കോട്ടയം: മാഞ്ഞൂര്‍ സ്വദേശിനിയും കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഹൗസ് സര്‍ജനുമായിരുന്ന ഡോ. വന്ദന ദാസിനെ കൊലപ്പെടുത്തിയ കേസില്‍ അഡീഷണല്‍ സെഷന്‍സ് ജഡ്ജി പി.എന്‍ വിനോദ് 29ന് വിധി പറയും. കുറ്റപത്രത്തിന്‍ മേലുള്ള വാദവും പ്രതിഭാഗം നല്‍കിയ വിടുതല്‍ ഹര്‍ജിയിലെ വാദവും പൂര്‍ത്തിയായി. കഴിഞ്ഞവര്‍ഷം പോലീസ് അകമ്പടിയില്‍ കൊട്ടാരക്കര താലൂക്ക് ആശുപത്രില്‍ വൈദ്യപരിശോധനയ്‌ക്ക് എത്തിച്ച കുടവട്ടൂര്‍ ചെറുകരക്കോണം സ്വദേശി സന്ദീപ് സര്‍ജിക്കല്‍ കത്തി ഉപയോഗിച്ച് ഡോ. വന്ദന ദാസിനെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. ആക്രമണത്തില്‍ പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 5 പേര്‍ക്കും പരിക്കേറ്റിരുന്നു.
പ്രതി സന്ദീപിനെ കുറ്റവിമുക്തനാക്കണമെന്ന പ്രതിഭാഗം വാദം കോടതിയില്‍ പ്രോസിക്യൂഷന്‍ എതിര്‍ത്തു. പ്രതിക്ക് മാനസിക പ്രശ്‌നമില്ലെന്നും താലൂക്ക് ആശുപത്രിയിലെ ഡ്രസ്സിംഗ് റൂമില്‍ ബഹളം ഉണ്ടാക്കിയതും ആക്രമിക്കപ്പെട്ടവരുടെ മര്‍മ്മ സ്ഥാനങ്ങളില്‍ തന്നെ പലതവണ കുത്തി മുറിവേല്‍പ്പിച്ചതും പ്രതിയുടെ ക്രൂരത വെളിവാക്കുന്നുവെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. വന്ദനയെ ബലമായി പിടിച്ചിരുത്തി നെഞ്ചത്തും മുഖത്തും മറ്റും ആവര്‍ത്തിച്ചു കുത്തിപ്പരിക്കേല്‍പ്പിച്ചത് കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെയാണ്. പ്രോസിക്യൂഷനു വേണ്ടി പ്രതാപ് ജി പടിക്കലിലാണ് ഹാജരാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: