ശ്രീനാരായണ ഗുരുദേവനും ഭഗവാന്‍ രമണ മഹര്‍ഷിയും1916ല്‍ തിരുവണ്ണാമലയില്‍ വച്ച് കൂടിക്കണ്ടിരുന്നു. സ്വയം തിരിച്ചറിഞ്ഞ രണ്ടു ഭവ്യാത്മാക്കളുടെ കൂടിക്കാഴ്‌ച്ച ആയിരുന്നു അത്. ഗുരുദേവന്‍ ആരെയെങ്കിലും അങ്ങോട്ടു ചെന്നു സന്ദര്‍ശിക്കുന്നത് അത്യപൂര്‍വ്വമായിരുന്നു. അങ്ങനെ ഒരു സന്ദര്‍ശനമായിരുന്നു ഇത്.
ബ്രഹ്മസാരമറിഞ്ഞ രണ്ട് അവധൂതര്‍ തമ്മിലുള്ള ഇത്തരം കൂടിക്കാഴ്‌ച്ച ചരിത്രഗതിയില്‍ അപൂര്‍വ്വമായി മാത്രം സംഭവിക്കുന്നതാണ്. ബ്രഹ്മത്തെ അറിഞ്ഞ് ബ്രഹ്മം തന്നെ ആയിമാറിയ ആ അവധൂതര്‍ക്ക് പരസ്പരമറിയാന്‍ വാക്കുകള്‍ വേണ്ടിവന്നില്ലത്രേ. മൗനംകൊണ്ടായിരുന്നു ഇരുവരുടേയും വാചാല വിനിമയം.
മഹത്തുക്കളുടെ കൂടിക്കാഴ്‌ച്ചയില്‍ അവിസ്മരണീയമായ ഈടിരിപ്പുകള്‍ എന്തെങ്കിലും ലോകത്തിനു കിട്ടും. സായാഹ്നത്തില്‍ രമണാശ്രമത്തിലെ ചെമ്പകത്തണലില്‍ ഇരുന്ന് വിശ്രമിക്കുമ്പോള്‍ ഗുരുദേവന്‍ സ്വാമി വിദ്യാനന്ദനു പറഞ്ഞുകൊടുത്ത് എഴുതിച്ച കൃതിയായ ‘നിര്‍വൃതി പഞ്ചകം’- ആണ് ഈ കൂടിക്കാഴ്‌ച്ചയുടെ ഈടിരിപ്പ്.
രമണ മഹര്‍ഷി അനുഭവിച്ചിരുന്ന ബ്രഹ്മ നിര്‍വൃതിയുടെ ആഴം മനസ്സിലാക്കി മഹര്‍ഷിക്കുള്ള ആദരവായാണ് ഗുരുദേവന്‍ ‘നിര്‍വൃതി പഞ്ചകം’ രചിച്ചത്. ഗുരുദേവന്‍ അരുണാചലം വിട്ട് പോകുന്നതിനു മുമ്പ് സ്വാമി വിദ്യാനന്ദ രമണ മഹര്‍ഷിക്ക് ഈ കാവ്യം കൈമാറി. പിന്നീട് ഗുരുദേവന്റെ ആത്മോപദേശ ശതകം വായിച്ചു കേട്ടപ്പോള്‍ രമണ മഹര്‍ഷി എഴുന്നേറ്റു നിന്ന് പെരിയോര്‍കള്‍, പെരിയോര്‍കള്‍ മഹാപുരുഷന്‍, മഹാപുരുഷന്‍) എന്നാണ് വിളിച്ചുപറഞ്ഞത്.
നിര്‍വൃതി പഞ്ചകം പേരു സൂചിപ്പിക്കും പോലെ ആത്മാനുഭൂതി നുകര്‍ന്ന മഹര്‍ഷിവര്യന്റെ പ്രശാന്താവസ്ഥയെക്കുറിച്ചുള്ള അഞ്ചു ശ്ലോകങ്ങളാണ്. ഈ ഗുരുദേവകൃതിയും അതിന്റെ സാമാന്യാര്‍ത്ഥവും ഒന്നു പരിചയപ്പെടുത്തുകയാണ് ഇവിടെ.
നിര്‍വൃതി പഞ്ചകം
കിം നാമ ദേശഃ കാ ജാതിഃ
പ്രവൃത്തിഃ കാ കിയദ് വയഃ
ഇത്യാദി വാദോപരതിര്‍
യസ്യ തസൈ്യവ നിര്‍വൃതിഃ
എന്താണു നിങ്ങളുടെ പേര്? നിങ്ങള്‍ എവിടെ നിന്ന് വരുന്നു? എന്താണ് നിങ്ങളുടെ ജാതി? നിങ്ങളുടെ തൊഴില്‍ എന്താണ്? നിങ്ങള്‍ക്ക് എത്രവയസ്സുണ്ട്? ഇത്തരം ചോദ്യങ്ങളില്‍ നിന്ന് മുക്തനായവന്‍ മാത്രം പ്രശാന്തിയെ പ്രാപിക്കുന്നു.
ആഗച്ഛ ഗച്ഛ മാ ഗച്ഛ
പ്രവിശ ക്വ നു ഗച്ഛസി
ഇത്യാദി വാദോപരതിര്‍
യസ്യ തസൈ്യവ നിര്‍വൃതിഃ
വരൂ! പോകൂ! പോകരുത്! അകത്തേയ്‌ക്ക് വരൂ! നിങ്ങള്‍ എവിടെ പോകുന്നു? അത്തരം ചര്‍ച്ചകളില്‍ നിന്ന് മുക്തനായവന്‍ മാത്രം ശാന്തത പ്രാപിക്കുന്നു.
ക്വ യാസ്യസി കദാ യാതഃ
കുത ആയാസി കോ സി വൈ
ഇത്യാദി വാദോപരതിര്‍
യസ്യ തസൈ്യവ നിര്‍വൃതിഃ
നിങ്ങള്‍ എപ്പോഴാണ് പോയത്? നീ എപ്പോള്‍ വന്നു? നിങ്ങള്‍ എവിടെ നിന്നാണ് വന്നത്? നിങ്ങള്‍ ആരാണ്? അത്തരം ചോദ്യങ്ങളില്‍ നിന്ന് മുക്തനായവന്‍ മാത്രം പ്രശാന്തിയെ പ്രാപിക്കുന്നു.
അഹം ത്വം സോ യമന്തമര്‍ഹി
ബഹിരസ്തി ന വാസ്തി വാ
ഇത്യാദി വാദോപരാതിര്‍
യസ്യ തസൈ്യവ നിര്‍വൃതിഃ
ഞാനോ നിങ്ങളോ, ആ വ്യക്തിയോ, അകത്തോ പുറത്തോ, അത്തരം ചര്‍ച്ചകളില്‍ നിന്ന് മുക്തനായവന്‍ മാത്രം ശാന്തത പ്രാപിക്കുന്നു.
ജ്ഞാതാജ്ഞാതസമഃ സ്വാന്യ-
ഭേദശൂന്യഃ കുതോ ഭിദാ
ഇത്യാദി വാദോപരതിര്‍
യസ്യ തസൈ്യവ നിര്‍വൃതിഃ
അറിയുന്നവനും അറിയപ്പെടാത്തവനും തുല്യനായിരിക്കുക, സ്വയവും മറ്റുള്ളവരും എന്ന വിവേചനമില്ലാതെ, പിന്നെ എന്തുകൊണ്ടാണ് ഈ വ്യത്യാസം? അത്തരം ചോദ്യങ്ങളില്‍ നിന്ന് മുക്തനായവന്‍ മാത്രം നിര്‍വൃതി നേടുന്നു.
-എസ്.കെ.കെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: