മുംബൈ: ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും മോശം പ്രകടനവുമായി പുറത്തായ മുംബൈ ഇന്ത്യന്‍സിന്റെ തോല്‍വിക്ക് കാരണം നായക പദവിയില്‍ വരുത്തിയ മാറ്റമാണെന്ന് മുന്‍ താരം ഹര്ഭജന് സിങ്. ഇത് ടീമിന് മോശം സീസണായിരുന്നു. എട്ട് പോയിന്റുമായി അവസാന സ്ഥാനക്കാരായാണ് ഹാര്‍ദിക് പാണ്ഡ്യയും സംഘവും സീസണ് അവസാനിപ്പിച്ചത്.
ഹാര്‍ദിക് മോശം നായകനല്ല. ഗുജറാത്തിനെ വിജയകരമായി രണ്ട് സീസണിലും നയിച്ച ക്യാപ്റ്റനാണ്. പക്ഷേ മുംബൈയിലെത്തിയപ്പോള്‍ ആ തീരുമാനം പാളി, ഹര്ഭജന് സിങ് പറയുന്നു.
പുതിയ നായകന് പിന്തുണ നല്കാന് മുതിര്‍ന്ന താരങ്ങള്‍ തയാറായില്ല. നായകന് ആരരായിരുന്നാലും ടീമിന്റെ ഒത്തൊരുമ നിലനിര്‍ത്തേണ്ടത് മുതിര്‍ന്ന താരങ്ങളുടെ ഉത്തരവാദിത്തമായിരുന്നു. അത് അവര്‍ നിര്‍വഹിച്ചില്ല. മുംബൈ ഇന്ത്യന്‍സ് വലിയൊരു ടീമാണ്. മികച്ച മാനേജ്മെന്റാണ്, ടീമിനെ നന്നായി കൊണ്ടു പോകുന്നുമുണ്ട്. പക്ഷെ ഈ തീരുമാനം തിരിച്ചടിച്ചു. അത് ടീമിന്റെ ഒരുമയെ തകര്‍ത്തു. ഈ അവസ്ഥ വേദനാജനകമാണ്, ഹര്ഭജന് പറയുന്നു.
ചിലപ്പോള്‍ ആ തീരുമാനം എടുത്ത സമയം തെറ്റായതാകാം. ഒരു വര്‍ഷം കഴിഞ്ഞായിരുന്നുവെങ്കില്‍ നന്നായേനെ. ക്യാപ്റ്റന്മാര് വരും പോകും. എന്തായാലും അവര്‍ ഒരു ടീമായിട്ടല്ല കളിച്ചത്’ എന്നാണ് ഹര്‍ഭജന്റെ അഭിപ്രായം.
ഗുജറാത്തിനെ ആദ്യ സീസണില്‍ തന്നെ ഐപിഎല്‍ ചാമ്പ്യന്മാരാക്കാനും അടുത്ത സീസണില്‍ ഫൈനലിലെത്തിക്കാനും പാണ്ഡ്യക്ക് സാധിച്ചിരുന്നു. സ്വന്തം തട്ടകമായ മുംബൈയിലേക്ക് മടങ്ങി വരുമ്പോള്‍ വലിയ സ്വീകരണമാണ് ഹാര്‍ദിക് പാണ്ഡ്യ പ്രതീക്ഷിച്ചത്. എന്നാല്‍ കൂവലും വിമര്‍ശനങ്ങളുമാണ് ഹാര്‍ദിക് പാണ്ഡ്യയെ വരവേറ്റത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: