പൂനെ: പതിനേഴുകാരൻ ഉൾപ്പെട്ട പൂനെ കാർ അപകടം കൈകാര്യം ചെയ്യുന്നതിൽ പോലീസിന് അനാസ്ഥ സംഭവിച്ചിട്ടില്ലെന്ന് മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. കേസ് അന്വേഷിക്കുന്ന പോലീസുകാരിൽ ഒരു തരത്തിലുള്ള സമ്മർദ്ദവും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഞായറാഴ്ച പുലർച്ചെ പൂനെ നഗരത്തിലെ കല്യാണി നഗറിൽ മദ്യപിച്ചിട്ടുണ്ടെന്ന് പോലീസ് പറയുന്ന 17 കാരൻ ഓടിച്ച പോർഷെ കാർ രണ്ട് മോട്ടോർബൈക്കിലെ സോഫ്റ്റ്‌വെയർ എഞ്ചിനീയർമാരെ ഇടിച്ചു കൊലപ്പെടുത്തിയിരുന്നു. അപകടത്തിന് മുമ്പ് കൗമാരക്കാരന്റെ പിതാവും കൂടാതെ വിദ്യാർത്ഥിക്ക് മദ്യം നൽകിയ രണ്ട് റെസ്റ്റോറൻ്റുകളുമായി ബന്ധപ്പെട്ട നാല് പേരെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
അപകടത്തെക്കുറിച്ചുള്ള രോഷത്തിനിടയിൽ ഫഡ്‌നാവിസ് കേസ് അവലോകനം ചെയ്യുന്നതിനായി പൂനെ പോലീസ് കമ്മീഷണറേറ്റിൽ അപ്രതീക്ഷിത സന്ദർശനം നടത്തിയിരുന്നു. പിന്നീട് മാധ്യമങ്ങളോട് സംസാരിക്കുകയും ചെയ്തു. അതേ സമയം നികൃഷ്ടമായ ഒരു കുറ്റകൃത്യത്തെ ജുവനൈൽ ജസ്റ്റിസ് ബോർഡ് മൃദുവായി വീക്ഷിച്ചുവെന്ന് അദ്ദേഹം പറഞ്ഞിരുന്നു.
ജാമ്യം ലഭിച്ച പതിനേഴുകാരനെ പ്രായപൂർത്തിയായ നിലയിൽ വിചാരണ ചെയ്യാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പോലീസ് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
കല്ല്യാണിനഗറിലെ അപകടത്തില്‍ പതിനേഴുകാരനെ പോലീസ് അറസ്റ്റ് ചെയ്തെങ്കിലും 15 മണിക്കൂറിനുള്ളില്‍ ജാമ്യം അനുവദിച്ചത് വലിയ വിമര്‍ശനത്തിനിടയാക്കി. റോഡപകടങ്ങളെ സംബന്ധിച്ച് 300 വാക്കില്‍ കവിയാത്ത ഉപന്യാസം എഴുതുക, 15 ദിവസം ട്രാഫിക് പോലീസിനൊപ്പം പ്രവര്‍ത്തിക്കുക. മദ്യപിക്കുന്ന ശീലം ഉള്‍പ്പെടെ മാറ്റാനായി കൗണ്‍സലിങ്ങിന് വിധേയനാകുക തുടങ്ങിയ ഉപാധികളോടെയാണ് റിയല്‍ എസ്റ്റേറ്റ് വ്യവസായിയുടെ മകന് കോടതി ജാമ്യം നല്കിയത്.
എന്നാല്‍, ഇതിനെതിരേ വ്യാപക വിമര്‍ശനമാണുയര്‍ന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: