ന്യൂദല്‍ഹി: മോദിയ്‌ക്കെതിരെ പറയത്തക്ക രോഷമില്ലെന്നും മോദിയ്‌ക്ക് ഒത്ത എതിരാളികള്‍ എങ്ങുമില്ലെന്നും തിരഞ്ഞെടുപ്പ് പ്രചാരണ വിദഗ്ധനായ പ്രശാന്ത് കിഷോര്‍. പകരം നേതാവെന്ന നിലയില്‍ രാഹുല്‍ ഗാന്ധിയ്‌ക്ക് വേണ്ടി വ്യാപകമായി എങ്ങും മുറവിളി ഉയരുന്നുമില്ലെന്നും പ്രശാന്ത് കിഷോര്‍. രാഹുല്‍ഗാന്ധിയെ വിമര്‍ശിച്ചതോടെ പ്രശാന്ത് കിഷോറിനെതിരെ സൈബര്‍ ആക്രമണം രൂക്ഷമാണ്. മോദിയുടെ മടിയിലിരിക്കുന്ന സ്തുതിപാഠകനെന്നാണ് കോണ്‍ഗ്രസുകാര്‍ പ്രശാന്ത് കിഷോറിനെ വിശേഷിപ്പിക്കുന്നത്. കോണ്‍ഗ്രസ് ക്യാമ്പുകളില്‍ നിന്നുള്ളവരാണ് സമൂഹമാധ്യമങ്ങളിലൂടെ പ്രശാന്ത് കിഷോറിനെതിരെ തെറിയഭിഷേകം നടത്തുന്നത്.
2024ല്‍ ബിജെപിയും മോദിയും വീണ്ടും മൂന്നാംവട്ടവും അധികാരത്തില്‍ വരുമെന്നും പ്രശാന്ത് കിഷോര്‍ വ്യക്തമാക്കി. 2019ലെ 303 സീറ്റുകളോ അതില്‍ കൂടുതലോ ബിജെപി നേടുമെന്നും പ്രശാന്ത് കിഷോര്‍ പറഞ്ഞു. എൻഡിടിവിയ്‌ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു പ്രശാന്ത് കിഷോര്‍ ഇക്കാര്യം വ്യക്തമാക്കിയത്.
“ജേണലിസ്റ്റുകള്‍ക്കും സൈക്കോളജിസ്റ്റുകള്‍ക്കും വിദഗ്ധര്‍ക്കും അവരവരുടെ അഭിപ്രായമുണ്ടായേക്കും. ചിലപ്പോള്‍ സുസ്ഥിരത മടുപ്പുണ്ടാക്കും. പക്ഷെ കഴിഞ്ഞ അഞ്ച് മാസമായി ഞാന്‍ കാര്യങ്ങള്‍ നിരീക്ഷിക്കുന്നതില്‍ നിന്നും മനസ്സിലാക്കിയത് മോദിയും ബിജെപിയും അധികാരത്തിലേക്ക് മടങ്ങിയെത്തുമെന്നാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിലെ (2019ലെ) സംഖ്യയോ അതിനേക്കാള്‍ മെച്ചപ്പെട്ടതോ ആയ ഫലം ബിജെപിയ്‌ക്ക് ലഭിക്കും.”- ഇലക്ഷന്‍ തന്ത്രജ്ഞനായ പ്രശാന്ത് കിഷോര്‍ പറഞ്ഞു.
“അടിസ്ഥാനകാര്യങ്ങള്‍ നമുക്ക് പരിശോധിക്കാം. ഭരിയ്‌ക്കുന്ന സര്‍ക്കാരിനോ അതിന്റെ നേതാവിനോ എതിരെ രോഷമുണ്ടെങ്കില്‍ ജനങ്ങള്‍ ചിലപ്പോള്‍ അവരെ പുറത്താക്കും. പക്ഷെ ഇക്കുറി മോദിജിയ്‌ക്കെതിരെ വ്യാപകമായ ജനരോഷം എങ്ങുമില്ല. ചിലപ്പോള്‍ ചിലയിടങ്ങളില്‍ നിരാശയുണ്ടാകാം, നിറവേറ്റാത്ത മോഹങ്ങളുണ്ടായേക്കാം. പക്ഷെ വ്യാപകമായ തോതില്‍ രോഷം എവിടെയുമില്ല.”- പ്രശാന്ത് കിഷോര്‍ പറയുന്നു.
“മറ്റൊന്ന് മോദിയെ വെല്ലുവിളിക്കുന്ന നേതാവിന് വേണ്ടിയുള്ള മുറവിളിയാണ്. ഈ രക്ഷനായ നേതാവ് വന്നാല്‍ കാര്യങ്ങള്‍ മെച്ചപ്പെടുമെന്ന തോന്നലുണ്ടാകുമ്പോഴാണ് അങ്ങിനെ സംഭവിക്കുക. രാഹുല്‍ ഗാന്ധി വന്നാല്‍ കാര്യങ്ങള്‍ മെച്ചപ്പെടുമെന്ന് എവിടെയും പറഞ്ഞുകേട്ടില്ല. അദ്ദേഹത്തെ പിന്തുണയ്‌ക്കുന്നവര്‍ അങ്ങിനെ പറയുന്നുണ്ടാകാമെങ്കിലും വ്യാപകമായി രാഹുല്‍ ഗാന്ധിക്ക് വേണ്ടി മുറവിളി ഉയരുന്നില്ല. മോദിയ്‌ക്കെതിരെ വിപുലമായ തോതില്‍ രോഷം എങ്ങും കാണുന്നുമില്ല, മോദിയ്‌ക്ക് പകരക്കരാനായി രാഹുല്‍ ഗാന്ധിക്ക് വേണ്ടിയുള്ള മുറവിളി കേള്‍ക്കുന്നുമില്ല. അതുകൊണ്ടാണ് ഞാന്‍ പറയുന്നത് വിപുലമായ തോതില്‍ തെരഞ്ഞെടുപ്പ് ഫലത്തില്‍ മാറ്റമുണ്ടാകില്ല എന്ന്. “-തെരഞ്ഞെടുപ്പ് പ്രചാരണതന്ത്രങ്ങളുടെ അവസാനവാക്കെന്ന് വിശേഷിപ്പിക്കപ്പെടുന്ന പ്രശാന്ത് കിഷോര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: