കൊല്ലം: എല്ലാ ഗ്രാമീണ ഭവനങ്ങളിലും കുടിവെള്ളമെത്തിക്കുന്നതിനുള്ള ജല്‍ജീവന്‍ മിഷന്‍ പദ്ധതി നടത്തിപ്പില്‍ കേരളം പിന്നില്‍. കഴിഞ്ഞ മാര്‍ച്ച് 31ല്‍ കാലാവധി അവസാനിച്ചപ്പോള്‍ കേരളം 31-ാം സ്ഥാനത്താണ്. ഇതിനാല്‍ വലിയൊരു വിഭാഗം പദ്ധതിയില്‍ ഉള്‍പ്പെട്ടില്ല. ഒരു വര്‍ഷം കൂടി കാലാവധി നീട്ടണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്രം ഇതുവരെ അംഗീകരിച്ചിട്ടില്ല.
എന്നാല്‍, 2024 മാര്‍ച്ച് 15 ന് ശേഷം വിളിക്കുന്ന ടെന്‍ഡറുകളൊന്നും ജല്‍ജീവന്‍ മിഷനില്‍ ഉള്‍പ്പെടില്ലെന്നും പദ്ധതി കാലയളവിനുള്ളില്‍ പൂര്‍ത്തിയാക്കിയ പ്രവൃത്തികള്‍ക്കു മാത്രമേ കേന്ദ്രവിഹിതമായ 50 ശതമാനം നല്കുകയുള്ളുവെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.
44,714.79 കോടി രൂപയാണ് കേരളത്തില്‍ അടങ്കല്‍ തുകയായി വച്ചിരിക്കുന്നത്. 2024 ഏപ്രില്‍ 1 വരെ കേന്ദ്ര സര്‍ക്കാര്‍ 4635.64 കോടി നല്കി. എന്നാല്‍, സംസ്ഥാനം 4376.68 കോടി മാത്രമാണ് അനുവദിച്ചത്. ഈ സാമ്പത്തിക വര്‍ഷം കേന്ദ്രം 292 കോടി രൂപ കൂടി മുന്‍കൂര്‍ അനുവദിച്ചിട്ടും 2024-25ലെ സംസ്ഥാന ബജറ്റില്‍ 550 കോടി മാത്രമേ വകയിരുത്തിയിട്ടുള്ളു. ഇനി 35,522.3 കോടി രൂപ കൂടി ഉണ്ടെങ്കില്‍ മാത്രമേ പദ്ധതി പൂര്‍ത്തിയാക്കാനാവൂ. ഇതിന്റെ 50 ശതമാനം തുക കേന്ദ്രം നല്കും.
പദ്ധതിയുടെ കാലാവധി കുറഞ്ഞത് മൂന്നു വര്‍ഷം കൂടി ദീര്‍ഘിപ്പിക്കുകയും സംസ്ഥാന വിഹിതമായി 17,500 കോടിയെങ്കിലും കണ്ടെത്തുകയും ചെയ്താല്‍ മാത്രമേ കേരളത്തില്‍ പദ്ധതി പൂര്‍ത്തീകരിക്കാന്‍ സാധിക്കുകയുള്ളൂ. കേന്ദ്രം അനുവദിച്ച 292 കോടി മുന്‍കൂര്‍ അനുവദിച്ചിട്ടും 3000 കോടിയോളം രൂപ കരാറുകാര്‍ക്ക് കുടിശികയാണ്. രൊക്കം പണം ലഭിക്കുമെന്ന പ്രതീക്ഷയില്‍ പണികള്‍ ഏറ്റെടുത്ത കരാറുകാര്‍ പണികള്‍ ഉപേക്ഷിച്ചു തുടങ്ങി. വെട്ടിപ്പൊളിച്ച റോഡുകളില്‍ പൈപ്പുകള്‍ സ്ഥാപിച്ച് ഗതാഗതയോഗ്യമാക്കാന്‍ പോലും കരാറുകാര്‍ക്ക് കഴിയുന്നില്ല. ഓവര്‍ഹെഡ് ടാങ്കുകള്‍, ട്രീറ്റ്മെന്റ് പ്ലാന്റുകള്‍ തുടങ്ങിയവയാണ് ഇനി നിര്‍മിക്കാനുള്ള പ്രധാന പണികള്‍. അവ നിര്‍മിക്കുന്നില്ലെങ്കില്‍ ഇപ്പോള്‍ സ്ഥാപിച്ചിട്ടുള്ള പൈപ്പുകള്‍ അനാഥാവസ്ഥയിലാകും. പൈപ്പിടാന്‍ കുഴികള്‍ എടുത്ത റോഡുകള്‍ തോടുകളാകും. ജല്‍ജീവന്‍ പദ്ധതി യഥാസമയം പണം കണ്ടെത്തി പൂര്‍ത്തിയാക്കണമെന്ന് വാട്ടര്‍ അതോറിറ്റി കോണ്‍ട്രാകേ്ടഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: