ജറുസലേം: ഇസ്രയേലുമായി സംഘർഷം തുടരുന്നതിനിടെ പലസ്തീനെ സ്വതന്ത്രരാജ്യമായി അംഗീകരിച്ച് മൂന്ന് യൂറോപ്യന്‍ രാജ്യങ്ങള്‍. സ്‌പെയ്ന്‍, അയര്‍ലന്‍ഡ്, നോര്‍വെ എന്നീ രാജ്യങ്ങളാണ് പലസ്തീന് അനുകൂലമായ നിലപാടെടുത്തത്. ഈ മാസം 28 മുതലാണ് ഈ തീരുമാനം പ്രാബല്യത്തില്‍ വരിക.
പലസ്തീന്‍-ഇസ്രയേല്‍ യുദ്ധം തുടരുന്ന പശ്ചാത്തലത്തില്‍ ഇത് പലസ്തീന് നേട്ടമാണ്. ഇത് ഇസ്രയേലിനെതിരായ നീക്കമല്ലെന്നും സമാധാനത്തിന് വേണ്ടിയുള്ള തീരുമാനമാണെന്നുമാണ് സ്‌പെയിനിന്റെ വിശദീകരണം. എന്നാല്‍ ഇതിനെതിരേ ശക്തമായ എതിര്‍പ്പ് രേഖപ്പെടുത്തിക്കൊണ്ട് ഇസ്രയേല്‍ രംഗത്തുവന്നിട്ടുണ്ട്. തീരുമാനം പുറത്തുവന്നതിന് പിന്നാലെ അയര്‍ലന്‍ഡിലെയും നോര്‍വേയിലെയും നയതന്ത്ര പ്രതിനിധികളെ ഇസ്രയേല്‍ തിരിച്ചുവിളിച്ചു.
സ്‌പെയിനിലെ നയതന്ത്ര പ്രതിനിധികളെ ഉടന്‍ തിരിച്ചുവിളിക്കുമെന്നാണ് വിവരം. അംഗീകാരമില്ലെങ്കില്‍ മിഡില്‍ഈസ്റ്റില്‍ സമാധാനമുണ്ടാകില്ല എന്ന് നോര്‍വേ പ്രധാനമന്ത്രി ജോനാസ് ഗഹര്‍ സ്റ്റോര്‍ പ്രതികരിച്ചു. നോര്‍വേയാണ് ആദ്യമായി പലസ്തീന്‍ രാജ്യത്തെ അംഗീകരിച്ചത്. ഇതിന് പിന്നാലെയായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. പലസ്തീന്‍ രാഷ്‌ട്രത്തെ അംഗീകരിക്കുന്നതിലൂടെ, അറബ് സമാധാന പദ്ധതിയെ നോര്‍വേ പിന്തുണയ്‌ക്കുന്നു. ഒരു സ്വതന്ത്ര രാജ്യമായി മാറാന്‍ പലസ്തീന് മൗലികമായി അവകാശമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ആഴ്ചകളില്‍ മിഡില്‍ഈസ്റ്റ് മേഖലയിലെ ശാശ്വത സമാധാനത്തിന് ദ്വിരാഷ്‌ട്ര പരിഹാരം അനിവാര്യമാണെന്ന് വാദിച്ച് അംഗീകാരം നല്‍കാന്‍ പദ്ധതിയിടുന്നതായി പല യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളും സൂചിപ്പിച്ചിരുന്നു. യൂറോപ്യന്‍ യൂണിയനില്‍ അംഗമല്ലെങ്കിലും നോര്‍വെയുടെ അംഗീകാരം ചലനങ്ങള്‍ സൃഷ്ടിക്കുമെന്നാണ് വിലയിരുത്തല്‍.
ഐക്യരാഷ്ടസഭയില്‍ അംഗങ്ങളായ 193 രാജ്യങ്ങളില്‍ 140 രാജ്യങ്ങള്‍ മാത്രമാണ് പലസ്തീനെ നിലവില്‍ സ്വതന്ത്രരാജ്യമായി അംഗീകരിച്ചിട്ടുള്ളത്. യുഎന്‍ രക്ഷാകൗണ്‍സില്‍ അംഗങ്ങളായ അമേരിക്കയും ബ്രിട്ടനും അടക്കമുള്ള രാജ്യങ്ങളാണ് പലസ്തീനെ സ്വതന്ത്ര രാജ്യമായി അംഗീകരിക്കാന്‍ തയാറാകാത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: