കൊച്ചി: പെരുമ്പാവൂരില്‍ നിയമവിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ അമീറുല്‍ ഇസ്ലാമിന്‌റെ വധശിക്ഷ ഹൈക്കോടതി ശരിവച്ച വാര്‍ത്തക്കിടെ, അതിനുമുമ്പ് പ്രതിസ്ഥാനത്ത് പെട്ടുപോയി കൊടിയ മര്‍ദ്ദനമേറ്റ ഒരു നിരപരാധിയുടെ കഥ വീണ്ടും ചര്‍ച്ചയാകുന്നു.
അമീറുല്‍ ഇസ്ലാം പ്രതിസ്ഥാനത്തേക്ക് വരുന്നതിനു മുന്‍പ് മറ്റൊരു അന്യസംസ്ഥാന തൊഴിലാളിയെയാണ് പോലീസ് പിടികൂടിയത്. വളരെയധികം മാധ്യമശ്രദ്ധ നേടുകയും ജനരോഷത്തിനിടയാക്കുകയും ചെയ്ത നിഷ്്ഠൂരമായ കൊലക്കേസില്‍ എത്രയും പെട്ടെന്ന് പ്രതിയെ പിടിക്കേണ്ടത് സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം അനിവാര്യമായി വന്നതോടെ സാഹചര്യ തെളിവുകള്‍ വച്ച് ഒരാളെ പോലീസ് പിടികൂടുകയായിരുന്നു. കൊടിയ മര്‍ദ്ദനം സഹിക്കാനാവാതെ ഇയാള്‍ പോലീസിനോട് കുറ്റസമ്മതം നടത്തുകയും ചെയ്തു.
ബലാല്‍സംഗത്തിനിടെ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ ശരീരത്തിലെ കടിയേറ്റ പാടുകള്‍ വിടവുള്ള പല്ലുകളുള്ള ഒരാളുടേതാണെന്ന നിഗമനത്തില്‍ ഇതിനകം പൊലീസ് എത്തിയിരുന്നു. അറസ്റ്റിലായയാളുടെ പല്ലുകള്‍ക്കും വിടവുണ്ടായിരുന്നു. ഇയാളുടെ പല്ലുകളുമായി കടിയേറ്റ പാടുകള്‍ക്കുണ്ടായ സാമ്യമാണ് ഇയാളാണു പ്രതിയെന്ന നിഗമനത്തിനു സാധൂകരണമായത്. ഒരു പ്രമുഖ ഫൊറന്‍സിക് സര്‍ജന്റെ ഉറച്ച പിന്തുണ കൂടിയായതോടെ അയാള്‍തന്നെ പ്രതിയെന്ന് പൊലീസ് ഉറപ്പിച്ചു.
പൊതുജനരോഷം ശമിപ്പിക്കാന്‍ പിടികൂടിയ പ്രതിയെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നതിന് തൊട്ടു മുന്‍പാണ് ഒരു ഉന്നത പോലീസ് ഉദ്യോഗസ്ഥന്‍ ഡി.എന്‍.എ ടെസ്റ്റിനു ശേഷം പ്രഖ്യാപനം മതിയെന്ന് നിര്‍ദേശിച്ചത്. ഡി.എന്‍.എ ടെസ്റ്റ് നടത്തിയപ്പോള്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ ശരീരത്തില്‍ നിന്ന് ലഭിച്ച ഉമിനീരിന്റെയും മറ്റു സ്രവങ്ങളുടെയും സാമ്പിളുമായി ഒരു സാമ്യവുമില്ലെന്ന് കണ്ടെത്തി. അങ്ങനെ അവസാന നിമിഷം ഇയാളെ വെറുതെ വിടുകയായിരുന്നു.
ഇതിനിടെ നടന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ ഈ കൊലപാതകം വലിയ വിവാദവും ചര്‍ച്ചയുമായിരുന്നു. തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ഭരണമാറ്റം ഉണ്ടാവുകയും പുതിയ അന്വേഷണസംഘം കേസ് ഏറ്റെടുക്കുകയും ചെയ്തു. അടുത്തകാലത്ത് പൊലീസ് നേരിട്ട ഏറ്റവും സങ്കീര്‍ണമായ ഈ കൊലപാതകകേസില്‍ എത്രയും പെട്ടെന്ന് പ്രതിയിലേക്ക് എത്തുക എന്നത് പുതിയ സര്‍ക്കാരിനെയും പോലീസിനെയും സംബന്ധിച്ച് അഭിമാനപ്രശ്‌നമായി.
മികച്ച കുറ്റാന്വേഷകരുടെ ടീം രൂപീകരിച്ചാണ് പിന്നീട് അന്വേഷണം തുടര്‍ന്നത്. ശാസ്ത്രീയ തെളിവുകളുടെ പിന്‍ബലത്തില്‍ ഫൊറന്‍സിക് സംഘം നല്‍കിയ സൂചനകള്‍ പിന്തുടര്‍ന്നാണ് അമീറുല്‍ ഇസ്ലാമിലേക്ക് പോലീസ് എത്തിച്ചേരുന്നത്. നാട്ടുകാര്‍ക്ക് തെളിവു സൂചനകള്‍ എഴുതിയിടാനായി ഇരുപത് ഇടങ്ങളില്‍ പെട്ടികള്‍ സ്ഥാപിച്ചതും ഈ അന്വേഷണത്തിന്റെ സവിശേഷതയാണ്. ഇത്തരത്തില്‍ നാട്ടുകാരില്‍ നിന്ന് ലഭിച്ച സൂചനകള്‍ അന്വേഷണത്തെ കാര്യമായി സഹായിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: