കാൻ ഫിലിം ഫെസ്റ്റിവലിൽ തണ്ണിമത്തൻ ക്ലച്ചുമായി പോസ് ചെയ്‌ത് വാർത്തകളിൽ നിറയുകയാണ് നടി കനി കുസൃതി. കാനിലെ മത്സരവിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഓൾ വി ഇമാജിൻ അസ് ലൈറ്റിന്റെ പ്രദർശനത്തിനെത്തിയപ്പോഴാണ് പലസ്തീനുകാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് തണ്ണിമത്തൻ ക്ലച്ചുമായി കനി എത്തിയത്.
ഗാസയിൽ ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങൾക്കിടയിൽ, പാലസ്തീനികൾക്കുള്ള ഐക്യദാർഢ്യത്തെയാണ് തണ്ണിമത്തൻ സൂചിപ്പിക്കുന്നത്. ദീർഘകാലമായി, തണ്ണിമത്തൻ പലസ്തീൻ ുടെ പോരാട്ടത്തിന്റെ പ്രതീകമായാണ് കണക്കാക്കുന്നത്.
തണ്ണിമത്തൻ പലസ്തീൻ പോരാട്ടത്തിന്റെ പ്രതീകമായി കാണുന്നതിന്റെ കാരണം വളരെ ലളിതമാണെങ്കിലും, അതിന്റെ ചരിത്രം വളരെ സങ്കീർണ്ണമാണ്. എന്താണ് ഇതിനു പിന്നിലെ ചരിത്രമെന്നു നോക്കാം.
എന്തുകൊണ്ട് തണ്ണിമത്തൻ?
മുറിച്ച തണ്ണിമത്തനിൽ പലസ്തീൻ പതാകയുടെ നിറങ്ങൾ കാണാം – ചുവപ്പ്, പച്ച, കറുപ്പ്, വെളുപ്പ്. പലസ്തീൻ പതാക വഹിക്കുന്നതും പ്രദർശിപ്പിക്കുന്നതുമെല്ലാം ഇസ്രായേൽ അധികാരികൾ വിലക്കുന്ന സാഹചര്യത്തിലാണ് പലസ്തീൻ പ്രതീകമായി തണ്ണിമത്തൻ മാറിയത്.
സോഷ്യൽ മീഡിയയിൽ, പരസ്യമായ പലസ്തീനിയൻ ചിഹ്നങ്ങളുള്ള പോസ്റ്റുകൾ യുഎസ് ആസ്ഥാനമായ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ നിയന്ത്രിക്കുന്ന അവസ്ഥയുമുണ്ടായി. അതിനാൽ, മുറിച്ച തണ്ണിമത്തൻ ഫലപ്രദമായ പ്രതിരോധമായി ഉയർത്തപ്പെടുകയായിരുന്നു.
വെസ്റ്റ് ബാങ്ക് മുതൽ ഗാസ വരെ പലസ്തീൻ പ്രദേശങ്ങളിൽ തണ്ണിമത്തൻ വ്യാപകമായി കൃഷി ചെയ്യപ്പെടുന്നു, കൂടാതെ പലസ്തീനിയൻ പാചകത്തിൽ പ്രധാനപ്പെട്ട ഒന്നു കൂടിയാണ് തണ്ണിമത്തൻ.
പ്രതിഷേധങ്ങളിൽ തണ്ണിമത്തന്റെ ഉപയോഗം;
പരസ്യമായി പറത്തുന്ന പലസ്തീൻ പതാകകൾ കീറിക്കളയാൻ ഇസ്രായേൽ ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമർ ബെൻ ഗ്വിർ, പൊലീസിന് നിർദ്ദേശം നൽകിയതായി ജനുവരിയിൽ ടൈംസ് ഓഫ് ഇസ്രായേൽ റിപ്പോർട്ട് ചെയ്തിരുന്നു. പലസ്തീൻ പതാക പാറുന്നത് ഇസ്രായേലിൽ നിയമപരമായി നിരോധിച്ചിട്ടില്ല, എന്നാൽ പതാക “സമാധാനം തകർക്കും” എന്ന് അവകാശപ്പെട്ട് പൊലീസ് അടിച്ചമർത്തൽ നടപടികൾ സ്വീകരിക്കുകയായിരുന്നു.. അറസ്റ്റുകൾ തുടർന്നപ്പോൾ, ജൂണിൽ, സാസിം എന്ന സംഘടന ടെൽ അവീവിലെ ടാക്സികളിൽ മുറിച്ച തണ്ണിമത്തന്റെ ചിത്രങ്ങൾ ചേർക്കാൻ തുടങ്ങി, അതിനോടൊപ്പമുള്ള വാചകം ഇങ്ങനെയായിരുന്നു “ഇത് പലസ്തീൻ പതാകയല്ല.”
പലസ്തീനിയൻ കലാകാരനായ ഖാലിദ് ഹൗറാനിയുടെ സർഗാത്മക സൃഷ്ടിയാണ് മുറിച്ച തണ്ണിമത്തൻ. 2007-ൽ സബ്ജക്റ്റീവ് അറ്റ്‌ലസ് ഓഫ് പലസ്തീൻ പ്രൊജക്റ്റിനായാണ് അദ്ദേഹം ഇത് വരച്ചത്. ഹൗറാനിയുടെ ഈ സർഗാത്മക സൃഷ്ടി ലോകമൊട്ടാകെ പ്രചരിക്കുകയും തണ്ണിമത്തനെ പലസ്തീൻ പോരാട്ടവുമായി ശക്തമായി ബന്ധപ്പെടുത്താൻ സഹായിക്കുകയും ചെയ്തു.
എന്നിരുന്നാലും, പ്രതിഷേധങ്ങളിൽ തണ്ണിമത്തൻ ആദ്യമായി എങ്ങനെ ഉപയോഗിച്ചു എന്നത് അവ്യക്തമാണ്. അതിന്റെ ഉത്ഭവം വ്യക്തമല്ലെങ്കിലും, തണ്ണീർമത്തൻ പലസ്തീൻ പ്രതിരോധത്തിന്റെ പ്രതീകമായി പരക്കെ അംഗീകരിക്കപ്പെട്ടിരിക്കുന്നു. ഇന്ന് കാൻ ചലച്ചിത്രമേളയിലും തണ്ണീർമത്തന്റെ രാഷ്‌ട്രീയം ഉയർന്നു കേൾക്കാൻ നടി കനി കുസൃതി കാരണമായിരിക്കുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: