ന്യൂദല്‍ഹി: രാജ്യത്തെ തൊഴിലില്ലായ്മാ നിരക്കില്‍ കേരളം ഒന്നാമത്. കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് ആന്‍ഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ മന്ത്രാലയം പുറത്തുവിട്ട പീരിയോഡിക് ലേബര്‍ ഫോഴ്സ് സര്‍വേ റിപ്പോര്‍ട്ടിലാണിക്കാര്യം.
2024 ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള മാസങ്ങളില്‍ കേരളത്തിലെ തൊഴിലില്ലായ്മ നിരക്ക് 31.8% ആണ്. 29 വയസു വരെയുള്ളവരുടെ തൊഴിലില്ലായ്മ സംബന്ധിച്ച കണക്കാണിത്. മുന്റിപ്പോര്‍ട്ടുകളെക്കാള്‍ കൂടുതലാണിത്. 2023 ജനുവരി മുതല്‍ മാര്‍ച്ച് വരെ 28.9%, ഏപ്രില്‍-ജൂണ്‍ 29.9%, ജൂലൈ-സപ്തംബര്‍ 28.4%, ഒക്ടോബര്‍-ഡിസംബര്‍ 28.4 ശതമാനവുമായിരുന്നു സംസ്ഥാനത്തെ തൊഴിലില്ലായ്മ നിരക്ക്. യുവാക്കളെക്കാള്‍ യുവതികളാണ് സംസ്ഥാനത്ത് തൊഴില്‍രഹിതരെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. യുവാക്കളില്‍ 24.3% തൊഴില്‍ രഹിതരാണെങ്കില്‍ യുവതികളില്‍ 46.6 ശതമാനമാണിത്. എന്നാല്‍ രാജ്യവ്യാപകമായി നോക്കിയാല്‍ യുവാക്കളില്‍ ഏറ്റവും കൂടുതല്‍ തൊഴില്‍രഹിതരുള്ളത് കേരളത്തിലാണ്.
കേരളം കഴിഞ്ഞാല്‍ ഏറ്റവും ഉയര്‍ന്ന തൊഴിലില്ലായ്മ നിരക്കുള്ളത് ജമ്മുകശ്മീരിലാണ്, 28.2%. തെലങ്കാന 26.1%, രാജസ്ഥാന്‍ 24.0%, ഒഡീഷ 23.3% എന്നീ സംസ്ഥാനങ്ങളാണ് തൊട്ടുപിന്നിലുള്ളത്. ഏറ്റവും കുറവ് തൊഴിലില്ലായ്മ നിരക്ക് ദല്‍ഹിയിലാണ്, 3.1%. ഗുജറാത്തും ഹരിയാനയുമാണ് തൊട്ടുപിന്നാലെയുള്ളത്.
ഗുജറാത്തില്‍ 9.0%, ഹരിയാനയില്‍ 9.5%വുമാണ് തൊഴിലില്ലായ്മ നിരക്ക്. കേരളത്തിന്റെ അയല്‍ സംസ്ഥാനങ്ങളായ തമിഴ്നാട്ടില്‍ 15.9%, കര്‍ണാടകയില്‍ 11.5%വുമാണിത്.
24.3%മാണ് യുവാക്കളില്‍ കേരളത്തിലെ തൊഴിലില്ലായ്മ നിരക്ക്. ബിഹാര്‍ 21.2%, ഒഡീഷ 20.6%, രാജസ്ഥാന്‍ 20.6%, ചണ്ഡിഗഢ് 19.6%വുമാണ് യുവാക്കളിലെ തൊഴി ലില്ലായ്മ നിരക്ക്. യുവതികളിലും യുവാക്കളിലും ഏറ്റവും കുറവ് തൊഴിലില്ലായ്മ ദല്‍ഹിയിലും ഗുജറാത്തിലുമാണ്. ദല്‍ഹി 5.7%, ഗുജറാത്ത് 10.9%വുമാണ് യുവതികളിലെ തൊഴിലില്ലായ്മ നിരക്ക്. ദല്‍ഹി 2.5%, ഗുജറാത്ത് 8.5%വുമാണ് യുവാക്കളിലെ തൊഴിലില്ലായ്മ നിരക്ക്.
രാജ്യത്ത് ഇതേ കാലയളവില്‍ തൊഴിലില്ലായ്മ നിരക്ക് 17.0% ആണ്. മുന്‍ റിപ്പോര്‍ട്ടുകളെ അപേക്ഷിച്ച് കുറഞ്ഞ നിരക്കാണിത്. 2023 ജനുവരി മുതല്‍ മാര്‍ച്ച് വരെ 17.3%, ഏപ്രില്‍-ജൂണ്‍ 17.6%, ജൂലൈ-സപ്തംബര്‍ 17.3%, ഒക്ടോബര്‍-ഡിസംബര്‍ 16.5 ശതമാനവുമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: