തിരുവനന്തപുരം: വെള്ളപ്പൊക്ക കെടുതിയും പകര്‍ച്ചവ്യാധി ഭീഷണിയും നേരിടുന്നതില്‍ പരാജയമായ നഗരസഭാ ഭരണത്തിനെതിരെ ബിജെപി ജില്ലാ കമ്മറ്റി നടത്തിയ കോര്പ്പറേഷന് ഓഫീസ് മാര്‍ച്ചില്‍ പോലീസ് അതിക്രമം. പ്രവര്‍ത്തകര്‍ക്കു നേരെ മൂന്നു തവണ പോലീസ് ജല പീരങ്കി പ്രയോഗിച്ചു. നിരവധി പ്രവര്‍ത്തകര്‍ക്ക് സാരമായ പരിക്കേറ്റു. ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ.വി.വി.രാജേഷ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു.
2017ല്‍ നരേന്ദ്ര മോദി ഗവണ്മെന്റ് ഇന്ത്യയിലെ വിവിധ നഗരങ്ങള്‍ക്ക് അനുവദിച്ച അനുവദിച്ച സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍ തിരുവനന്തപുരം നഗര സഭ മാത്രമാണ് വീഴ്ച വരുത്തിയതെന്ന് വി.വി. രാജേഷ് പറഞ്ഞു. തിരുവനന്തപുരം നഗരസഭയ്ക്ക് കേന്ദസര്‍ക്കാര്‍ രാഷ്ട്രീയ വിവേചനം കാണിക്കാതെ പ്രത്യേക അനുമതി നല്‍കിയാണ് സ്മാര്‍ട്ട് സിറ്റി ഫണ്ട് അനുവദിച്ചത്. എന്നാല്‍ ഇന്നുവരെ ഒരു കലുങ്കോ പെട്ടിക്കടയോ പോലും പണി ചെയ്തിട്ടില്ലാത്തവര്‍ക്കാണ് നഗരസഭാ ഭരണസമിതി 40 ശതമാനം കമ്മീഷന് മോഹിച്ച് കരാര്‍ കൊടുത്തത്. അതിന്റെ ദുരന്തഫലമാണ് ഇന്ന് തിരുവനന്തപുരം നഗരം അനുഭവിക്കുന്നത്.
ഒരു പരിചയവും പക്വതയുമില്ലാത്ത കോളജില്‍ എസ്എഫ്ഐയുടെ യൂണിറ്റ് സെക്രട്ടറിയാകാന്‍ പോലും ശേഷിയില്ലാത്ത ഒരാളെയാണ് സിപിഎം മേയറാക്കിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പക്വതയെത്താത്ത മേയര്‍ നഗരത്തെ ഇല്ലാതാക്കുകയാണ്. രണ്ട് മണിക്കൂര്‍ മഴ പെയ്താല്‍ തിരുവനന്തപുരത്തിന്റെ കണ്ണായ സ്ഥലങ്ങള്‍ വരെ വെള്ളത്തില്‍ മുങ്ങുന്നു. കെഎസ്ആര്‍ടിസി ബസ് തടഞ്ഞ സംഭവത്തില്‍ ജാമ്യമില്ലാ വകപ്പ് പ്രകാരം പോലീസ് കേസ് എടുത്തിരിക്കുന്ന മേയര്‍ ഇന്ന് ഒരു മന്ത്രിയോടൊപ്പം പത്രസമ്മേളനം നടത്തിയിരിക്കുന്നു.
മുന്‍കൂര്‍ ജാമ്യഹര്ജിപോലും കൊടുക്കാതെ നിയമത്തെ വെല്ലുവിളിക്കുകയാണ് മേയര്‍ ചെയ്യുന്നത്. നഗരത്തിലെ തകര്‍ന്നുകിടക്കുന്ന റോഡുകള്‍ സ്കൂള്‍ തുറക്കുന്ന പശ്ചാത്തലത്തില്‍ ബിജെപി ജനപ്രതിനിധികളും നേതാക്കളും പ്രവര്‍ത്തകരും ഗതാഗത യോഗ്യമാക്കാന്‍ വേണ്ടിയുള്ള പ്രവര്ത്തനത്തിനിറങ്ങുമെന്ന് രാജേഷ് പറഞ്ഞു. തിങ്കളാഴ്ചമുതല്‍ റോഡിലെ കുഴികള്‍ മൂടാന്‍ ബിജെപി ഇറങ്ങും. ധൈര്യമുണ്ടെങ്കില്‍ തടഞ്ഞു നോക്കൂ എന്നും വി.വി രാജേഷ് പറഞ്ഞു.
ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറിമാരായ വെങ്ങാനൂര്‍ സതീഷ്, അഡ്വ. വി. ജി ഗിരികുമാര്‍, കോര്പ്പറേഷന് കൗണ്‍സില്‍ പാര്‍ട്ടി ലീഡര്‍ എം. ആര് ഗോപന്, ഡെപ്യൂട്ടി ലീഡര്‍മാരായ തിരുമല അനില്‍, കരമന അജിത്ത്, ജില്ലാ ഉപാധ്യക്ഷന്‍ പാപ്പനംകോട് സജി, കൗണ്‍സിലര്‍മാര്‍ തുടങ്ങിയവര്‍ മാര്‍ച്ചിന് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: