ബോക്സോഫിസിൽ കോടികളുടെ കളക്ഷൻ നേടിയ ഹിറ്റ് ചിത്രം മഞ്ഞുമ്മൽ ബോയ്സിന്റെ നിർമ്മാതാക്കൾക്ക് വക്കീൽ നോട്ടീസ് അയച്ച് സംഗീത സംവിധായകൻ ഇളയരാജ. ‘കൺമണി അൻപോട്’ എന്ന ഗാനം ചിത്രത്തിൽ ഉൾപ്പെടുത്തിയത് തന്റെ അനുമതി തേടാതെയെന്ന് കാണിച്ചാണ് വക്കീൽ നോട്ടീസ് അയച്ചത്. തമിഴിലെ ഹിറ്റ് സിനിമയായ ഗുണയിലെ ‘കൺമണി അൻപോട്’ എന്ന ഗാനത്തിന് സംഗീതം പകർന്നത് ഇളയരാജയാണ്.
പകർപ്പവകാശ ലംഘനം നടത്തിയെന്നാണ് നോട്ടീസിൽ ചൂണ്ടിക്കാട്ടിയിട്ടുള്ളത്. ഒന്നുകില്‍ അനുമതി തേടണം അല്ലെങ്കില്‍ ഗാനം ഒഴിവാക്കണം. 15 ദിവസത്തിനകം നഷ്ടപരിഹാരം നല്‍കിയില്ലെങ്കില്‍ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും നോട്ടീസിൽ വ്യക്തമാക്കിയിട്ടുണ്ട്.
ചിദംബരം സംവിധാനം ചെയ്ത ‘മഞ്ഞുമ്മൽ ബോയ്സ്’ മലയാളസിനിമയുടെ തന്നെ ചരിത്രം തിരുത്തികുറിക്കുകയായിരുന്നു. മലയാളത്തിൽ നിന്നും ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രമായി മഞ്ഞുമ്മൽ ബോയ്സ് മാറുകയായിരുന്നു. 2006 ല്‍ നടന്ന യഥാര്‍ത്ഥ സംഭവത്തെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയത്.
മഞ്ഞുമ്മലിൽ നിന്നും കൊടൈക്കനാലിലേക്ക് ടൂറുപോയ ഒരു കൂട്ടം സുഹൃത്തുക്കളുടെകഥയാണ് ചിത്രം പറഞ്ഞത്. ഗുണ ഗുഹയ്‌ക്കുള്ളില്‍ ചങ്ങാതിമാരിലൊരാൾ കുടുങ്ങിപ്പോകുന്നതും സുഹൃത്തുകൾ അവരുടെ ജീവൻ പോലും പണയപ്പെടുത്തി കൊണ്ട് കൂട്ടുകാരനെ രക്ഷിക്കുന്നതുമാണ് സിനിമയുടെ ഇതിവൃത്തം. ചിത്രത്തിൽ ‘കൺമണി അൻപോട് കാതലൻ’ എന്നു തുടങ്ങുന്ന ഗാനത്തിന് ഏറെ പ്രാധാന്യമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: