കൊച്ചി: മദ്യ നയം മാറ്റാന്‍ കോടികളുടെ അഴിമതിയാണ് നടന്നിരിക്കുന്നതെന്നും ഇത് സര്‍ക്കാരിന്റെ അറിവോടെയാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു
അബ്ക്കാരി ചട്ടങ്ങളില്‍ ഭേദഗതി വരുത്താന്‍ ബാര്‍ ഉടമകളില്‍ നിന്നും കോടികള്‍ പിരിച്ചെടുക്കാനുള്ള സര്‍ക്കാര്‍ നീക്കം ബാര്‍ ഉടമകളിലൂടെ തന്നെ പുറത്തുവന്നിരിക്കുകയാണ്. സംസ്ഥാനത്തെ 801 ബാറുകളില്‍ നിന്നും 2.5 ലക്ഷം രൂപ വീതം പിരിച്ചെടുത്ത് 20 കോടി രൂപയുടെ കോഴ ഇടപാടാണ് ഇതിന് പിന്നിലുള്ളത്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നീങ്ങിയാലുടന്‍ അബ്ക്കാരി ചട്ടങ്ങളില്‍ ഭേദഗതി വരുത്തി തരാമെന്ന ഉറപ്പിലാണ് ബാര്‍ ഉടമകളില്‍ നിന്നും പണം പിരിക്കുന്നത്. ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് എക്സൈസ് മന്ത്രി രാജി വയ്ക്കണം.
കോഴ ഇടപാട് നടന്നു എന്നതിന്റെ വ്യക്തമായ തെളിവുകളാണ് പുറത്തു വന്നിരിക്കുന്നത്. തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ പുതിയ മദ്യ നയം വരുമെന്നും ഡ്രൈ ഡേ എടുത്ത് കളയുന്നത് ഉള്‍പ്പെടെയുള്ള മാറ്റങ്ങള്‍ ഉണ്ടാകുമെന്നും അതിന് വേണ്ടി കൊടുക്കേണ്ടത് കൊടുക്കണമെന്നുമാണ് ബാര്‍ ഉടമകളുടെ ഇടുക്കി ജില്ലാ പ്രസിഡന്റ് പറയുന്നത്. സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദ്ദേശ പ്രകാരമാണ് ഈ തീരുമാനം അറിയിക്കുന്നതെന്നും ശബ്ദസന്ദേശത്തിലുണ്ട്. പണപ്പിരിവ് നേരത്തെ തുടങ്ങിയെന്നും എന്നാല്‍ എല്ലാവരും തരുന്നില്ലെന്നുമുള്ള പരാതിയാണ് ജില്ലാ പ്രസിഡന്റ് പങ്കുവച്ചിരിക്കുന്നത്. കെ.എം മാണിക്കെതിരെ ഒരു കോടിയുടെ ആരോപണം ഉന്നയിച്ചവര്‍ ഇപ്പോള്‍ 801 ബാറുകളില്‍ നിന്നും 20 കോടി രൂപയാണ് പിരിച്ചെടുക്കുന്നത്.
നോട്ട് എണ്ണുന്ന യന്ത്രം ഇപ്പോള്‍ എവിടെയാണ് ഇരിക്കുന്നത്? എക്സൈസ് മന്ത്രിയുടെ അടുത്താണോ, മുഖ്യമന്ത്രിയുടെ അടുത്താണോ, അതോ എ.കെ.ജി സെന്ററിലാണോ എന്ന് മാത്രം വ്യക്തമാക്കിയാല്‍ മതിയെന്നും സതീശന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: