ന്യൂദല്‍ഹി: പുക പരിശോധനയ്ക്കെത്തുന്ന എല്ലാ വാഹനങ്ങളും ടെസ്റ്റ് വിജയിക്കുന്ന രീതി ഇനി ഉണ്ടാവില്ല. പുക പരിശോധന പ്രഹസനമാക്കി പല രീതികളില്‍ കരിതുപ്പുന്ന വാഹനങ്ങള്‍ക്ക് വരെ വിജയ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത് തടയാന്‍ പുതിയ സോഫ്റ്റ് വെയര്‍ പുറത്തിറക്കിയിരിക്കുകയാണ് കേന്ദ്രം. പുതിയ രീതി അനുസരിച്ച് ടെസ്റ്റിന്റെ ഫലം എല്ലാം കഴിഞ്ഞ ശേഷമേ പുറത്തുവരൂ.
തട്ടിപ്പ് തടയുന്നതിന്റെ ഭാഗമായി ഇനി പുകടെസ്റ്റില് തത്സമയ റീഡിങ് പ്രദര്‍ശിപ്പിക്കില്ല. പകരം ടെസ്റ്റെല്ലാം കഴിഞ്ഞ ശേഷം മാത്രമാണ് റിസള്‍ട്ട് എന്താണെന്നറിയൂ.
ടെസ്റ്റിനിടയില്‍ ഓക്സിജന്‍ അളവ് കുറയുമ്പോള്‍ നോസില്‍ മാറ്റി ഉള്ളിലോട്ട് വായു കടത്തിവിട്ട് ഓക്സിജന്‍ കൂട്ടുന്ന രീതി ചില പുക പരിശോധന കേന്ദ്രങ്ങള്‍ നടത്തിയിരുന്നു. ഗുണനിലവാരമില്ലാത്ത വാഹനങ്ങള്‍ക്ക് പാസ് മാര്‍ക്ക് കൊടുക്കാന്‍ വേണ്ടിയാണ് ഇത്. അതിനി നടക്കില്ല. വാഹനങ്ങളുടെ ആക്സിലറേറ്റര്‍ കുറച്ചും പരിശോധനാഫലത്തില്‍ മാറ്റം വരുത്തിയിരുന്നു. പുതിയ സോഫ്റ്റ് വെയറില്‍ ഇതൊന്നും നടക്കില്ല. പാസായില്ലെങ്കില്‍ തോല്‍വി സര്‍ട്ടിഫിക്കറ്റും കിട്ടും.
അതായത് വാഹനപുക പരിശോധനയ്ക്കിടെ ഇടപെടാന്‍ കഴിയില്ല എന്ന് മാത്രമല്ല, പരാജയപ്പെട്ടാല്‍ വാഹനത്തിന്റെ കുറവ് നികത്തി വീണ്ടും ടെസ്റ്റിന് കൊണ്ടുവരേണ്ടിവരും.
കഴിഞ്ഞ ദിവസം പല രീതികളിലുള്ള വാഹനങ്ങള്‍ക്ക് ഒരേ പരിശോധനാഫലം നല്കിയ പുകപരിശോധനായന്ത്രങ്ങള്‍ വിതരണം ചെയ്ത കമ്പനിയെ സര്‍ക്കാര്‍ കരിമ്പട്ടികയില്‍ പെടുത്തിയിരുന്നു. ഈ കമ്പനി കൃത്രിമമായി ടെസ്റ്റിനെത്തുന്ന വാഹനങ്ങളെ പാസാക്കി വിടാന്‍ പാകത്തില്‍ തട്ടിപ്പ് നടത്താവുന്ന സോഫ്റ്റ് വെയര്‍ ഉപയോഗിച്ചതാണെന്നാണ് സംശയം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: