തോളത്തുതൂങ്ങുന്ന തിമിലയിലൂടെ അക്ഷരകാലങ്ങളെ ആസ്വാദകരിലേക്ക് ആവാഹിച്ച അനുപമപ്രതിഭ കുഴൂര്‍ നാരായണമാരാര്‍ക്ക് ജന്മശതാബ്ദി. കലാപ്രേമികളും ശിഷ്യരും ഇന്ന് മാളയ്ക്കടുത്തുള്ള കുഴൂരില് ജന്മശതാബ്ദി ആഷോഘപരിപാടികള് സംഘടിപ്പിച്ചിട്ടുണ്ട്.
ഏഴു പതിറ്റാണ്ടുകാലം വാദ്യകലാരംഗത്ത് അര്‍പ്പണബോധത്തിന്റെ ആള്‍രൂപമായി മാരാരുണ്ടായിരുന്നു. അടിസ്ഥാനതത്വങ്ങളില്നിന്നും അണുവിട വിടാതെയുള്ള കാലനിയന്ത്രണത്തിനുടമയായ മാരാര്‍ അനായാസമായ വാദനവൈഭവത്താല്‍ ആസ്വാദകമനസ്സുകളില്‍ ചിരപ്രതിഷ്ഠ നേടി. അതുകൊണ്ടുതന്നെ വാദ്യകലയില്‍ കുഴൂരിനെ എല്ലാവരും ആശാനായിട്ടാണ് കണ്ടത്. കൂടെക്കൊട്ടുന്നവര് വലിയവരെന്നോ ചെറിയവരെന്നോ വ്യത്യാസമില്ലാതെ ഉള്ളവരെ വച്ച് അരങ്ങുതകര്‍ക്കുന്ന അപൂര്‍വ്വവ്യക്തിത്വമായിരുന്നു മാരാരുടേത്. കലാരംഗത്തെ എല്ലാവരോടും മാരാര്‍ ഒരുപോലെ പെരുമാറി.
1925 മേയ് 25ന് മാണിക്യമംഗലം വടക്കിനി മാരാത്ത് കൊച്ചുപിള്ള കുറുപ്പിന്റെയും കുഴൂര്‍ നെടുപറമ്പത്ത് കുഞ്ഞിപ്പിള്ള അമ്മയുടെയും രണ്ടാമത്തെ മകനായി ജനിച്ച നാരായണമാരാര്‍ അഞ്ചാമത്തെ വയസ്സില്‍ അച്ഛന്റെ ശിക്ഷണത്തിലാണ് വാദ്യകലയുടെ ബാലപാഠങ്ങള്‍ പരിശീലിക്കുന്നത്. പ്രാഥമികവിദ്യാഭ്യാസത്തിനൊപ്പം വടക്കേടത്ത് രാമമാരാര്‍, പെരുമ്പിള്ളി കേശവമാരാര്‍, രാമമംഗലത്ത് താഴുത്തേടത്ത് രാമമാരാര്‍ എന്നിവരുടെ കീഴില്‍ പഞ്ചവാദ്യവും അച്ഛന്റെ അനന്തിരവന് മാണിക്യമംഗലം നാരായണക്കുറുപ്പിന്റെ കീഴില്‍ തായമ്പകയും അഭ്യസിച്ചു. 15-ാമത്തെ വയസ്സിലായിരുന്നു അരങ്ങേറ്റം. മൂത്തസഹോദരനായ കുട്ടപ്പമാരാരുമൊന്നിച്ച് കേരളത്തിലെ ക്ഷേത്രാങ്കണങ്ങളില്‍ ഏറെ ശ്രദ്ധേയനായി.
പഞ്ചവാദ്യത്തിലെ പ്രസിദ്ധമായ മൂന്ന് ത്രയങ്ങളായിരുന്നു അന്നമനടത്രയം, കുഴൂര്‍ ത്രയം. പല്ലാവൂര്‍ ത്രയം. ഇതില്‍ ജ്യേഷ്ഠനായ കുഴൂര്‍ കുട്ടപ്പമാരാര്‍, അനുജനായ ചന്ദ്രന് മാരാര്‍ എന്നിവര്‍ക്കൊപ്പം നാരായണമാരാരും ചേര്‍ന്നതായിരുന്നു കുഴൂര്‍ ത്രയം. അന്നമനട അച്യുതമാരാര്‍, പീതാംബരമാരാര്‍, പരമേശ്വരമാരാര്‍ എന്നിങ്ങനെയുളള അന്നമനട ത്രയം പല്ലാവൂര്‍ അപ്പുമാരാര്‍, മണിയന്‍മാരാര്‍, കുഞ്ഞുകുട്ടന്‍മാരാര്‍ എന്നിവര്‍ ചേര്‍ന്ന പല്ലാവൂര്‍ത്രയം എന്നിങ്ങനെ ത്രയത്രയങ്ങളും ജീവിതതാളം കൊട്ടിക്കയറി. തൃശ്ശൂര്‍ പൂരത്തില്‍ തിരുവമ്പാടി, പാറമേക്കാവ് വിഭാഗങ്ങള്‍ക്കുവേണ്ടി കുഴൂരാശാന്‍ പഞ്ചവാദ്യത്തില്‍ പങ്കെടുത്തിട്ടുണ്ട്. 19വയസ്സുമുതല്‍ തൃശൂര്‍പൂരത്തില്‍ കൊട്ടിത്തുടങ്ങി. നാലുദശാബ്ദക്കാലം പാറമേക്കാവ് വിഭാഗത്തില്‍ പങ്കെടുത്തു. ഇതില്‍ രണ്ടുപതിറ്റാണ്ടോളം പ്രമാണിയുമായിരുന്നു.
നിരവധി പുരസ്കാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തിയെങ്കിലും ആരാധകരുടെ അംഗീകാരമായിരുന്നു അദ്ദേഹത്തിനേറെയിഷ്ടം. രാജ്യം പദ്ഭൂഷണ്‍ നല്കി അദ്ദേഹത്തെ ആദരിച്ചു. കേരളത്തിന്റ സംഗീതനാടക അക്കാദമി അവാര്‍ഡ്, പല്ലാവൂര്‍ പുരസ്കാരം, വീരശൃംഖല, നിരവധി സുവര്‍ണമുദ്രകള്‍ എന്നിങ്ങനെ ഓരോ പുരസ്കാരങ്ങലും ആശാനെ വീണ്ടും വീണ്ടും വിനീതനാക്കുകയായിരുന്നു. കായ്ക്കുംതോറും താഴുന്ന ഫലവൃക്ഷം പോലെ അതു വളര്‍ന്നുകൊണ്ടേയിരുന്നു. വാര്‍ദ്ധക്യകാലത്തും വാദ്യോപാസനയില്‍ കുഴൂര്‍ ചെറുപ്പമാകുകയായിരുന്നു. അനുകരിക്കാനാവാത്ത അനുപമശൈലിക്കുടമയായിരുന്ന മാരാരുടെ ത്രിപുടവാദനം ഏറെ മനോഹരമായിരുന്നു. തിമിലയില്‍ സംഗീതമുണ്ടെന്ന് ആസ്വാദകര്‍ക്ക് അനുഭവപ്പെടുത്തിയ ആചാര്യനായിരുന്നു കുഴൂരാശാന്‍. തന്നോടൊത്ത് സഹപ്രവര്‍ത്തകരേയും സഹൃദയരേയും കൂട്ടിക്കൊണ്ടുപോകുന്ന അദ്ദേഹത്തിന്റെ ശൈലി എടുത്തുപറയേണ്ടതായിരുന്നു. തിമിലയില്‍ മാത്രമല്ല ചെണ്ടയിലും ഇടയ്ക്കയിലും മാരാര്‍ക്ക് വൈഭവമുണ്ടായിരുന്നു. മരിക്കുന്നതിന് ഏതാനും വര്‍ഷംമുമ്പ് മട്ടന്നൂര്‍ ശങ്കരന്കുട്ടിമാരാര്ക്കൊപ്പം തായമ്പക അവതരിപ്പിച്ചു.
പഞ്ചവാദ്യത്തിലെ കുലപതിയായി കുഴൂരാശാനെ വാദ്യലോകം അംഗീകരിച്ചതിനുപിന്നില്‍ ആശാന്റെ അര്‍പ്പണബോധമാണുള്ളത്. പഴയതും പുതിയതുമായ തലമുറ ആശാന്റെ വാദനശൈലിയില് ആകൃഷ്ടരായി. പഞ്ചവാദ്യത്തിലെ മനോധര്‍മ്മപ്രധാനമായ ത്രിപുടയില്‍ ആവര്‍ത്തനങ്ങളില്ലാതെ ആസ്വാദകരെ അനുഭൂതിയിലാഴ്ത്തിയ അനുപമപ്രയോഗങ്ങളായിരുന്നു സമ്മാനിച്ചത്. ആശാന്റെ എല്ലാ അരങ്ങുകളും പൂരപ്രേമികള്‍ക്ക് സമ്മാനിച്ചത് പൂരിപ്പിക്കാനാവാത്ത സമസ്യകളാണ്.
കുഴൂര്‍ നാരായണമാരാരുടെ ഒരുവര്‍ഷം നീളുന്ന ജന്മശതാബ്ദിയോടനുബന്ധിച്ച് ഇക്കഴിഞ്ഞ 17ന് ശതനാരായണം എന്ന പേരില്‍ തൃശൂര്‍ കൊരട്ടിയില്‍ വാദ്യ, സംഗീത, അഭിനയ മേഖലയിലെ പ്രതിഭകള്‍ക്ക് ശതനാരായണപുരസ്കാരം നല്കി ആദരിച്ചു. ഇന്ന് പദ്മഭൂഷണ്‍ കുഴൂര്‍ നാരായണമാരാര്‍ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ മാള കുഴൂരില് നടക്കുന്ന നാദനാരായണം എന്ന ശതാബ്ദിയാഘോഷത്തിലും വിപുലമായ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: