി ബെസെലേല് സ്മോട്രിച്ച് പറഞ്ഞു. അതേസമയം ഉത്തരവിനെ ഹമാസ് സ്വാഗതം ചെയ്തുവെങ്കിലും ഗാസ മുഴുവന്‍ ദുരിതം അനുഭവിക്കുമ്പോള്‍ റഫയില്‍ മാത്രം ആക്രമണം നിറുത്തിയത് കൊണ്ട് കാര്യമില്ലെന്നും ചൂണ്ടിക്കാട്ടി. എങ്കിലും രാജ്യാന്തര നീതിന്യായ കോടതിയുടെ അന്വേഷണവുമായി സഹകരിക്കുമെന്നും അവര്‍ അറിയിച്ചു.
കൂട്ടക്കുരുതി നിറുത്തിവയ്ക്കണമെന്ന രാജ്യാന്തര കോടതിയുടെ മാര്‍ച്ചിലെ ഉത്തരവിനുശേഷം സ്ഥിതി കൂടുതല്‍ വഷളാവുകയാണുണ്ടായത്. മരുന്നും വെള്ളവും ഭക്ഷണവുമില്ലാത്ത അവസ്ഥയാണ് റഫയില്‍. ദക്ഷിണാഫ്രിക്ക നല്കിയ അടിയന്തര ഹര്‍ജിയിലാണ് ഇപ്പോള്‍ പുതിയ ഉത്തരവ് ഇറക്കിയത്. ഉത്തരവ് മാനിച്ച് മറ്റ് രാഷ്ട്രങ്ങള്‍ ഇസ്രയേലിനെതിരെ ഉപരോധങ്ങള്‍ കടുപ്പിക്കുമെന്നാണ് പ്രതീക്ഷ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: