ന്യൂദല്‍ഹി: ഇന്ത്യ 2047ല്‍ വികസിത രാജ്യമാകുമ്പോള്‍, ഇന്ത്യ എങ്ങിനെ വികസിക്കണമെന്നതിന് ആവശ്യമായ രൂപരേഖയാണ് മോദിയുടെ വികസിത് ഭാരത് അവതരിപ്പിക്കുന്നതെന്നും ചൈന വികസിക്കുന്നതുപോലെയല്ല ഇന്ത്യ വികസിക്കേണ്ടതെന്നും മോദി വിഭാവനം ചെയ്യുന്നുവെന്നും കപ്പാസിറ്റി ബിൽഡിംഗ് കമ്മീഷന്‍ ചെയര്‍മാന്‍ ആദിൽ സൈനുൽഭായ്.
“ചൈനയുടെ വികസന രീതിയില്‍ പ്രശ്നങ്ങളുണ്ട്. അതിനാലാണ് ഇന്ത്യ വികസിക്കുന്നതുപോലെയല്ല ചൈന വികസിക്കേണ്ടതെന്ന് മോദി സര്‍ക്കാര്‍ കരുതുന്നത്”. – അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.
“മിഷൻ കർമ്മയോഗി” പദ്ധതിക്കായി സർക്കാർ രൂപീകരിച്ച കമ്മീഷനായ കപ്പാസിറ്റി ബിൽഡിംഗ് കമ്മീഷന്റെ 2014 മുതൽ ചെയർമാനാണ് ആദില്‍. “ചൈന വികസിച്ചതുപോലെയല്ല ഇന്ത്യ വികസിക്കേണ്ടത്. ചൈനയ്‌ക്ക് അവരുടേതായ ശക്തിയും വ്യത്യസ്തമായ സാഹചര്യവും ഉണ്ട്. ഇന്ത്യയുടെ വികസനം ചൈനയുടേത് പോലാവില്ല.”-ആദിൽ സൈനുൽഭായ് പറയുന്നു.
“വികസിത രാജ്യം എന്ന നിലയില്‍ ഇന്ത്യ എന്താകണം എന്ന കാര്യത്തില്‍ മോദിക്ക് വ്യക്തമായ കാഴ്ചപ്പാടുണ്ട്. ഇന്ത്യയുടെ വികസനം വ്യത്യസ്തമായി ചെയ്യണമെന്നും നമ്മള്‍ ആഗ്രഹിക്കുന്നു.നമ്മള്‍ ഏത് കാര്യത്തിനും ചൈനയുമായി താരതമ്യം ചെയ്യുന്നു. എന്നാല്‍ അടുത്ത 25 വര്‍ഷത്തേക്ക് ഇന്ത്യ വികസിക്കാന്‍ പോകുന്നത് വ്യത്യസ്തമായ പാതയിലാണ്. ഇന്ത്യയുടെ കരുത്ത് ചൈനയുടേതില്‍ നിന്നും തികച്ചും വ്യത്യസ്തമാണ്.” -ആദിൽ സൈനുൽഭായ് പറഞ്ഞു.
നിക്ഷേപവും വിദേശകയറ്റുമതി ലാക്കാക്കിയുള്ള ഉല്‍പാദനവുമാണ് ചൈനയുടെ വികസനരീതിയെന്ന് ലോകബാങ്ക് പറഞ്ഞിട്ടുണ്ട്. ഈ സമീപനം അതിന്റെ ഉച്ചസ്ഥായിയില്‍ എത്തിക്കഴിഞ്ഞെന്നും ഇത് പാരിസ്ഥിതിക, സാമൂഹ്യ, സാമ്പത്തിക മേഖലകളില്‍ ചൈനയില്‍ അസന്തുലിതാവസ്ഥ സൃഷ്ടിച്ചെന്നും ആദില്‍ സൈനുല്‍ ഭായ് പറയുന്നു. അതേ സമയം മോദി വിഭാവനം ചെയ്യുന്ന വികസിത ഇന്ത്യയില്‍ എല്ലാവര്‍ക്കും വീടും എല്ലാവര്‍ക്കും ആരോഗ്യവും എല്ലാവര്‍ക്കും തൊഴിലും എല്ലാവര്‍ക്കും വിദ്യാഭ്യാസവും നല്‍കുന്നതോടൊപ്പം സ്വയം പര്യാപ്തതയുള്ള, വൃത്തിയുള്ള നഗരങ്ങളുള്ള, എല്ലാവരേയും ഉള്‍ക്കൊള്ളുന്ന, സുതാര്യമായ ഇന്ത്യയെക്കുറിച്ചും സ്വപ്നം കാണുന്നതായി ആദില്‍ സൈനുല്‍ ഭായ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: