ചെന്നൈ: രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്(ഐപിഎല്‍) കലാശപ്പോരാട്ടത്തിനര്ഹത നേടാന്‍ രാജസ്ഥാന് റോയല്‍സ് ഇന്നിറങ്ങും. എതിരെ ഇറങ്ങുന്നത് സീസണില്‍ വമ്പന്‍ കുതിപ്പ് തുടര്‍ന്ന് വരുന്ന സണ്‍റൈസേഴ്സ് ഹൈദരാബാദ് ആണ്. വൈകീട്ട് ഏഴരയ്ക്ക് ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തിലാണ് 17-ാം സീസണ് ഐപിഎലിലെ ക്വാളിഫയര്‍ രണ്ട് മത്സരം.
ഞായറാഴ്ച്ച ചെന്നൈയില്‍ നടക്കുന്ന ഫൈനലിലേക്ക് കൊല്‍ക്കത്ത പ്ലേഓഫിലെ ആദ്യ മത്സര വിജയത്തോടെ പാസ് നേടിക്കഴിഞ്ഞു. എതിരാളികളെ കാത്തിരിക്കുകയാണ് ടീം. സീസണില്‍ ആദ്യ മത്സരങ്ങളില്‍ തുടര്‍വിജയങ്ങള്‍ കൊണ്ട് അമ്പരപ്പ് സൃഷ്ടിച്ച രാജസ്ഥാന് റോയല്‍സ് ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ തോല്ക്കാന് തുടങ്ങി. സഞ്ജു വി. സാംസണ് നയിക്കുന്ന ഈ ടീമിന്റെ തുടര്‍തോല്‍വികളുടെ തുടക്കം ഇന്നത്തെ എതിരാളികളായ സണ്‍റൈസേഴ്സിനോടായിരുന്നു എന്നതാണ് ശ്രദ്ധേയം. കഴിഞ്ഞ രണ്ടിന് ഹൈദരാബാദിന്റെ ഹോം ഗ്രൗണ്ടില്‍ നടന്ന ആവേശ മത്സരത്തില്‍ വെറും ഒരു റണ്‍സിനാണ് സഞ്ജുവും കൂട്ടരും പരാജയപ്പെട്ടത്. രാജസ്ഥാനെതിരെ ആദ്യം ബാറ്റ് ചെയ്ത സണ്‍റൈസേഴ്സ് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സെടുത്തു. അതിനെ മറികടക്കാനിറങ്ങിയ രാജസ്ഥാന് 20 ഓവറില്‍ 200 വരെ എത്തിക്കാനേ സാധിച്ചുള്ളൂ. ഇത്തവണ ഇതിന് മുമ്പ് ഇന്നത്തെ പോരാളികള്‍ ഏറ്റുമുട്ടിയ ഏക മത്സരമായിരുന്നു അത്.
ലീഗിന്റെ പ്രഥമ സീസണിലെ വിജയികളാണ് രാജസ്ഥാന് റോയല്‍സ്. 2008ലെ ആ സീസണില്‍ ഇതിഹാസ താരം ഷെയ്ന് വോണ്‍ ആണ് ടീമിന് കിരീടം നേടിക്കൊടുത്തത്. അതില്‍ പിന്നെ ഇതേവരെ കപ്പില്‍ മുത്തമിട്ടിട്ടില്ല. പിന്നീട് ടീമിന് വലിയ മുന്നേറ്റമുണ്ടാക്കാന്‍ സാധിച്ചത് സഞ്ജു സാംസണ് നായകനായ ശേഷമാണ്. താരം നായകനായുള്ള ആദ്യ മുഴുനീള സീസണില്‍ ടീമിനെ ഫൈനലിലെത്തിച്ചു. 2022ല്‍ ഫൈനലിലെത്തിയെങ്കിലും ഗുജറാത്ത് ടൈറ്റന്‍സിനോട് പരാജയപ്പെട്ടു. അതിന് ശേഷം ഇത്തവണയാണ് വമ്പന്‍ പ്രകടനവുമായി തുടങ്ങി പ്ലേ ഓഫ് വരെ എത്തിയത്. പ്ലേ ഓഫില്‍ എലിമിനേറ്റര്‍ മത്സരത്തില്‍ കരുത്താര്‍ജ്ജിച്ചു വന്ന റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ നാല് വിക്കറ്റിന് പരാജയപ്പെടുത്തി ഇന്നത്തെ ക്വാളിഫയര്‍ രണ്ടാം മത്സരത്തിന് യോഗ്യത നേടി. ഇനി ലക്ഷ്യം ഫൈനല്‍ അതിലേക്കെത്താന്‍ ശക്തമായ ഓള്‍റൗണ്ട് നിര ടീമിനൊപ്പമുണ്ട്. പക്ഷെ കഴിഞ്ഞ മത്സര ശേഷം നായകന് പറഞ്ഞ വാക്കുകളില്‍ ടീമിന്റെ ആശങ്കയും മറഞ്ഞിരിപ്പുണ്ട്. താരങ്ങള്‍ പലരും പരിക്കിലാണ്. ടീം നൂറ് ശതമാനം ഫിറ്റല്ല. എന്നാല്‍ ഇന്നത്തെ മത്സരത്തിന് ആരെയും ഒഴിവാക്കി നിര്ത്തേണ്ടിവന്നിട്ടില്ലെന്നതാണ് വലിയ ആശ്വാസം.
മറുവശത്ത് ബാറ്റുകൊണ്ടും ബോളുകൊണ്ടും സംഹാരതാണ്ഡവമാടാന്‍ സാധിക്കുന്ന ടീം ആണ് സണ്‍റൈസേഴ്സ്. നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇത്തവണ പ്ലേ ഓഫില്‍ സ്ഥാനം പിടിച്ചത്. 2020ന് ശേഷം ടീം അവസാന സ്ഥാനക്കാരായി നിലംപതിക്കുന്ന ദയനീയ കാഴ്ച്ചയാണ് കണ്ടുവന്നത്. ഇക്കുറി പക്ഷെ കഥമാറി. ലീഗിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സ്കോര്‍ കണ്ടെത്തി. അത് പിന്നെയും തിരുത്തിക്കുറിച്ചു. ബൗളിങ്ങിലാണെങ്കില്‍ ഫോം നഷ്ടപ്പെട്ട് ഭാരത ടീമില്‍ പോലും സ്ഥാനമില്ലാണ്ടായ ഭുവനേശ്വര്‍ കുമാര്‍ ടീമിന്റെ കുന്തമുനയായി മാറിയിരിക്കുന്നു. തകര്‍ക്കാന്‍ തുടങ്ങിയല്‍ പിടിച്ചാല്‍ കിട്ടാത്ത ടീം ആണ്. പക്ഷെ തകര്‍ന്നുവീണാല്‍ ചാരമായി നിലംപതിക്കും. അതാണ് സണ്‍റൈസേഴ്സിന്റെ പ്രത്യേകത. കണ്ടറിയണം ഇന്ന് രാത്രിയോടെ ഇവരില്‍ ഏത് ടീമാകും ചെപ്പോക്കില്‍ നിന്നും മറ്റന്നാള്‍ വീണ്ടും ഇവിടേക്കെത്താന്‍ തയ്യാറായി പിരിഞ്ഞുപോകുകയെന്നറിയാന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: