ന്യൂദല്‍ഹി: ഭാരതത്തില്‍ നിന്ന് ഒളിച്ചോടുന്ന സാമ്പത്തിക കുറ്റവാളികള്‍ക്ക് ബ്രിട്ടന് അഭയം നല്‍കുന്നതിനെ വിമര്‍ശിച്ച് വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍. നികുതി വെട്ടിപ്പുകാരുടെ സങ്കേതമായി യുകെ മാറുന്ന അവസ്ഥയിലേക്കാണ് ഈ പ്രവണത ചെന്നെത്തിക്കുക. ഇതവരുടെ കീര്‍ത്തി അപകടപ്പെടുത്തുന്നു. അതിനാല്‍ ഭാരതത്തില്‍ നിന്ന് സാമ്പത്തിക തട്ടിപ്പ് നടത്തി മുങ്ങിയവരെ കൈമാറുന്ന കാര്യത്തില്‍ ഉത്തരവാദിത്തത്തോടെ നീങ്ങണമെന്ന് ജയശങ്കര്‍ ആവശ്യപ്പെട്ടു.
ഭാരതത്തില്‍ നികുതി വെട്ടിപ്പ് നടത്തുന്നവര്‍ക്ക് അഭയ കേന്ദ്രമായിരിക്കുകയാണ് യുകെ. സാമ്പത്തിക കുറ്റവാളികള്‍ക്ക് തണലൊരുക്കാതെ അവരെ തങ്ങള്‍ക്ക് കൈമാറണമെന്ന് ഭാരതം ശക്തമായി ആവശ്യപ്പെട്ടിരുന്നു. ഇതിനുവേണ്ട നിയമനടപടികളും പല തവണ സ്വീകരിച്ചു. ഭാരതത്തില്‍ കോടികള്‍ തട്ടിപ്പ് നടത്തി മുങ്ങിയ മെഹുല്‍ ചോക്സി, നീരവ് മോദി എന്നിവരെ തിരികെയെത്തിക്കാന്‍ ബ്രിട്ടനുമേല്‍ ശക്തമായ സമ്മര്‍ദം ചെലുത്തുന്നുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.
വജ്രവ്യാപാരി മെഹുല്‍ ചോക്സിയും അനന്തരവന് നീരവ് മോദിയും പഞ്ചാബ് നാഷണല്‍ ബാങ്കുമായി ബന്ധപ്പെട്ട് 14,000 കോടി രൂപ തട്ടിപ്പ് നടത്തിയതില്‍ അന്വേഷണം നേരിടുന്നവരാണ്. ഇവര്‍ യുകെയിലേക്കാണ് രക്ഷപ്പെട്ടത്. ആന്റിഗ്വാ ആന്‍ഡ് ബര്‍ബൂഡ എന്ന ദ്വീപിലാണ് നിലവില്‍ ചോക്സിയുള്ളത്. യുകെയിലെ ജയിലില്‍ കഴിയുകയാണ് നീരവ് മോദി. ഇവരെ ഭാരതത്തിന് കൈമാറുന്നത് സംബന്ധിച്ച നിയമനടപടികള്‍ പുരോഗമിക്കുകയാണ്. ബാങ്ക് വായ്പാ തട്ടിപ്പ് നടത്തി അന്വേഷണം നേരിടുന്ന വിജയ് മല്യയും യുകെയിലാണ് അഭയം തേടിയിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: